അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു വെറൈറ്റി ബിരിയാണിയാണ് ഇടിയപ്പം ബിരിയാണി. ഇടിയപ്പവും ചിക്കനും കൊണ്ടാണ് ഇടിയപ്പം ബിരിയാണി തയാറാക്കുന്നത്. ഇടിയപ്പം കൊണ്ടുള്ള കിടിലന്‍ ബിരിയാണിയുണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
ചിക്കന്‍ നുറുക്കിയത് അര കിലോ
സവാള അരിഞ്ഞത് ആറെണ്ണം
തക്കാളി അരിഞ്ഞത് നാലെണ്ണം
പച്ചമുളക് അരിഞ്ഞത് 15 എണ്ണം
പുതിനയില, ഉപ്പ് ആവശ്യത്തിന്
നെയ്യ് 100 ഗ്രാം
കറുവാപ്പട്ട ഒരു ഇഞ്ച് കഷ്ണം
ഗ്രാമ്പൂ, ഏലക്കായ നാലെണ്ണം വീതം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
തൈര് ഒരു കപ്പ്
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
മുളകുപൊടി അര ടീസ്പൂണ്‍
ചെറുനാരങ്ങ ഒന്ന്
കശുവണ്ടി പത്തെണ്ണം
റോസ് എസ്സന്‍സ് രണ്ട് തുള്ളി
ഇടിയപ്പം വേവിച്ചത് 20 എണ്ണം
തേങ്ങ കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ തൈര്, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി മാരിനേറ്റ് ചെയ്യാന്‍ വെയ്ക്കുക. കുക്കറില്‍ നെയ്യ് ചൂടാക്കി, അതില്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയിട്ട് വഴറ്റുക. ശേഷം സവാളയിട്ട് ബ്രൗണ്‍നിറമാവുന്നതുവരെ 15 മിനിട്ട് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തശേഷം അതിലേക്ക് പകുതി പുതിനയില, തക്കാളി, പച്ചമുളക്, തൈര് എന്നിവ ചേര്‍ത്ത് ഗ്രേവി പരുവം ആകുന്നതുവരെ വഴറ്റുക.
ഇനി ചിക്കന്‍, മല്ലിയില, ബാക്കി പുതിനയില എന്നിവ ചേര്‍ത്തിളക്കി പത്ത് മിനിട്ട് വഴറ്റണം. തേങ്ങയും കശുവണ്ടിയും നേര്‍മയായി അരച്ച് ചിക്കന്‍ ഗ്രേവിയിലേക്ക് ചേര്‍ക്കുക. ചെറുനാരങ്ങാനീരും റോസ് എസ്സന്‍സും ചേര്‍ത്ത് തിളപ്പിക്കുക. എണ്ണ വേര്‍പെടുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി തണുപ്പിക്കുക. അഞ്ച് ഇടിയപ്പം മാറ്റിവെച്ചിട്ട് ബാക്കിയുള്ളവ കഷ്ണങ്ങളാക്കി ഗ്രേവിയിലേക്ക് ചേര്‍ക്കണം. ഗ്രേവി കൂടുതലാണെങ്കില്‍ കൂടുതല്‍ ഇടിയപ്പം അതിലേക്ക് ചേര്‍ത്തുകൊടുക്കാം. മല്ലിയില ഉപയോഗിച്ച് അലങ്കരിച്ച് സവാള റെയ്ത്തയ്‌ക്കൊപ്പം കഴിക്കാം.
Post Your Comments