ആലപ്പുഴ : അമ്പലപ്പുഴയിൽ കൈക്കൂലി കേസിൽ എ.എസ്.ഐ. പിടിയിൽ. അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസറായ ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിമ്പറമ്പ് വീട്ടില്‍ എ.എന്‍.കബീറിനെയാണ് ഇന്നലെ വിജിലൻസ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രില്‍ 11നു കാക്കാഴം മേല്‍പ്പാലത്തില്‍വച്ച് കന്യാകുമാരിയില്‍നിന്നു കൊച്ചിയിലേക്കു മത്സ്യത്തൊഴിലാളികളുമായി പോയ വാന്‍ ലോറിയുമായി കൂട്ടിയിടിച്ച വാൻ ഡ്രൈവർ വിജയകുമാര്‍ (35) മരിക്കുകയും കൂടെയുണ്ടായിരുന്ന നാലു പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അപകടത്തിന്റെ എന്നാൽ നഷ്‌ടപരിഹാരത്തുക കൂടുതല്‍ വാങ്ങിത്തരുന്ന രീതിയില്‍ കേസ് എഴുതാമെന്നു പറഞ്ഞ് വിജയകുമാറിന്റെ ബന്ധുവായ ബബീഷില്‍നിന്ന് 3000 രൂപ എഎസ്ഐ വാങ്ങിയിരുന്നു. ശേഷം, അപകടത്തില്‍പ്പെട്ട മറ്റ് ആളുകളില്‍നിന്ന് 10,000 രൂപ വീതം വാങ്ങി നല്‍കണമെന്നും പറഞ്ഞിരുന്നു.
Read also:രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍; ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത കാറുകളില്‍ ദുരൂഹത
എന്നാൽ ചികിത്സയിൽ കഴിയുന്നവർ പണമില്ലെന്ന് പറഞ്ഞതോടെ കേസിനെ സംബന്ധിക്കുന്ന രേഖകൾ നൽകില്ലെന്ന് കബീർ അറിയിച്ചു. തുടർന്നാണ് ബബീഷ് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ പരാതി നൽകിയത്. തിങ്കളാഴ്‌ച 7000 രൂപയുമായി സിഗ്നലിനടുത്തുനിന്ന് വിളിക്കണമെന്ന് കബീര്‍ പറഞ്ഞതനുസരിച്ച് ബബീഷും സംഘവുമെത്തി പണം നല്‍കി.
പണവും വാങ്ങി സ്‌റ്റേഷനിലെത്തി വിശ്രമിക്കുന്നതിനിടെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പണം അടങ്ങിയ പഴ്‌സ് കബീറിന്റെ മേശപ്പുറത്തുനിന്നു വിജിലന്‍സ് കണ്ടെടുത്തു. വിജിലന്‍സ് നല്‍കിയ നോട്ടുകളാണ് പഴ്‌സിലുണ്ടായിരുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എ.എസ്.ഐയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു കോടതിയില്‍ ഹാജരാക്കും.
Post Your Comments