തൊടുപുഴ: രണ്ട് വൃക്കകളും തകരാറിലായ മലയാളി നടിയുടെ ജീവിതം ദുരിതത്തില്‍. നിരവധി സിനിമകളിലും, ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച മലയാളി നടി ആഷ്‌ലിയാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ആഷ്‌ലിയ്ക്ക് തന്റെ അസുഖം തിരിച്ചറിയുന്നതിന് മുമ്പ് അമ്മയ്ക്ക് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗമാണെന്ന് കണ്ടെത്തുകയും അതിനുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആഷ്‌ലിയുടെ രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്.
അപൂര്‍വ രോഗം ബാധിച്ച അമ്മയുടെ ചികിത്സയ്ക്കും തന്റെ ചികിത്സയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ താരം. ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്ന കുടുംബം ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് താമസം.
സ്വന്തമായി ഒരു സെന്റു ഭൂമിയുമില്ലാത്ത ഇവര്‍ രണ്ട് പേരുടെയും ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലേ ആഷ് ലിയുടെ അമ്മക്ക് ചലന ശേഷിയും ഇല്ലാതെയാകുകയായിരുന്നു. വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോണ്‍ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്.
അഭിനയ തൊഴിലിലെ സഹപ്രവര്‍ത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ. എട്ട് ഹ്രസ്വ ചിത്രങ്ങളിലും റിലീസാകാനുളള ആറ് സിനിമകളിലുമാണ് ആഷ് ലി അഭിനയിച്ചത്. ചികിത്സയുടെ ഭാഗമായി മുടി മുറിച്ചപ്പോള്‍ അമ്മക്ക് സങ്കടം വരാതിരിക്കാനായി ആഷ് ലിയും തല മോട്ടയടിച്ചു.
അഭിനയവും നിറുത്തി. അമ്മയെ പരിചരിക്കുന്നതിനിടെ തളര്‍ച്ചയുണ്ടായപ്പോള്‍ നടത്തിയ പരിശോധനയിലാണ് സ്വന്തം വൃക്കകള്‍ രണ്ടും തകരാറിലായ വിവരം ആഷ് ലി അറിയുന്നത്.
Post Your Comments