ഇന്ന് മിക്കവരിലും വര്‍ധിച്ചു വരുന്ന പ്രശ്നമാണ് നടുവ് വേദന. പ്രായ ഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഇത് വരാമെന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. നടുവ് വേദന വന്നാല്‍ ഉടന്‍ ചികിത്സിക്കാന്‍ ഓടുമെന്നല്ലാതെ എന്താണ് കാരണമെന്ന് കണ്ടെത്തി പ്രതിവിധി കണ്ടെത്താന്‍ ആരും ശ്രദ്ധിക്കാറില്ല. അതിനാല്‍ തന്നെ ചികിത്സ നടത്തി താല്കാലിക ആശ്വാസം ലഭിച്ചാലും രോഗകാരണം തിരിച്ചറിയാതിരുന്നാല്‍ വേദന വീണ്ടും വരുമെന്ന കാര്യവും ഓര്‍ക്കണം.
നല്ലൊരു ശതമാനം നടുവ് വേദനയും പെട്ടന്നുണ്ടാകുന്നതല്ല. ചെറിയ ക്ഷതങ്ങളില്‍ നിന്നും സംഭവിക്കുന്നവയാണിവ. നടുവിന്റെ ലിഗമെന്റിനോ, ഡിസ്കിനോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ സമയത്ത് ചികിത്സ നടത്തിയില്ലെങ്കില്‍ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
നടുവേദന ഒഴിവാക്കുന്നതിന് വിദഗ്ധര്‍ നല്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെ.
1. വ്യായാമം പതിവാക്കുക. ഇതിന്റെ കുറവ് നടുവേദനയ്ക്ക് കാരണമാകാം. നടത്തം, ഓട്ടം, ചാട്ടം, നീന്തല്‍ തുടങ്ങി ശരീര പ്രകൃതിയ്ക്കും പ്രായത്തിനും പറ്റിയ വ്യായാമ മുറകള്‍ പതിവാക്കുക.
2. നിരപ്പുള്ള പ്രതലത്തില്‍ കഴിവതും കിടക്കുക. നട്ടെല്ലിന്റെ വളവുകള്ക്കൊത്ത ബെഡ് മാത്രമേ ഉപയോഗിക്കാവൂ. നടുവേദനയുള്ളവര്‍ തലയിണ ഒഴിവാക്കിയാല്‍ നല്ലത്.
3. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു മണിക്കൂര്‍ എങ്കിലും ഇടവിട്ട് നിവരുകയോ, ചെറുതായി നടക്കുകയോ ചെയ്യണം. തുടര്‍ച്ചയായി കൂടുതല്‍ നേരം ഇരിക്കരുത്.
4. വണ്ടിയോടിക്കുന്നവര്‍ നിവര്‍ന്നിരുന്ന് മാത്രമേ ഓടിക്കാവു. പ്രത്യേകിച്ച് ബൈക്ക് യാത്രികര്‍. ലംബാര്‍ സപ്പോര്‍ട്ട് ഉപയോഗിക്കുന്നത് നന്നായിരിക്കും.
5. ശാരീരീക ബന്ധത്തിലേര്‍പ്പെടുന്ന സമയം പരിചിതമല്ലാത്ത പോസിഷനുകള്‍ സ്വീകരിക്കാതിരിക്കുക.
6. ഭാരമേറിയ വസ്തുക്കള്‍ എടുക്കുമ്പോള്‍ കഴിവതും നടുവ് കുനിയാതെ നോക്കണം. ഭാരം ശരീരത്തോട് ചേര്‍ത്ത് വയ്ക്കുക. ഇത്തരത്തില്‍ ചേര്‍ത്ത് പിടിച്ചില്ലെങ്കില്‍ ശരീരം വളഞ്ഞ് നടുവിന് തകരാര്‍ സംഭവിക്കും.
Post Your Comments