Latest NewsGulf

ഹൗസ് ഡ്രൈവറായി കൊണ്ടുവന്ന് അടിമപ്പണി ചെയ്യിച്ച മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു

അൽകോബാർ: ഒരു വർഷം മുൻപ് അൽകോബാർ ദോഹയിലുള്ള ഒരു സൗദി ഭാവനത്തിലേയ്ക്ക് ഹൗസ് ഡ്രൈവറായി ജോലിയ്‌ക്കെത്തുമ്പോൾ ഒട്ടേറെ പ്രതീക്ഷകളാണ് റഫീഖ് സെയ്ദുകുടി എന്ന മലയാളി യുവാവിന് ഉണ്ടായിരുന്നത്. തന്റെ കുടുംബത്തെ സാമ്പത്തികപ്രയാസങ്ങളിൽ നിന്നും കരകയറ്റാൻ കഴിയുമെന്ന ആഗ്രഹം കാരണമാണ് ഒരു ഏജന്റ് നൽകിയ വിസയിൽ അയാൾ കയറിപ്പോന്നത്. എന്നാൽ ജോലിസ്ഥലത്തെ അനുഭവങ്ങൾ ദുരിതങ്ങൾ മാത്രമാണ് നൽകിയത്. എന്ത് ചെയ്യണമെന്നറിയാതെ, ആരോട് പരാതി പറയണമെന്നറിയാതെ വലഞ്ഞപ്പോൾ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായഹസ്തം അയാളെത്തേടിയെത്തി. നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികളൊക്കെ വേഗം പൂർത്തിയാക്കി ഒടുവിൽ നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം കോതമംഗലം നെല്ലുകുഴി സ്വദേശിയായ റഫീഖ് സെയ്ദുകുടിയ്ക്കാണ് പ്രവാസജോലി ഒരു ദുഃസ്വപ്നം പോലെയായി മാറിയത്. ഡ്രൈവിങ് ജോലിയ്ക്ക് പുറമെ ആ വീട്ടിലെ ശുചീകരണപണികൾ മുഴുവൻ അയാൾക്ക് ചെയ്യേണ്ടി വന്നു. ദിവസവും വീട്ടിലെ നാലു കാറുകൾ കഴുകുക, അടുക്കളയും പുറവും തൂത്തുതുടയ്ക്കുക, സ്വിമ്മിങ്‌പൂൾ, സ്റ്റെയർകേസ്,ടെറസ്സ് എന്നിവ വൃത്തിയാക്കുക, തുടങ്ങി വിശ്രമമില്ലാതെ പണിയെടുപ്പിച്ചപ്പോൾ റഫീഖ് ആരോഗ്യപരമായി തളർന്നു. അത് കൂടാതെ സ്‌പോൺസറുടെ കൈവശമുള്ള ഒരു അഞ്ചുനില ബിൽഡിങ്ങിലുള്ള ഫ്ലാറ്റുകളും അയാൾക്ക് വൃത്തിയാക്കേണ്ടി വന്നു. തനിയ്ക്ക് ഇങ്ങനെ വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലെന്നു പരാതി പറഞ്ഞിട്ടും, സ്പോൺസർ റഫീക്കിനെക്കൊണ്ട് നിർബന്ധിച്ചു ജോലി ചെയ്യിയ്ക്കുകയായിരുന്നു.

അടുത്ത വീട്ടിൽ ജോലി ചെയ്യുന്ന മലയാളി ഹൗസ് ഡ്രൈവറിന്റെ ഉപദേശമനുസരിച്ച് റഫീഖ്, നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല സെക്രെട്ടറി ദാസൻ രാഘവനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. വസ്തുതകൾ തിരക്കി അറിഞ്ഞ ദാസൻ രാഘവൻ, റഫീക്കിന്റെ കേസ് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിനെ ഏൽപ്പിച്ചു.

ഷിബുകുമാറിന്റ സഹായത്തോടെ, സ്പോൺസർ അറിയാതെ ലേബർ കോടതിയിൽ എത്തിയ റഫീഖ്, സ്പോൺസറിനെതിരെ കേസ് കൊടുത്തു. ലേബർ ഓഫിസറുടെ മുന്നിൽ റഫീഖിനെ എത്തിച്ചപ്പോൾ, എംബസ്സി വോളന്റീർ സൈദിന്റെ സഹായത്തോടെ, അയാളുടെ അവസ്ഥ, മൊബൈലിൽ ചിത്രീകരിച്ച വീഡിയോ തെളിവുകൾ സഹിതം ലേബർ ഓഫിസറെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഷിബുകുമാറിന് കഴിഞ്ഞു. കാര്യങ്ങൾ ബോധ്യമായ ലേബർ ഓഫീസർ, പിറ്റേന്ന് തന്നെ സ്‌പോൺസറെ കോടതിയിൽ വിളിച്ചു വരുത്തി. റഫീഖിന് ഒരാഴ്ചയ്ക്കുള്ളിൽ ഫൈനൽ എക്സിറ്റ് നൽകി നാട്ടിലേയ്ക്ക് അയയ്ക്കാൻ ഉത്തരവിട്ടു.പിറ്റേന്ന് തന്നെ സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകി. റഫീഖ് തന്നെ വിമാനടിക്കറ്റ് എടുത്തു. നവയുഗത്തിന് ഏറെ നന്ദി പറഞ്ഞു റഫീഖ് നാട്ടിലേയ്ക്ക് മടങ്ങി.

Also read : കുവൈറ്റിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button