Latest NewsArticleNerkazhchakal

ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപിയുടെ പുതിയ തന്ത്രങ്ങള്‍

അടുത്ത ലോക സഭാ തിരഞ്ഞെടുപ്പും വന്‍വിജയത്തോടെ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് നരേന്ദ്രമോഡിയും കൂട്ടരും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം സ്വാതന്ത്ര്യദിനത്തിൽ ആരംഭിക്കുമെന്നാണ് അമിത് ഷാ ഉത്തർപ്രദേശിൽ പറഞ്ഞത്. ഉത്തർപ്രദേശിൽ മാസംതോറും ഒരു റാലിയിൽ വീതം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. ഇത് സംബന്ധിച്ചുള്ള വ്യക്തത യുപിയിലെ പാർട്ടിനേതാക്കളുമായുള്ള രഹസ്യചർച്ചയിൽ ഷാ വരുത്തിക്കഴിഞ്ഞു. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളിൽ 71 എണ്ണവും ഇപ്പോൾ ബിജെപിക്കാണ്; എൻഡിഎ ഘടകകക്ഷിയായ അപ്‌നാ ദളിനു രണ്ട് എംപിമാർ വേറെയും. പ്രതിപക്ഷത്തുനിന്ന് എസ്‌പി–ബിഎസ്‌പി സഖ്യത്തെ നേരിടേണ്ടിവന്നാലും യുപിയിൽ വൻവിജയം ആവർത്തിക്കാനുള്ള നടപടികളിലാണു മോദിയും ഷായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗുജറാത്തിലും കർണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പിലെ ശരാശരി പ്രകടനവും ആറു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയവും ബിജെപിയ്ക്ക് ക്ഷീണമാണ്. അതിനില്‍ നിന്നും കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു വലിയ ദേശീയപദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ ആരോഗ്യരക്ഷാപദ്ധതി; 40 കോടി ജനങ്ങൾക്കു പരിരക്ഷ നൽകുന്നത്. നെല്ലിന്റെ താങ്ങുവില ഉയർത്തിയത്. ഭാരത് ആയുഷ്‌മാൻ സ്കീം നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവങ്ങളെ ലക്ഷ്യമിട്ടാണെങ്കിൽ, നെല്ലിന്റെ താങ്ങുവില കുത്തനെ ഉയർത്തിയതു കൃഷിമേഖലയെ ഉന്നംവച്ചാണ്. നഗരത്തിലെ പാവങ്ങൾക്കും, നഗരങ്ങളിൽപോയി പണിയെടുക്കുന്നവരെ ആശ്രയിക്കുന്ന ഗ്രാമത്തിലെ കുടുംബങ്ങൾക്കും ഗുണകരമാകുന്ന നഗര തൊഴിലുറപ്പു പദ്ധതിയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ ജൻധൻ അക്കൗണ്ടുകളിലേക്കു 3–5 വർഷത്തേക്കു പ്രതിമാസം നിശ്ചിത തുകയുടെ ആനുകൂല്യം നൽകല്‍ തുടങ്ങിയ ചില നിര്‍ദ്ദേശങ്ങള്‍ നേതാക്കന്മാര്‍ ഉയര്‍ത്തുന്നുണ്ട്. കൂടാതെ പാവങ്ങളെ ആകർഷിക്കുന്ന ക്ഷേമപദ്ധതികൾക്കൊപ്പം ആഡംബരവസ്തുക്കൾ വാങ്ങിക്കൂട്ടുന്ന ധനികർക്കു നികുതി ഉയർത്തണമെന്നും നിർദേശമുയർന്നിട്ടുണ്ട്.

വികസനവും അഴിമതിരഹിത ഭരണവുമായിരുന്നു 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി. മുന്നോട്ടു വച്ചത്. രണ്ടാം യു.പി.എ. സര്‍ക്കാരിനെതിരേ വ്യാപകമായി ഉയര്‍ന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങള്‍ ബിജെപി.ക്ക് വലിയ നേട്ടമുണ്ടാക്കി. ഇതിനൊപ്പം അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണവും. യുപി അടക്കം ബിജെപി തൂത്തുവാരിയത് ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ്. യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഹിന്ദുത്വ പ്രചരണം ഗുണം ചെയ്തു. ഈ സാഹചര്യത്തിലാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹിന്ദുത്വം ചര്‍ച്ചയാക്കുന്നത്.

എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നതില്‍ ബിജെപിയെ വിമര്‍ശിച്ച്‌ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്ത് വന്നിരുന്നു. നോട്ട് നിരോധിക്കാനുള്ള തീരുമാനം അതിവേഗത്തില്‍ കൈക്കൊള്ളാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് ബിജെപി പറയുന്നത്. ഏതു തിരഞ്ഞെടുപ്പിന് മുന്‍പ്? 2019ലെ തിരഞ്ഞെടുപ്പോ 2050ലെ തിരഞ്ഞെടുപ്പോ?- ഉദ്ധവ് താക്കറെ ചോദിച്ചു. ബിജെപിയുടെ മറ്റു നയങ്ങളായ ഏകീകൃത സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുടെ അതേ സ്ഥിതിതന്നെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളിയാഴ്ച തെലങ്കാനയിലെ പാര്‍ട്ടി നേതാക്കളുമായി ഹൈദരാബാദില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് രാമക്ഷേത്രം നിര്‍മ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി ബിജെപി ദേശീയ എക്സിക്യൂട്ടിവ് അംഗം പെരാലാ ശേഖര്‍ജി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ അമിത് ഷായുടെ തെലങ്കാന സന്ദര്‍ശനത്തില്‍ രാമക്ഷേത്രം അജന്‍ഡയായിരുന്നില്ല. ഹൈദരാബാദില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവും അമിത് ഷാ നടത്തിയിട്ടില്ല. ഇതുസംബന്ധിച്ചു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ഇങ്ങനെയൊരു കാര്യം ഇപ്പോള്‍ അജന്‍ഡയിലില്ലയെന്നു ഇതിനു മറുപടിയായി ബിജെപി. ട്വീറ്റ് ചെയ്തു.

അദ്ഭുതപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ നടത്തി അനുയായികളെയും ജനാധിപത്യ വിശ്വാസികളെയും കൈലെടുക്കാന്‍ ഒരുമാസമാണ് മോദിയ്ക്ക് മുന്നില്‍ ഉള്ളത്. ഏറ്റവും വലിയ ആ അവസരവും അനുയോജ്യമായി മോഡിയും കൂട്ടരും ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ബിജെപി അനുയായികളും.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button