കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ഇതേ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണ് ഇവർ. കൊലപാതകത്തിനുശേഷം പ്രതികളുമായി ഇവര്‍ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുന്നു.
അഭിമന്യു വധത്തിനുശേഷം ഈ വിദ്യാര്‍ഥിനികള്‍ ക്യാമ്പസുകളില്‍ എത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുമായി ഇവര്‍ സഹകരിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്‌ത്രീകളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡുകളാണ് ഒളിവിലുള്ളവര്‍ ഉപയോഗിക്കുന്നതെന്ന വിവരം നേരത്തെ ഉണ്ടായിരുന്നു.
മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും ആയ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന.
Post Your Comments