മോസ്‌കോ: ചരിത്രം വഴിമാറിയ നിമിഷങ്ങള്‍, കലാശ പോരാട്ടത്തിനായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഒന്നിനൊന്ന് പോരാടിയപ്പോള്‍ അവസാനം ജയം ക്രൊയേഷ്യയ്ക്ക് തന്നെ. തങ്ങളെ പേടിക്കണം എന്ന് അര്‍ജന്റീനയ്‌ക്കെതിരായ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ തന്നെ ക്രൊയേഷ്യ തെളിയിച്ചിരുന്നു. ചരിത്രത്തിലാദ്യമായണ് ക്രൊയേഷ്യ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാരുന്നു ചരിത്ര വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ക്രൊയേഷ്യന്‍ കുതിപ്പ്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ കീരണ്‍ ട്രിപ്പിയറിലൂടെ ഇംഗ്ലീഷ് പട മുന്നിലെത്തി. ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിന്റെ ആധിപത്യത്തിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ക്രൊയേഷ്യന്‍ പട ഉണര്‍ന്ന് കളിക്കുന്നതാണ് കണ്ടത്.
68-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യയ്ക്കായി സമനില ഗോള്‍ നേടി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില വഴങ്ങിയതോടെ അധിക സമയത്തേക്ക് മത്സരം നീളുകയായിരുന്നു. തുടര്‍ന്ന് 109-ാം മിനിറ്റില്‍ ആ ചരിത്ര ഗോള്‍ പിറന്നു. മന്‍സൂക്കിച്ചിന്റേതായിരുന്നു ക്രൊയേഷ്യയുടെ വിജയഗോള്‍. ഇംഗ്ലണ്ട് പ്രതിരോധക്കാരന്‍ വാള്‍ക്കറുടെ പന്ത് തലകൊണ്ട് കുത്തിഒഴിവാക്കാനുള്ള ശ്രമം പാളി. പന്ത് പെരിസിച്ചിന്റെ തലയില്‍തട്ടി ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സിനെ ക്രൊയേഷ്യ നേരിടും.
Post Your Comments