Latest News

മനോരമയുടേത് നെറികെട്ട മാധ്യമപ്രവര്‍ത്തനം- പി.ജയരാജന്‍

കണ്ണൂര്‍•അഭിമന്യു വധം, മുഖ്യപ്രതി “സൈബര്‍ സഖാവ്” എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ മനോരമ പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വാര്‍ത്ത നല്‍കിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.ആ വാര്‍ത്ത എഴുതിയ ലേഖകന്‍ പത്രപ്രവര്‍ത്തകന്‍ തന്നെയണോന്ന് ന്യായമായും സംശയിക്കാവുന്നതാണെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സിപിഎമ്മിനെ പരിഹസിച്ച് ഇട്ട ഫേസ്ബുക്ക്‌ പോസ്റ്റ് വെച്ചുകൊണ്ടാണ് ഈ തരംതാണ പ്രചരണം. “ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ പതറാതെ പോരാടിയ ധീര സംഘപുത്രന്‍ യദിയൂരപ്പ” എന്ന് പറഞ്ഞു ബിജെപി നേതാവ് യദിയൂരപ്പയെ പരിഹസിച്ച് കൊണ്ട് ഒരു പോസ്റ്റ് കൂടെ മുഹമ്മദ് ഇട്ടിട്ടുണ്ട്.അഭിമന്യു വധക്കേസ് പ്രതി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എന്ന് ഇനി നാളെ മനോരമ വാര്‍ത്ത കൊടുക്കുമോ?മലയാള മനോരമയെ പോലെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം ഒരിക്കലും ഇത്തരം കള്ളപ്രചരണം നടത്താന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞു.

അഭിമന്യുവിന്‍റെ കൊലപാതകം കേരളത്തിലെ ജനങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയത്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ എസ്ഡിപിഐ തീവ്രവാദികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നു.പോലീസ് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നു.ഈ സാഹചര്യത്തില്‍ ഇത്തരമൊരു കള്ളവാര്‍ത്ത നല്‍കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജയരാജന്‍ പറഞ്ഞു.

കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സി.പി.എം വിരുദ്ധ പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടും ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button