ഫിൻലാൻഡ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത് ലറ്റായ പിടി ഉഷയെന്ന പയ്യോളി എക്സ്പ്രസിന് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന്‍റെ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായെങ്കില്‍ ഇതാ, അസമില്‍ നിന്നും പതിനെട്ട് വയസ്സുള്ള പെണ്‍കൊടി ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള സ്വര്‍ണം കൊയ്തെടുത്തിരിക്കുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലില്‍ ഹിമ സ്വര്‍ണവര്‍ണമണിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ എക്കാലത്തെയും വലിയ നേട്ടമായി.
പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി 132 കോടിയുള്ള ജനതയ്ക്കുവേണ്ടി ചരിത്രംകുറിച്ച് കഴിഞ്ഞു.നെല്‍പ്പാടത്ത് നിന്നും അന്നം കണ്ടെത്താന്‍ വിഷമിച്ചിരുന്ന രോണ്‍ജിത്ത് ദാസെന്ന കര്‍ഷകനും ജോമാലിയ്ക്കും മകളെ 140 കിലോമിറ്റര്‍ അകലെയുള്ള ഗുവാഹത്തിയിലേക്ക് അയക്കുന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഹിമയുടെ കുതിപ്പിന് മുന്നില്‍ പ്രതിബന്ധങ്ങളെല്ലാം കാറ്റില്‍ പറന്നു. സംസ്ഥാന തല പോരാട്ടങ്ങളില്‍ നിന്നും അവള്‍ പറന്നുയര്‍ന്നത് ഈ രാജ്യത്തിന്‍റെ എക്കാലത്തെയും വലിയ വിജയത്തിലേക്കാണ്.
ഒരു ലോക പോരാട്ടത്തില്‍ ഇന്ത്യക്കുവേണ്ടി ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ താരം എന്ന ഇതിഹാസമാണ് അസമിലെ പെണ്‍കൊടി നേടിയെടുത്തത് .അസമിലെ നെല്‍പ്പാടത്ത് നിന്നും ലോക ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ കനകം വിളയിച്ച ഹിമ രാജ്യത്തിന് അത്ലറ്റിക്സില്‍ പുതിയ മേല്‍വിലാസമാണ് എഴുതിച്ചേര്‍ത്തത്. അസമിലെ നാഗോണിലെ നെല്‍പ്പാടത്ത് കാല്‍പന്ത് കളിച്ചു നടന്ന പെണ്‍കൊടിയായിരുന്നു ഹിമ. ആണ്‍കുട്ടികള്‍ക്കൊപ്പം വീറോടെ പൊരുതുന്ന ഹിമയുടെ പ്രകടനം അവടുത്തെ അത്ലറ്റിക്സ് പരിശീലകന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഫിന്‍ലന്‍ഡില്‍ ലോക ശക്തികള്‍ക്കുമേല്‍ വിജയം നേടുന്ന തരത്തിലേക്ക് വളര്‍ന്നത്.
അത്ലറ്റിക്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഹിമ. ജില്ലാ തല പോരാട്ടങ്ങളില്‍ ഗംഭീര വിജയം സ്വന്തമാക്കിയ ഹിമയെ ഗുവാഹത്തിയിലയച്ച് പരിശീലിപ്പിക്കാന്‍ കോച്ച് ആവശ്യപ്പെടുകയായിരുന്നു.ഫിന്‍ലന്‍ഡിലെ കലാശപോരാട്ടത്തില്‍ അവസാന നിമിഷത്തെ കുതിപ്പിലാണ് ഹിമ സ്വര്‍ണം നേടിയെടുത്തത്. 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമ സ്വര്‍ണം കരസ്ഥമാക്കിയത്.
വീഡിയോ കാണാം:
Post Your Comments