തിരുവനന്തപുരം : കേരളാ പോലീസില്‍ വീണ്ടും വിവാദമായ ‘പച്ചവെളിച്ചം’ ഗ്രൂപ്പ്. മുപ്പതോളം എസ്.ഐമാര്‍ അംഗങ്ങളായ ഈ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ഉള്ളടക്കത്തില്‍ ദേശവിരുദ്ധതയാണ് ഉള്ളത്. അടുത്തിടെ നിയമനം ലഭിച്ച യുവ എസ്.ഐമാരാണ് ‘പച്ചവെളിച്ചം-2 ‘ ഗ്രൂപ്പിലുള്ളതെന്നാണ് സൂചന. പോലീസില്‍ പ്രവേശിച്ചയുടന്‍ തീവ്രവാദസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും ദേശവിരുദ്ധ സ്വഭാവമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതുമെല്ലാം വ്യക്‌തമായ ആസൂത്രണത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
ഈ വാട്‌സ് ആപ്പ് ഗ്രൂപ്പിലുള്ള എറണാകുളം റൂറലിലെ രണ്ട് എസ്.ഐമാരെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലൊരാളെ സ്ഥലം മാറ്റുകയും മറ്റൊരാൾ നിരീക്ഷണത്തിലുമാണ്. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്കു നല്‍കി ഇതിനു തല്‍ക്കാലം തടയിട്ടെങ്കിലും പോലീസില്‍ തീവ്രവാദികളുടെ സ്വാധീനം എത്രത്തോളം വളര്‍ന്നെന്ന് യാതാരു നിശ്‌ചയവുമില്ല.
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപ് ‘പച്ചവെളിച്ചം-2 ‘ എന്ന ഗ്രൂപ്പ് പിരിച്ചുവിട്ടത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. തീവ്രവാദ സ്വഭാവം ആരോപിക്കപ്പെതോടെ നേരത്തേ പിരിച്ചുവിട്ട ‘പച്ചവെളിച്ചം-1 ‘ ഗ്രൂപ്പിന്റെ തുടര്‍ച്ചയായാണ് പുതിയ ഗ്രൂപ്പ് രൂപപ്പെട്ടത്. ഇതിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ പോലീസ് സേനയിലെ വർഗീയ ചേരി തിരിവ് വ്യക്തമാക്കുകയും ഇതു പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കു വളരുന്നുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ ശരിവെക്കുകയാണ്.
കൂടാതെ അഭിമന്യു കൊലക്കേസ് അന്വേഷണനീക്കങ്ങള്‍ ചോരുന്നുണ്ടെന്ന വിലയിരുത്തല്‍ ശക്‌തിപ്പെടുന്നുണ്ട്. പ്രതികള്‍ തുടര്‍ച്ചയായി ഒളിയിടങ്ങള്‍ മാറ്റുന്നെന്ന വിവരമാണ് ഇതിനടിസ്‌ഥാനം. പച്ചവെളിച്ചം 1 പോലീസ് അസോസിയേഷന്റെ നേതൃത്വം കൈയടക്കുകയെന്ന ചെറിയ ലക്ഷ്യമായിരുന്നെങ്കില്‍ രണ്ടാമത്തെ പച്ചവെളിച്ചം ലക്ഷ്യമിടുന്നതു സി.പി.എമ്മിനെയാണ്. സി.പി.എം. അധികാരത്തിലിരിക്കുന്നിടത്തോളം കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുപോകില്ലെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇവര്‍ കൈമാറുന്നത്.
ഇതേക്കുറിച്ച് കാര്യമായ അന്വേഷണം നടന്നിട്ടുമില്ല. രഹസ്യാന്വേഷണ വിഭാഗത്തിലേക്കും ഇവരുടെ വേരുകള്‍ നീണ്ടിട്ടുണ്ടെങ്കില്‍ സ്‌ഥിതി അതീവ ഗുരുതരമാകും. മാധ്യമ പ്രവർത്തകരിലേക്ക് ഇവരുടെ പ്രവർത്തനം എത്തയിട്ടുണ്ടെന്നു നേരത്തെ സ്ഥിരീകരിച്ചിരുന്നു.എല്ലാ മേഖലകളിലും ഇവർ കടന്നു കൂടിയിട്ടുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments