വൈക്കം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെയുള്ള പീഡന പരാതിയില്‍ തെളിവായി ഹാജരാക്കുന്നതിന് ഇരയായ കന്യാസ്ത്രി സൂക്ഷിച്ചിരുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കാണാതായതായി എന്ന് സൂചന. വൈക്കം ഡിവൈഎസ് പി . പി.കെ. സുഭാഷാണ് ഇക്കാര്യം അറിയിച്ചത്. കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായി തന്റെ പക്കലുണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തോടും ഒത്തുതീര്‍പ്പിന് ശ്രമിച്ച വൈദികനോടും വെളിപ്പെടുത്തിയിരുന്നു.
ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഈ കത്തുകളില്‍ ബിഷപ്പിനെ കുടുക്കാനുള്ള തെളിവുകള്‍ ഇല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണ്‍ സംഭാഷണം വിലയിരുത്തി നടപടികളുമായി മുന്നോട്ടുപോകുന്നതിനായിരുന്നു പോലീസ് സംഘത്തിന്റെ തീരുമാനം. താന്‍ ജലന്ധറില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഫോൺ മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്നതായും അതാണ് കാണാതായതെന്നുമാണ് ഇവർ പോലീസിനെ അറിയിച്ചത്.
പുതിയ ഫോണ്‍ ലഭിച്ച സാഹചര്യത്തില്‍ താന്‍ പഴയഫോണ്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നും നാട്ടിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ ഇത് എടുക്കാന്‍ മറന്നെന്നുമാണ് ഇവരുടെ വിശദീകരണം. ഈ സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പോലീസിന്റെ നീക്കം. ഇതിനിടെ ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ കന്യാസ്ത്രീ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന മൊഴിയില്‍ കന്യാസ്ത്രീ ഉറച്ചു നില്‍ക്കുകയാണ്. ബിഷപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊഴി കേസില്‍ ഏറെ നിര്‍ണായകമാകും. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഭയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചതായി സൂചനയുണ്ട്. രണ്ട് വൈദികരും കന്യാസ്ത്രീയുടെ ഇടവകയിലുള്ള പുരോഹിതനും ചേര്‍ന്നാണ് ബന്ധുക്കളെ സമീപിച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. പരാതി പിന്‍വലിച്ചാല്‍ ഇഷ്ടാനുസരണം സ്ഥലംമാറ്റം നല്‍കാമെന്നും മറ്റുമാണ് വാഗ്ദാനം.
Post Your Comments