
തായ്ലണ്ടില് ഗുഹയില്‍ അകപ്പെട്ട കുട്ടി ഫുട്ബോള്‍ താരങ്ങളെയും കൗമാരക്കാരനായ കോച്ചിനെയും 18-ാം ദിവസമാണ് പുറത്തെത്തിച്ചത്. ലോകം മുഴുവന്‍ ഈ 13 പേര്‍ക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു. രക്ഷാ പ്രവര്‍ത്തകരുടെ മനോധൈര്യവും വലിയ ഒരു ഘടകമായി. 16-ാം ദിവസം നാല് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. അടുത്ത രണ്ട് ദിവസങ്ങളിലായി എല്ലാവരെയും പുറത്തെത്തിച്ചു. ഭരണകൂടവും തലപ്പത്തിരിക്കുന്നവരും ഗുഹയ്ക്കരികില്‍ എത്തുകയോ സന്ദര്‍ശിക്കുകയോ ചെയ്തില്ല. ആ സമയം ഇവരെ രക്ഷിക്കാനായുള്ള നടപടികള്‍ എളുപ്പത്തിലാക്കാന്‍ പരിശ്രമിച്ചു.
ഒരു പക്ഷേ കേരളത്തിലായിരുന്നെങ്കിലോ ഇങ്ങനൊരു സംഭവം ഉണ്ടായത്. മാധ്യമങ്ങള്‍ മൈക്കും ക്യാമറയുമായി ഓടിയേനെ. ഇവരെ തട്ടിയിട്ട് നടക്കാനാകില്ലായിരുന്നു. ഇത്തരത്തില്‍ ഒരു സംഭവം കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്ന് കാട്ടി ദീപ ടി മോഹന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തായ്ലണ്ടിനു പകരം കേരളത്തിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നേല് ഒരു സാധാരണ കേരളീയന് പ്രതീക്ഷിക്കാവുന്നത് ;
1.മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചിട്ടു ഇറങ്ങി പോകും.രണ്ടാഴ്ചയെങ്കിലും നീളും ആ ആചാരം.
2.പ്രതിരോധ വകുപ്പിന്റെ വീഴ്ചയാണ് കുട്ടികള്‍ ഗുഹക്കുള്ളില്‍ അകപ്പെട്ടതെന്ന് ടി.വി യിലും ഫേസ് ബുക്ക് ലൈവിലും പ്രതിപക്ഷം വിളിച്ചു കൂവും.
3.ഡല്‍ഹിയില്‍ നിന്ന് എല്ലാ പാര്‍ട്ടിയിലെയും ചേട്ടന്മാരും ചേച്ചിമാരും പറന്നെത്തും.പുറകേ ഒരു മാധ്യമ പടയും.
4.അവര്‍ കുട്ടികളുടെ വീടുകളില്‍ പോകുന്നു മാതാപിതാക്കളോടൊരുമിച്ചു സെല്‍ഫി എടുക്കുന്നു പോസ്റ്റുന്നു.
5.പ്രതിപക്ഷ കുട്ടി പാര്‍ട്ടികള്‍ പഠിപ്പു മുടക്കി സമരം ചെയ്യുന്നു.വഴിയേ പോകുന്ന KSRTC ക്ക് കല്ലെറിയുന്നു.
6.ഓരോ പാര്‍ട്ടിക്കാരുടെയും നേതൃത്വത്തില്‍ ഗുഹാ മുഖത്തു പന്തലു കെട്ടി പ്രധിഷേധ പ്രകടനം നടത്തുന്നു.എല്ലാവരും കൂടി അവിടെ ഇരുന്നു ബിരിയാണിയും ഉണ്ടംപൊരിയും ഉണ്ടാക്കി കഴിക്കുന്നു.
7.രക്ഷാ പ്രവര്‍ത്തകര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ ഗുഹാ മുഖത്തുനിന്ന് പിരിഞ്ഞു പോകാന്‍ വേണ്ടി ആകാശത്തേക്ക് പോലീസ് വെടി വെക്കുന്നു.അപ്പോഴേക്കും ആഴ്ച ഒന്നു കഴിഞ്ഞിട്ടുണ്ടാകും.
8.വിദേശത്തു നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ എത്തി കുട്ടികളെ ഒന്നൊന്നായി രക്ഷിക്കുന്നു.
9.ചാനലുകളില്‍ ഇരുന്നു കുറേ മണ്ട ശിരോമണികള്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
10.അതിന്റെ ഇടക്ക് ഇനിയും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായാല്‍ ഏങ്ങനെ നേരിടണമെന്നു പഠിക്കാന്‍ നടക്കാന്‍ വയ്യാത്ത കുറേ സാറുമ്മാരും രാഷ്ട്രീയക്കാരും പാരീസിലേക്കു പറക്കുന്നു.
11.മൃതപ്രായരായി പുറത്തു വരുന്ന കുട്ടികളുടെ അണ്ണാക്കിലേക്കു മൈക്ക് കുത്തി കേറ്റി ഗുഹയില്‍ കഴിഞ്ഞ അനുഭവം വിവരിക്കാന്‍ മാധ്യമ ഹിജഡകളുടെ ശ്രമം.
12.കുട്ടികള്‍ പുറത്തു വരുന്ന ആദ്യ ചിത്രങ്ങള്‍ പുറത്തു വിട്ടത് ഞങ്ങളാണെന്ന് നാഴികക്കു നാല്‍പ്പതു വട്ടം ഒരു ഉളുപ്പും ഇല്ലാതെ ഓരോ ചാനലുകാരും വിളിച്ചു പറയും.
13.അവസാനമായി പുറത്തു വരുന്ന കോച്ചിനെ ഗുഹക്കുള്ളില്‍ അകപ്പെട്ട വിവരം നേരത്തേ പോലീസിനെ അറിയിച്ചില്ല,ഗുഹക്കുള്ളില്‍ അകപ്പെട്ടതു കാരണം കുട്ടികള്‍ മാനസികമായും ശാരീരികമായും തളരാന്‍ ഇടയായി എന്നീ കുറ്റങ്ങള്‍ ആരോപിച്ചു അറസ്റ്റ് ചെയ്തോണ്ടു പോകുന്നു.
ഇതിലും കൂടുതല്‍ ഇത് വായിക്കുന്നവര്‍ക്ക് പറയാന്‍ കാണും എന്നറിയാം.അതുകൊണ്ടു ഇത്രയുംകൊണ്ട് നിര്‍ത്തുന്നു.വിട്ടുപോയ ഭാഗങ്ങള്‍ നിങ്ങള്‍ പൂരിപ്പിച്ചോളീന്…..
എന്ന് ഒരു സാധാരണ കേരളീയന്
Deepa.T. Mohan
ഇത് കേരളത്തിന്റെ ഒരു അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഒരു അപകടം ഉണ്ടായാല്‍ അതിന്റ തുടര്‍നടപടികള്‍ അല്ലെങ്കില്‍ അതില്‍ പെട്ടവരെ രക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനായി അധികാരികള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തണമെന്നില്ല. തായ്ലണ്ടില് കണ്ടതാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ മുഖം. ഇത്തരത്തില്‍ കേരളവും മാറേണ്ടതാണെന്ന് ചിന്തിക്കുന്നവര്‍ കുറവല്ല.
Post Your Comments