തിരുവനന്തപുരം•എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എസ്.ഡി.പി.ഐ.ക്കെതിരേ ഉയരുന്ന ആരോപണങ്ങളെ ഇത്തരത്തിലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് പ്രതിരോധിക്കുക എന്നതാണ് ഇവരുടെ ദൗത്യം. പകല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാത്രിയില്‍ എസ്.ഡി.പി.ഐ.ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ.യിലോ കോണ്‍ഗ്രസിലോ എസ്.ഡി.പി.ഐ.ക്കാര്‍ക്കു ചേരാം, എന്നാല്‍ ആവശ്യം വരുമ്പോള്‍ എസ്.ഡി.പി.ഐയോടൊപ്പം നില്‍ക്കണം എന്നുമാത്രം. സമീപകാലത്ത് മൊബൈല്‍ ഫോണ്‍ വഴി നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഇത് വ്യക്തമായിരുന്നു. ബലമായി കട അടപ്പിച്ച സംഭവത്തില്‍ ആലപ്പുഴയില്‍ അറസ്റ്റുചെയ്തവരില്‍ പകുതി പേരും ഡി.വൈ.എഫ്.ഐ. ബന്ധമുള്ളവരായിരുന്നു. മൊബൈല്‍ ഫോണ്‍ വില്പന മേഖലയില്‍ എസ്.ഡി.പി.ഐ.ക്കുള്ള സ്വാധീനവും ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്. മൊബൈല്‍ വില്പനക്കാരുടെ സംഘടനയില്‍ 60 ശതമാനം എസ്.ഡി.പി.ഐ.ക്കാരാണെന്നാണ് കണ്ടെത്തല്‍.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വിജയാശംസകള്‍ നേര്‍ന്ന് എസ്.ഡി.പി.ഐ ഫ്ലക്സ് ബോര്‍ഡ് വച്ചതും വീടുകയറി പ്രചാരണം നടത്തിയതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതിജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
Post Your Comments