Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

അട്ടപ്പാടിയില്‍ വനവാസി മൂപ്പനെ ആശുപത്രിയില്‍ എത്തിച്ചത് തോളിലേറ്റി അഞ്ചുകിലോമീറ്റര്‍ നടന്ന്

അഗളി: അട്ടപ്പാടിയില്‍ വയോധികനായ രോഗിയെ ആശുപത്രിയിലെത്തിച്ചത്‌ അഞ്ചര കിലോമീറ്റര്‍ തോളില്‍ ചുമന്ന്‌. മുളങ്കമ്പിൽ തുണികെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മഞ്ചലില്‍ കിടത്തി തോളിലേറ്റിയാണ് 65 വയസുകാരനായ വനവാസി മൂപ്പൻ ചിണ്ടനെ ഊരുവാസികള്‍ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ചിണ്ടനെ ഊരില്‍ നിന്ന്‌ അഞ്ചര കിലോമീറ്റര്‍ ചുമന്ന്‌ ചിണ്ടക്കിയിലും തുടര്‍ന്ന്‌ ജീപ്പില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു.

കനത്ത മഴയില്‍ ഒറ്റപ്പെട്ട കുറുംബ മേഖലയിലെ ആനവായ്‌ ഊരിലുളളവര്‍‌ ചിണ്ടന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റൊന്നും ആലോചിച്ചില്ല. തോളിലേറ്റി നടക്കുകയായിരുന്നു. മുക്കാലി ജംഗ്‌ഷനില്‍നിന്നു 12 കി.മീ. അകലെയാണ്‌ ആനവായ്‌ ഊര്‌. പ്രാക്‌തന ഗോത്രവര്‍ഗ മേഖലയായ ഈ പ്രദേശത്ത്‌ ഉള്‍വനത്തിലായി 10 ഊരുകളുണ്ട്‌. പതിറ്റാണ്ടുകളായി ഗതാഗതസൗകര്യമില്ലാതിരുന്ന ഇവിടേക്ക്‌ അഹാഡ്‌സ്‌ പ്രോജക്‌ട് കാലത്ത്‌ റോഡ്‌ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടി തുടങ്ങി. തുടര്‍ന്ന്‌ കുറുംബ പാക്കേജില്‍ ഉള്‍പ്പെടുത്തി ഏഴര കിലോമീറ്റര്‍ ടൈല്‍സ്‌ പതിച്ച്‌ നിര്‍മിച്ച റോഡിലൂടെയുള്ള മഴക്കാലയാത്ര അതീവ ദുഷ്‌കരമാണ്‌.

ആനവായ്‌ ചെറുനാലിപ്പെട്ടി വരെ മുളയും മരങ്ങളും മണ്ണും വീണ്‌ യാത്ര തടസപ്പെട്ടിരിക്കുകയാണ്‌.ആർഡിഒ യോടുൾപ്പെടെ പരാതിപ്പെട്ടിട്ടും റോഡ് ഗതാഗത യോഗ്യമാക്കിയില്ല. ഇതിനാലാണ് രോഗം കലശലായ മൂപ്പനെ മുളം തണ്ടിൽ കെട്ടി കൊണ്ട് നാട്ടുകാർ കാൽനടയായി ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ പൂര്‍ണഗര്‍ഭിണിയായ യുവതിയെ സമാന രീതിയില്‍ മുളയില്‍ തുണികെട്ടി ചുമന്ന്‌ ആശുപത്രിയിലെത്തിച്ചത്‌ ഏറെ ചര്‍ച്ചയായിരുന്നു. നിലവിൽ മൂപ്പന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, റോഡിലെ ഗതാഗതം തടസ്സപ്പെട്ടത് മൂലം എട്ടോളം വനവാസി ഊരുകൾ പുറം ലോകവുമായി ബന്ധമില്ലാതിരിക്കുകയാണ്.

shortlink

Post Your Comments


Back to top button