തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന മഴയില്‍ ഇന്നലെ മാത്രം പൊലിഞ്ഞത് 15 ജീവന്‍. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴയെ തുടര്‍ന്ന് ആളുകള്‍ മരിച്ചത്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ മരണം നടന്നത്. കോട്ടയം ജില്ലയില്‍ മാത്രം ആറുപേരാണ് ഇന്നലെ ഒരു ദിവസംകൊണ്ട് മരിച്ചത്.
കൊല്ലം തേവലക്കര കൂഴം കുളങ്ങര വടക്കതില്‍(വൈഷ്ണവം) രാധാകൃഷ്ണപിള്ളയുടെയും ശ്രീലേഖയുടെയും മകന്‍ അനൂപ്(കണ്ണന്‍, 12), കരുനാഗപ്പള്ളി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേവലക്കര കോയിവിള അജിഭവനില്‍ ബെനഡിക്ട് (46)എന്നിവരാണ് മരിച്ചത്. കൂട്ടുകാരുമായി സമീപത്തെ വീട്ടില്‍ കളിക്കുന്നതിനിടെ എര്‍ത്ത് ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റാണ് അനൂപ് മരിച്ചത്. ഞായറാഴ്ച പകലുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മുകളിലേക്കു വീണ മരം മുറിക്കുന്നതിനിടെ കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ ബനഡിക്ട് ആശുപത്രിയിലാണ് മരിച്ചത്.
Also Read : കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് 956 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ ആയിറ്റിയിലെ സപ്രാസ്(14) മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണുമരിച്ചു.കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ കരിയാട് വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. കരിയാട് മുക്കാളിക്കരയിലെ വലിയത്ത് നാണി(68)യാണ് മരിച്ചത്. നടന്നു പോകുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.മലപ്പുറം ചങ്ങരംകുളത്ത് കുളിക്കാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാഞ്ഞിയൂര്‍ മരമില്ലിനുസമീപം താമസിക്കുന്ന കിഴിഞ്ഞാലില്‍ അബ്ദുള്‍ റഹിമാന്റെ മകന്‍ അദ്നാന്‍(14)ആണ് മരിച്ചത്.
എറണാകുളം കുട്ടമ്പുഴ മണികണ്ഠന്‍ ചാലില്‍ വെള്ളം കയറിയതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകി ഒരാള്‍ മരിച്ചു. വെള്ളാരംകുത്ത് ആദിവാസിക്കുടിയില്‍ താമസിക്കുന്ന പുത്തന്‍പുരയില്‍ ടോമി തോമസ്(57) ആണ് മരിച്ചത്. ആലപ്പുഴ ജില്ലയില്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ ചെങ്ങന്നൂര്‍ പടിഞ്ഞാറ്റ് ഓതറ തൈമറവുങ്കര കല്ലുവെട്ടുകുഴിയില്‍ മനോജ്കുമാര്‍(മനു, 42) വെള്ളത്തില്‍വീണ്മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കല്ലിശേരി-കുറ്റൂര്‍ റോഡില്‍ ആനയാര്‍ ചപ്പാത്തിലായിരുന്നു അപകടം.
ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റി മഞ്ഞക്കുഴിയില്‍ തേക്കിന്‍കാട്ടില്‍ സന്തോഷിന്റെ മകന്‍ വിഷ്ണു(15) മരിച്ചു. ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തിങ്കളാഴ്ച പുരയിടത്തിലെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. പത്തനംതിട്ട വരട്ടാറില്‍ വീണ് തൈമറവുകര കല്ലുവെട്ടുകുഴിയില്‍ മനോഹരന്റെ മകന്‍ മനോജ് കുമാര്‍(44) മരിച്ചു. പത്തനംതിട്ട ജില്ലയില്‍ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് തീര്‍ഥാടകനെ കാണാതായി. ആലപ്പുഴ കനാല്‍വാര്‍ഡ് സന്ധ്യാഭവന്‍ ഗോപകുമാറി(31) നെയാണ് കാണാതായത്. തിങ്കളാഴ്ച പകല്‍ മൂന്നിന് പുഴയില്‍ ബലിയിടുമ്പോള്‍ വെള്ളത്തില്‍ വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കോട്ടയം മുണ്ടക്കയം കല്ലേപ്പാലത്ത് ആറ്റില്‍ കുളിക്കാനിറങ്ങിയ അടൂര്‍ പുകയൂര്‍ സൗത്ത് പ്രവീണ്‍(21), എ വി രാഹുല്‍(22) എന്നിവരെ കാണാതായി.
കോട്ടയം ജില്ലയില്‍ നിറഞ്ഞൊഴുകുന്ന മണിമലയാറ്റില്‍ വീണ് പഴയിടം വലയില്‍പ്പടി ഷാപ്പിലെ ജീവനക്കാരന്‍ ചെറുവള്ളി ആറ്റുപുറത്ത് ശിവന്‍കുട്ടി(50), ഭരണങ്ങാനം അമ്പാറയില്‍ ഇടറോഡിലെ വെള്ളക്കെട്ടില്‍ വീണ് മാലപ്പാറയില്‍ കുന്നത്ത് കെ വി ജോസഫ്(65), കോരുത്തോട്ടില്‍ അഴുതയാറില്‍ വീണ് കുഴിമാവ് ബംഗ്ലാവുപറമ്പില്‍ ദീപു(32), നാഗമ്പടത്ത് വെള്ളക്കെട്ടില്‍ വീണ് തൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി ഷിബാജി അധികാരി(36) എന്നിവരാണ് മരിച്ചത്. ചിങ്ങവനത്തും പെരുവയിലും വെള്ളത്തില്‍ രണ്ട് അജ്ഞാത മൃതദേഹവും കണ്ടെത്തി.
Post Your Comments