Kerala

ജെസ്‌നയെ കണ്ടുവെന്നുള്ള ഫോണ്‍കോളുകള്‍ക്ക് അവസാനമില്ല : ജെസ്‌നയെ അവസാനമായി കണ്ടത് മസ്‌ക്കറ്റില്‍

പത്തനംതിട്ട: ജെസ്‌ന തിരോധാനം അന്വേഷണസംഘത്തെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ജെസ്‌ന തിരോധാന കേസ് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയാത്തതും കേള്‍ക്കാത്തതുമായ കഥകളാണ് ഓരോ ദിനവും പുറത്തു വരുന്നത്. ഏറ്റവും ഒടുവിലായി ഇന്നലെ മസ്‌കറ്റില്‍ നിന്ന് അന്വേഷണ സംഘത്തലവന്‍ തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ളയ്ക്ക് ഒരു കോള്‍ വന്നു. ജെസ്‌നയെ മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ കണ്ടുവെന്നായിരുന്നു ഇന്‍ഫര്‍മേഷന്‍. ഇനി അങ്ങോട്ടു പോകണോ വേണ്ടയോ എന്നുള്ള കണ്‍ഫ്യൂഷനിലാണ്

മുണ്ടക്കയത്ത് കഴിഞ്ഞ ദിവസം സിസിടിവിയില്‍ കണ്ടത് ജെസ്‌നയാണെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതിവാര അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സിസിടിവിയില്‍ കണ്ടത് ജെസ്‌നയാണെന്ന് പറയാന്‍ കഴിയില്ല. അല്ലെന്നും ഉറപ്പില്ല.

സിസിടിവി ദൃശ്യത്തിലുള്ളത് താനാണെന്ന് പറഞ്ഞ് ഒരാളും മുന്നോട്ടു വരാത്തതു കൊണ്ട് ഇത് ജെസ്‌നയാണെന്ന് ഉറപ്പിക്കാനും കഴിയില്ലെന്നാണ് എസ്പി പറഞ്ഞത്. അതാണ് ഇന്ന് സ്ഥിരീകരിച്ചുവെന്ന പേരില്‍ പത്രങ്ങളില്‍ വന്നിട്ടുള്ളത്. പുരുഷ സുഹൃത്ത് ജെസ്‌നയുമായി 10 മിനുട്ട് സംസാരിച്ചതിന് ശേഷമാണ് അവളെ കാണാതായത് എന്ന വാര്‍ത്തയും പുതിയതല്ല. ഇക്കാര്യം കണ്ടെത്തുകയും ഇതു സംബന്ധിച്ച് യുവ സുഹൃത്തിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെ ജെസ്‌നയുടെ നാടായ വെച്ചൂച്ചിറ കൊല്ലമുളയില്‍ ഇല്ലാക്കഥകള്‍ ആവോളം പ്രചരിക്കുകയാണ്. ജെസ്‌നയുടെ വിവാഹം കഴിഞ്ഞു, ഗര്‍ഭിണിയായ ജെസ്‌ന ചികില്‍സ തേടി, മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ യൂറിനറി ഇന്‍ഫക്ഷന് ചികില്‍സ തേടി എന്നിങ്ങനെ കഥകള്‍ പരക്കുകയാണ്. ഇതില്‍ ഗര്‍ഭക്കഥയ്ക്കാണ് കൂടുതല്‍ മാര്‍ക്കറ്റുള്ളത്.

മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌നയാണെന്നുള്ള തോന്നല്‍ പൊലീസിന് ഒരു ഊര്‍ജം സമ്മാനിച്ചിരുന്നു. എന്നാല്‍ ജെസ്‌നയുടെ പിതാവ്, സഹോദരി, സഹോദരന്‍ എന്നിവര്‍ ഇത് നിഷേധിച്ചത് അന്വേഷകര്‍ക്ക് തിരിച്ചടിയായി. ഏതാനും സഹപാഠികളുടെ മൊഴിയും ജെസ്‌നയുടെ സുഹൃത്ത് ഇതേ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുമാണ് സംശയത്തിന് ഇട നല്‍കുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button