തിരുവനന്തപുരം: അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള നാല്വര്സംഘത്തില് കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍ കൊലയാളിയുമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ ഒപ്പം കുത്തേറ്റ അര്‍ജുന്റെ മൊഴിയിലും കാമ്പസിന് പുറത്തുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കൊലയാളികള്‍ക്കും ഒളിവിലുള്ളവര്ക്കും വിവരങ്ങള്‍ എത്തിക്കുന്നതു ക്യാമ്പസ് ഫ്രണ്ട് ബന്ധമുള്ള യുവതികളാണെന്നു റിപ്പോര്‍ട്ട് ഉണ്ട്.
ഇന്റലിജന്‍സ് നിരീക്ഷണത്തിലുള്ള ഇവര്‍ ഉടന്‍ പിടിയിലാവുമെന്നാണ് സൂചന. ഇവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഈ സ്ത്രീകളുടെ പേരില്‍ത്തന്നെയാണ്. നാല്‍വര്‍സംഘം കേരളത്തില്ത്തന്നെയുണ്ടെന്നു കൊച്ചി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ഉറപ്പിക്കുന്നു. ഇതിനിടെ അഭിമന്യു വധക്കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ ദൗത്യനിര്വഹണവിഭാഗം തലവന്‍ ഇന്നലെ കൊച്ചിയിലെത്തി.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 12 ഒളിത്താവളങ്ങള്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ആരെയും വൈകാരികമായി ബാധിക്കാതിരിക്കാന്‍ റെയ്ഡ് നടപടികള്‍ ജാഗ്രതയോടെ വേണമെന്നാണ് ഉന്നതതലനിര്ദേശം. പോപ്പുലര്‍ ഫ്രണ്ടിനു കേരളത്തിനു പുറത്തും നിരവധി ഒളിസങ്കേതങ്ങളുള്ളതിനാല് ഹൈദരാബാദ്, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പോലീസിന്റെ പ്രത്യേകസംഘം തെരച്ചില്‍ തുടരുന്നു.
Post Your Comments