Latest NewsGulf

യു.എ.ഇയിലെ നിയമം അനുസരിച്ച് ഇനി മുതല്‍ കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി

ദുബായ് : കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഇനി മുതല്‍ യു.എ.ഇയിലെ നിയമം അനുസരിച്ചാക്കാന്‍ പോകുന്നു. ചിട്ടിയുടെ ലേല നറുക്കെടുപ്പ് ഉദ്ഘാടനം അടുത്തമാസം നടക്കാനിരിക്കെയാണ് യുഎഇയിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് ചിട്ടിനടത്തിപ്പ് നടപടികള്‍ ക്രമീകരിക്കുന്നത്. ചിട്ടികള്‍ക്കും മറ്റും നിരോധനമുള്ള യുഎഇയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഓണ്‍ലൈന്‍ ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത്.

കൂടാതെ, ഗള്‍ഫിലെ പല രാജ്യങ്ങളിലും നിയമങ്ങളില്‍ വ്യത്യാസവുമുണ്ട്. ഇതിനിടെ, ഓണ്‍ലൈന്‍ വഴി ഇടപാടു നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു സഹായകരമായി മണി എക്‌സ്‌ചേഞ്ചുകളിലൂടെ പണം അയ്ക്കാന്‍ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല.

Read Also : ‘അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം’, കലാലയ രാഷ്ട്രീയം നിയന്ത്രിക്കുന്നതിനെപ്പറ്റി സർക്കാർ ഹൈക്കോടതിയിൽ

തുടക്കത്തില്‍ മൂവായിരം മുതല്‍ നാല്‍പതിനായിരം രൂപവരെ മാസ അടവ് വരുന്ന ചിട്ടികളാണ് ആരംഭിക്കുന്നത്. 30 മാസം, 40 മാസം, 50 മാസം എന്നിങ്ങനെ വട്ടമെത്തുന്നരീതിയിലാണ് തുടക്കത്തില്‍ പ്രവാസി ചിട്ടികള്‍. ഒരാള്‍ക്ക് ഒന്നിലേറെ ചിട്ടിയില്‍ ചേരാം.

പ്രവാസി ചിട്ടിയിലേക്ക് മണി എക്‌സ്‌ചേഞ്ചുകള്‍ വഴി പണം അയയ്ക്കാനുള്ള സംവിധാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. 1000 ദിര്‍ഹംവരെ നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ വാറ്റ് ഉള്‍പ്പെടെ 16 ദിര്‍ഹമാണ് എക്‌സ്‌ചേഞ്ചുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ആയിരത്തിനു മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹവും നല്‍കണം. എന്നാല്‍ പ്രവാസി ചിട്ടിയിലേക്കു പണം അയയ്ക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജ് അഞ്ച് ദിര്‍ഹത്തില്‍ താഴെയാക്കാനാണു ശ്രമം.

കെഎസ്എഫ്ഇയുടെ തന്നെ മറ്റ് ചിട്ടികള്‍ക്കില്ലാത്ത എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകട ഇന്‍ഷുറന്‍സും പ്രവാസി ചിട്ടിക്കുണ്ട്. അപകടംമൂലം ജോലിക്കു പോകാനാവാതെ വന്നാല്‍ ബാക്കി ഗഡുക്കള്‍ ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കും. ചിട്ടിയില്‍ അംഗമായയാള്‍ മരിച്ചാല്‍ ബാക്കി തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കും. ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്യും.

ചിട്ടിയിലെ അംഗങ്ങള്‍ വിദേശത്ത് മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന ചുമതല കെഎസ്എഫ്ഇ ഏറ്റെടുക്കും. എല്‍ഐസിയുമായി ചേര്‍ന്ന് പെന്‍ഷന്‍ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രവാസികള്‍ മുക്ത്യാര്‍വഴി ചുമതലപ്പെടുത്തിയാല്‍ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവര്‍ക്കും കുറിയില്‍ ചേരാം. അവര്‍ക്ക് ലേലം വിളിക്കാനും തടസ്സമുണ്ടാകില്ല.

കെഎസ്എഫ്ഇ പ്രവാസി ചിട്ടി നൂറുശതമാനം നിയമവിധേയമാണെന്നു കിഫ്ബി സിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.എം.ഏബ്രഹാം പറഞ്ഞു. 2015ല്‍ തന്നെ ചിട്ടി നടത്തിപ്പിനുള്ള അവകാശം കെഎസ്എഫ്ഇയ്ക്കു ലഭിച്ചിരുന്നു. തുടര്‍ന്നു വിവിധ വിജ്ഞാപനങ്ങളിലൂടെ കിഫ്ബിയില്‍ പണം നിക്ഷേപിക്കാനുള്ള അംഗീകാരവും കെഎസ്എഫ്ഇയ്ക്കു ലഭിച്ചു.

https://pravasi.ksfe.com/ എന്ന വെബ്‌സൈറ്റ് വഴിയും കെഎസ്എഫ്ഇയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും റജിസ്റ്റര്‍ ചെയ്യാം. ലോകത്തിന്റെ ഏതുഭാഗത്തിരുന്നും തവണകള്‍ അടയ്ക്കാനും ലേലത്തില്‍ പങ്കെടുക്കാനും ഇതുവഴി കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍ +91471-6661888 (8AM to 8PM IST). യുഎഇയിലുള്ളവര്‍ക്ക് മിസ്ഡ് കോള്‍ നമ്പര്‍ +9148189669 SMS : KSFE to 3707. ഇമെയില്‍ pravasi@ksfe.com, വാട്‌സാപ്പ് നമ്പര്‍-+91 9447097907.

shortlink

Related Articles

Post Your Comments

Related Articles


Back to top button