Devotional

കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന്റെ കാരണമിതാണ്

കര്‍ക്കിടകം – വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്.

കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.

കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്‌നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത് എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.

കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്. രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്‌കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം .രാമന്റെ യാത്ര എന്നാണ് രാമായണത്തിനര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്.

ചിങ്ങം ഒന്നാം തിയ്യതി ആരംഭിച്ച് കര്‍ക്കടകം 30 തിയ്യതിയാണ് അവസാനിക്കുന്നത്. മീനചൂട് കഴിഞ്ഞ് വരുന്ന ഇടവപ്പാതിയിലെ കാലവര്‍ഷത്തെ എല്ലാവരും ആദരിക്കുമെങ്കിലും അതിന്റെ പ്രശ്നങ്ങള്‍ പലപ്പോഴും വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള വര്‍ഷകാലത്തിന്റെ വിഷമങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി കര്‍ക്കിടകത്തില്‍ കൃഷിക്കാര്‍ക്കും മറ്റും ജോലിക്ക് പോവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരായണം ചെയ്യുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന. ഇങ്ങനെ പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഹൈന്ദവര്‍ ഒരുങ്ങി തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button