ന്യൂഡല്‍ഹി: ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ നരക ജീവിതം അനുഭവിക്കുന്നത് 650 ഇന്ത്യക്കാര്‍. ഇതില്‍ 100ല്‍ അധികം പേര് മലയാളികളാണ്. വിസ പുതുക്കി നല്‍കാത്തതടക്കം കൊടിയ തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയായവരാണിവര്. ഇവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി ലഭിച്ചു.
READ ALSO: ഖത്തറിലെ ജൂലായ് മാസത്തെ ഇന്ധന വില അറിയാം
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കെഎച്ച് എന്ന കമ്പനിയില്‍ എട്ടുവര്‍ഷമായി ജോലിയില്‍ തുടരുന്ന 650 ഇന്ത്യക്കാരായ തൊഴിലാളികളാണു ദുരിതത്തിലായത്. ഇവരില്‍ കൂടുതലും ബിഹാര്‍, കേരളം തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികള്‍ മാത്രം നൂറില്‍ അധികം പേരുണ്ട്.
തൊഴിലാളികളുടെ ദുരിതം ചൂണ്ടികാണിച്ച് ലോക് ജനശക്തി പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാ ജോര്‍ജ് ആണ് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, രാംവിലാസ് പാസ്വാന് എന്നിവര്‍ക്കും പരാതി നല്കി.
നാലുമാസമായി ഇവര്‍ക്ക് ശമ്പളം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവുംപോലും ആവശ്യത്തിന് ലഭിക്കുന്നില്ല. വിസ പുതുക്കാത്തതിനാലും പാസ്പോര്‍ട്ട് സ്പോണ്‍സര്‍മാര്‍ നല്‍കാത്തതിനാലും പുറംലോകവുമായുള്ള ബന്ധവും ഇവര്‍ക്ക് നഷ്ടമായി.
Post Your Comments