ബാങ്കോക്: ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും. തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബാള്‍ പരിശീലകനെയും 17 ദിവസങ്ങള്‍ക്കു ശേഷം അതിസാഹസികമായി പുറത്തെത്തിച്ച രക്ഷാസംഘത്തിനുവേണ്ട സൗകര്യമൊരുക്കിയതില്‍ ഇന്ത്യന്‍ കരസ്പര്‍ശവും. ഗുഹയിലെ വെള്ളം പമ്പുചെയ്ത് പുറത്തുകളയാന്‍ യത്നിച്ചത് ഇന്ത്യക്കാരായ രണ്ട് എന്‍ജിനീയര്‍മാര്‍. മഹാരാഷ്ട്രയിലെ സാങ്ളി ജില്ലക്കാരനായ പ്രസാദ് കുല്‍ക്കര്‍ണിയും പുണെയില്‍നിന്നുള്ള ശ്യാം ശുക്ലയുമാണ് ഇവര്‍.
ഇരുവരും പമ്പ് നിര്‍മാതാക്കളായ കിര്‍ലോസ്ക്കര്‍ ബ്രദേഴ്സ് കമ്പനിയിലെ എന്‍ജിനീയര്‍മാരാണ്. വെള്ളം വറ്റിക്കാനുള്ള കിര്‍ലോസ്ക്കര്‍ കമ്പനിയുടെ വൈദഗ്ധ്യം രക്ഷാദൗത്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യന്‍ എംബസിയാണ് തായ് അധികൃതരെ അറിയിച്ചത്. തുടര്‍ന്നാണ് ഇന്ത്യക്കാരായ രണ്ടുപേരുള്‍പ്പെടെ കിര്‍ലോസ്ക്കറിന്റെ ഏഴംഗസംഘം രക്ഷാദൗത്യത്തിനെത്തിയത്. ബാക്കിയുള്ളവര്‍ യു.കെയില്‍നിന്നും തായ്ലന്‍ഡില്‍നിന്നുമാണ്. തായ്ലന്ഡ് സര്‍ക്കാറുമായി സഹകരിച്ച് കിര്‍ലോസ്ക്കര്‍ ഏതാനും പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു. ജൂലൈ അഞ്ചുമുതലാണ് ഇവര്‍ ദൗത്യം ഏറ്റെടുത്തത്.
Read Also : പത്തനംതിട്ടയിൽ എസ് എഫ് ഐ നേതാവിന് വെട്ടേറ്റു: എസ് ഡി പി ഐ എന്ന് സംശയം
ഗുഹയിലെ വെള്ളം വറ്റിക്കാനായി പ്രവര്‍ത്തിച്ച ഏകസംഘവും ഇവര്‍തന്നെ. കനത്ത മഴ പെയ്തിട്ടും ഗുഹയില്‍ ജലനിരപ്പ് ഉയരാതെ രക്ഷാപ്രവര്‍ത്തനം നടത്താനായത് ഈ സംഘത്തിന്റെ കഠിനാധ്വാനംകൊണ്ടാണെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ”വൈദ്യുതി പലപ്പോഴും വില്ലനായിട്ടും ജനറേറ്ററുണ്ടായതിനാല് മറികടക്കാനായി. കൂറ്റന്‍ പമ്പുകള്‍ക്ക് പകരം ചെറിയ പമ്പുകള്‍ കൂടുതല്‍ ഘടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം” -കുല്‍ക്കര്‍ണി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
Post Your Comments