ബാങ്കോക്: തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമംഗങ്ങളായ കുട്ടികളെയും പരിശീലകനേയും സുരക്ഷിതരായി പുറത്തെത്തിച്ചതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ലോകം. ലോകം ഏറെ ഉറ്റുനോക്കിയ ആകാംക്ഷയുടെയും ഭീതിയുടെയും 18 ദിവസങ്ങള്‍ക്കു ശേഷം തായ് ഗുഹയില്‍ നിന്ന് 12 കുട്ടികളെയും കോച്ചിനെയും സാഹസികമായി രക്ഷപ്പെടുത്തിയ കഥ വെള്ളിത്തിരയിലെത്തുകയാണ്. ഹോളിവുഡിലാണ് സാഹസികതയുടെയും ആകാംഷയുടെയും കൊടുമുടി കയറിയ ഈ രക്ഷാപ്രവർത്തനം സിനിമയാകുന്നത്.
ഹോളിവുഡ് സിനിമ നിര്‍മ്മാണ കമ്പനിയായ പ്യുവര്‍ ഫ്ലിക്സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുക്കാൻ പോകുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുൻപ് തന്നെ തായ്‌ലന്‍ഡിലെ ഗുഹയിലെത്തിയിരുന്നു. തായ്‌ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ഈ ചിത്രത്തിലൂടെ വെള്ളവും ചളിയും അന്ധകാരവും നിറഞ്ഞ ഗുഹയില്‍ വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞവരേയും ജീവന്‍ പണയം വെച്ച് അവരെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരും എല്ലാം ബിഗ് സ്‌ക്രീനിലൂടെ ലോകത്തിന് മുൻപിലെത്തും .
Read Also: ജീവൻ കൊടുത്ത് രക്ഷിക്കാനിറങ്ങി; ആ വലിയ മനുഷ്യനുമുമ്പിൽ ലോകം പ്രണമിക്കുന്നു
രക്ഷാപ്രവര്‍ത്തകരുടെയും ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ സ്‌കോട്ടും സംഘവും ക്യാമറയില്‍ പകര്‍ത്തി. തത്സമയമായാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഗുഹക്കുള്ളിലെ രംഗങ്ങള്‍ പിന്നീട് ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങളെവച്ചാകും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നും മൈക്കല്‍ സ്‌കോട്ട് വ്യക്തമാക്കി.
രണ്ടാഴ്ചയിലധികമായി തായ്‌ലൻഡ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ചിയാംഗ് റായിയിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഡ്ഡി ഡൈവിംഗിലൂടെയാണ് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടിരുന്നു.
തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ദ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 90 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
Post Your Comments