Devotional

കര്‍ക്കിടക കഞ്ഞി കുടിയ്ക്കുന്നതിന്റെ പ്രാധാന്യം ഇതാണ്

ഓരോ കാലാവസ്ഥക്കനുസരിച്ചുള്ള ഭക്ഷണക്രമങ്ങള്‍ പ്രകൃതി നമുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.ആഹാരക്രമം കൃത്യമായിരുന്നാല്‍ രോഗങ്ങള്‍ ശരീരത്തെ ബാധിക്കില്ല. ഭക്ഷണകാര്യത്തില്‍ നമ്മള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കര്‍ക്കടകം. സൂര്യന്‍ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തില്‍ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേര്‍തിരിച്ചിട്ടുണ്ട്. കര്‍ക്കടകം ഒന്നുമുതല്‍ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായണത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും പ്രധാനമായും രോഗപ്രതിരോധശേഷി കുറയും ഇതിനെ തുടര്‍ന്ന് അസുഖങ്ങള്‍ പെട്ടെന്ന് പിടിപെടാനും സാധ്യതയുണ്ട്.

രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ വേണ്ടിയാണ് കര്‍ക്കടകത്തില്‍ സുഖ ചികിത്സകള്‍ ചെയ്യുന്നത്. പക്ഷെ കര്‍ക്കടകത്തില്‍ മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്നത് കര്‍ക്കടക കഞ്ഞി തന്നെയാണ്. കര്‍ക്കടക കഞ്ഞി ഉണ്ടാക്കുക എന്നത് കുറച്ചു ശ്രമം പിടിച്ച ജോലി തന്നെയാണ്. പക്ഷെ ഇന്നത്തെ ഇന്‍സ്റ്റന്റ് കാലത്ത് കര്‍ക്കടക കഞ്ഞി കിറ്റുകള്‍ ഇത്തരം ശ്രമം പിടിച്ച ജോലികളുടെ ഭാരം കുറക്കുന്നുണ്ട്. പത്തിലത്തോരനും സൂപ്പുകളും കര്‍ക്കടകത്തില്‍ ആരോഗ്യം നിലനിര്‍ത്താന്‍ വളരെ ഉത്തമമാണ്. കഷ്ടപ്പെടാന്‍ ഒരുക്കമാണെങ്കില്‍ കര്‍ക്കടക കഞ്ഞി വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കും

കര്‍ക്കടക കഞ്ഞിക്കൂട്ട്

ചെറുപയര്‍,കരിംജീരകം,നല്ലജീരകം,പെരുംജീരകം,ആശാളി,ഉലുവ,കൊത്തമല്ലി,കരിങ്കുറുഞ്ഞി,അയമോകം,കുറുന്തോട്ടി,മഞ്ഞള്‍,ശതകുപ്പ,ചുക്ക്,ഏലത്തരി,തക്കോലം,ജാതിപത്രി,കരയാമ്പൂ,തക്കോലം,നറുനീണ്ടി,ഒരില,മൂവില,അടപതിയന്‍,നിലപ്പന, വയല്‍ച്ചുള്ളി,പുത്തരിച്ചുണ്ട,ചങ്ങലവരണ്ട,തഴുതാമ,എന്നീ ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന കഷായത്തില്‍ ആണ് കഞ്ഞി ഉണ്ടാക്കുന്നത്.കഷായം അരിച്ചെടുത്ത ശേഷം അതില്‍ നവര അരി വേവിച്ചെടുത്ത് ആട്ടിന്‍പാലിലോ,പശുവിന്‍പാലിലോ തേങ്ങാപാലിലോ ചേര്‍ത്ത് കഴിക്കാം. നവര അരിക്ക് പകരം പഴയ നെല്ലിന്റെ തവിട് കളയാത്ത മട്ട പച്ചരിയും ഉപയോഗിക്കാം. രാവിലെ വെറും വയറ്റില്‍ കഞ്ഞി കഴിക്കുന്നതാണ് ഉത്തമം. വൈകിട്ടും കഞ്ഞി കഴിക്കാം.പഥ്യത്തോടൊപ്പം കൃത്യമായി ഒരുമാസം കഞ്ഞി സേവിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

കര്‍ക്കടകത്തില്‍ പഥ്യം നോക്കാം

ആയുര്‍വേദ വിധി പ്രകാരം രോഗത്തിനും മരുന്നുകള്‍ക്കും അനുസരിച്ചുള്ള ആഹാര ക്രമത്തെയാണ് പഥ്യം എന്ന് പറയുന്നത്. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കണം. മിതമായി ഭക്ഷണം കഴിക്കുന്നതാണ് എല്ലാകാലത്തും ഉത്തമം. ചവര്‍പ്പ്,കയ്പ്പ്,എരിവ് എന്നീ രസങ്ങള്‍ കുറയ്ക്കുന്നതാണ് കര്‍ക്കട മാസത്തില്‍ നല്ലത്.കൂടാതെ കഴിവതും പുറത്തുനിന്നുള്ള ആഹാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ശരീരം സൂക്ഷിക്കാന്‍ നമ്മള്‍ മലയാളികള്‍ കര്‍ക്കടക മാസത്തില്‍ വ്യഗ്രത കാണിക്കുന്നുണ്ട് പക്ഷെ ഇതേ വ്യഗ്രതയില്‍ പരിസരം കൂടി വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് രക്ഷനേടാന്‍ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button