ഇക്കഴിഞ്ഞ ദിവസം ഏറണാകുളത്തു നിന്നും തിരുവനന്തപുരം വരെ കെ.എസ്.ആര്‍.ടി.സി വക സൂപ്പര്‍ ഫാസ്റ്റില്‍ യാത്ര ചെയ്യേണ്ടിവന്ന ദുരന്തസമയങ്ങളുടെ ഓര്‍മ്മകളിലേയ്ക്ക് പ്രിയ വായനക്കാരുമായി ഒരു പുനര്‍യാത്രയ്ക്ക് ഒരുങ്ങട്ടെ…..!
തെളിഞ്ഞ വെയിലുള്ള ഒരു നട്ടുച്ചനേരം.
എറണാകുളം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ നിന്നും തിരുവനന്തപുരം ബോര്‍ഡ് ഫിറ്റ് ചെയ്ത ഒരു പുതുപുത്തന്‍ സൂപ്പര്‍ ഫാസ്റ്റിന്റെ മധ്യഭാഗത്തുള്ള ഒരു സീറ്റിലേയ്ക്ക് നമ്മള്‍ മെല്ലെ അമരുകയായി.
കൃത്യം ഒരു മണിക്ക് ഡബിള്‍ബെല്‍ അടിച്ചതോടെ നിറഞ്ഞ സീറ്റുകളുമായി വണ്ടി സ്റ്റാന്‍ഡില്‍ നിന്നും പുറത്തേയ്ക്ക് കുലുങ്ങിയിറങ്ങി.
സമയം ഒന്ന്‍ മുപ്പത്.
മഹാനഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ പതുങ്ങിയും ഇഴഞ്ഞും വണ്ടി തോപ്പുംപടിയില്‍ വന്നുനിന്നു.
ആദ്യത്തെ സ്റ്റോപ്പ്.
പത്തുപന്ത്രണ്ട് യാത്രക്കാര്‍ കൂടി കയറിയതോടെ ബസ്സില്‍ അത്യാവശ്യം തിരക്കായി. പിന്നെ നൂല് പോലെ മെലിഞ്ഞ റോഡിലൂടെ വല്ലപാടും നിരങ്ങിനീങ്ങി നാലുവരിപ്പാതയുടെ വിശാലതയിലേയ്ക്ക് അരൂര്‍ മുതല്‍ ബസ് നീങ്ങിത്തുടങ്ങി. മണ്ണുത്തി-ചേര്‍ത്തല നാലുവരിപ്പാതയാണ് കേരളത്തില്‍ അല്‍പ്പമെങ്കിലും ശ്വാസം വിടാന്‍ പറ്റുന്ന ഇത്തിരി വിശാലമായ റോഡ്. എങ്കില്‍ക്കൂടിയും ആയിരക്കണക്കിന് ലോറികളും ബസുകളും കാറുകളും ഇരുചക്രവാഹനങ്ങളും ഒഴുകിവന്ന് റോഡ് നിറഞ്ഞു മന്ദം മന്ദം നീങ്ങുന്നു. അതിനിടയിലൂടെ ഹോണടിച്ചും വെട്ടിയൊഴിഞ്ഞും കുഴിയില്‍ ചാടിയും “സൂപ്പര്‍ ഫാസ്റ്റ്” എന്ന പേരിലുള്ള നമ്മുടെ വാഹനം നീങ്ങുമ്പോള്‍ ആ ബസ്സിന് അങ്ങനെയൊരു പേര് നല്‍കിയ അന്നത്തെ ഭരണകര്‍ത്താക്കളെയോര്‍ത്ത് ഉള്ളാലെ ചിരിച്ചു. പരമാവധി 60 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍മാത്രം അനുവാദമുള്ള ശകടത്തിനു പേര് സൂപ്പര്‍ഫാസ്റ്റ്.
നമ്മളിപ്പോള്‍ ചേര്‍ത്തലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
നാലുവരിപ്പാത എന്ന ആര്‍ഭാടം ഇവിടെ അവസാനിക്കുന്നു. ഇനി നമ്മള്‍ നീങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും അപരിഷ്കൃതവും ഇടുങ്ങിയതും ദയനീയവുമായ ദേശീയപാത എന്ന നരകവഴിയിലൂടെയാണ്. മുന്നില്‍ ഇഴഞ്ഞുനീങ്ങുന്ന ചരക്ക് ലോറികള്‍…
അവയെ ഓവര്‍ടേക്ക് ചെയ്യാനാവാതെ അസ്വസ്ഥനാവുന്ന ഡ്രൈവര്‍.
എതിരെ വാഹനങ്ങളുടെ ഘോഷയാത്ര.
നമ്മള്‍ എത്രയോ നേരമായി 30 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്..
ഹെഡ് ലൈറ്റ് കത്തിച്ചും അപായ സൈറന്‍ മുഴക്കിയും പിന്നില്‍ നിന്നും ഒരു ആംബുലന്‍സിന്റെ നിലവിളി കേട്ടു.
പത്തു മിനിറ്റ് നേരമായി അത് ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ ആടിനില്‍ക്കുന്ന ഒരു ജീവനുമായി മുന്നില്‍ കയറാന്‍ ശ്രമിക്കുകയാണ്….
പക്ഷെ എതിരെ ഒഴുകിവരുന്ന വാഹനങ്ങളുടെ പ്രളയത്തില്‍ നിസ്സഹായതയോടെ നിരങ്ങിനീങ്ങാനാണ് അതിന്‍റെ വിധി. ആ രോഗിക്ക് ഈശ്വരന്‍ ആയുസ്സ് കൊടുക്കട്ടെ.
നമ്മുടെ ബസ്സ് പെട്ടെന്ന്‍ നിന്നു.
നോക്കുമ്പോള്‍ മുന്നിലും വാഹനങ്ങള്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നു, കിലോമീറ്ററുകളോളം…!
ഇനിയൊരു അരമണിക്കൂര്‍ നമ്മള്‍ ഈ ക്യൂവിന്‍റെ അനന്തമായ കാത്തിരിപ്പില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു..
ഇത് ആലപ്പുഴ നഗരത്തിലേയ്ക്കുള്ള പ്രവേശനകവാടമാണ്.
വലത്തുവശത്തു കാണുന്ന കാടുമൂടിയ പ്രദേശത്ത്ചിതറിനീണ്ടുകിടക്കുന്ന മെറ്റല്‍ക്കൂനകള്‍ക്ക് സമീപം ആലപ്പുഴ ബൈപ്പാസ് എന്നെഴുതിയ തുരുമ്പെടുത്ത ബോര്‍ഡ് തൂങ്ങിക്കിടക്കുന്നു. കാല്‍ നൂറ്റാണ്ടിലേറെയായി നഗരത്തിലൂടെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായി പോകുവാന്‍ വിഭാവനം ചെയ്ത പാതയുടെ അവശിഷ്ടങ്ങള്‍..!
നമുക്ക് പതിയെ മുഖം തിരിയ്ക്കാം.
ഇത് കേരളമാണ്.!
ഇരുപത്തെട്ടു വര്‍ഷങ്ങളായി സഫലമാവാത്ത വെറും പതിനാറു കിലോമീറ്ററുകള്‍…!
വൃത്തിഹീനമായ തോടുകളില്‍ നിന്നുയരുന്ന ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ മൂക്ക് പൊത്തിപ്പിടിച്ച് നാം ആലപ്പുഴ പിന്നിടുമ്പോള്‍ കായംകുളത്തിനടുത്ത് തകര്‍ന്നുതരിപ്പണമായിക്കിടക്കുന്ന ഒരു കാര്‍ ദൃഷ്ടിഗോചരമായി. ഒരു കുടുംബത്തിലെ ആറു ജീവനുകള്‍ കവര്‍ന്നെടുത്ത റോഡുവക്കില്‍ ചാലിട്ടൊഴുകിയ ചോരപ്പാടുകളുടെ ഇരുണ്ട ചുവപ്പ്നിറം..!
2014 ജനുവരി മുതല്‍ ഇന്നുവരെ ഇവിടെ സംഭവിച്ചത് അറുപത് റോഡപകടങ്ങള്‍.!
അതില്‍ പൊലിഞ്ഞുപോയത് പതിനഞ്ച് ജീവനുകള്‍.!
അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും വീതി കുറവുമാണ് കാരണമെന്ന് ഓരോ അപകടം കഴിയുമ്പോഴും സ്ഥലം സന്ദര്‍ശിക്കാനെത്തുന്ന അധികാരികള്‍ കണ്ടെത്താറുണ്ട്. അടുത്ത അപകടത്തിനായി അവര്‍ കാത്തിരിക്കുകയാവാം, വീണ്ടും പുതിയ കണ്ടെത്തലുകള്‍ക്കായി….
ഇപ്പോള്‍ സമയം ആറുമണി കഴിഞ്ഞു.
വണ്ടി കൊല്ലം സ്റ്റാന്‍ഡിലേയ്ക്ക് പതിയെ നിരങ്ങി നീങ്ങുകയാണ്.
തിരുവനന്തപുരത്ത് നാം എത്തുമ്പോഴേയ്ക്കും ഏകദേശം ഒന്‍പത് മണി കഴിയുമെന്നതിനാലും നമുക്ക് വീട്ടിലെത്താന്‍ ഒട്ടേറെ തിരക്കുകള്‍ ഉള്ളതിനാലും യാത്ര ഇവിടെ അവസാനിപ്പിച്ച് വല്ല ട്രെയിനിലോ മറ്റോ പോകുന്നതാണ് ഉചിതം എന്ന് ഒട്ടൊരു സങ്കടത്തോടെ നമ്മള്‍ മനസ്സിലാക്കി ഈ യാത്ര കൊല്ലത്ത് അവസാനിപ്പിക്കുകയാണ്.
അനവധി വര്‍ഷങ്ങളായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നമ്മളെ പെരുംവിഡ്ഢികളാക്കി കാലാകാലങ്ങളില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ പൊട്ടന്‍ കളിപ്പിക്കുകയാണ്.
ഭാഗ്യവശാൽ കർക്കശക്കാരനും ദീർ ഘവീക്ഷണമുള്ളതുമായ ഒരു പൊതുമരാമത്തുമന്ത്രിയെ നമുക്ക് ലഭിച്ചിട്ടുണ്ട്.
കാത്തിരിക്കാം, പൊതുമരാമത്തിലെ അഴിമതിയിലൂടെ നമ്മുടെ നികുതിപ്പണം കുടിച്ചുവീർത്ത അട്ടകളെ അദ്ദേഹം നുള്ളിയെറിയുമോയെന്ന്..
നമ്മടെ കേരളം ഒരു സംഭവാണ്..ട്ടാ…, നമ്മളും.!!
Post Your Comments