Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

ലോകത്തെ നടുക്കി ബ്രിട്ടണില്‍ രാസായുധ ആക്രമണം : അഞ്ച് സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണമായും വിലക്ക്

ലണ്ടന്‍ : ബ്രിട്ടനെ നടുക്കി വീണ്ടും രാസായുധ ആക്രമണം. കൂറുമാറിയ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലും മകള്‍ യൂലിയയും രാസായുധാക്രമണത്തിനിരയായ സോള്‍സ്ബ്രിയില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെ അമെസ്ബ്രിയിലാണു പുതിയ സംഭവം. സ്‌ക്രീപലിനു നേരെ ഉപയോഗിച്ച നെര്‍വ് ഏജന്റായ ‘നൊവിചോക്ക്’ തന്നെയാണ് അമെസ്ബ്രിയില്‍ ചാര്‍ലി റോവ്ലി-ഡോണ്‍ സ്റ്റര്‍ജെസ് ദമ്പതികള്‍ക്കു നേരെ പ്രയോഗിച്ചിട്ടുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു.

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തതാണ് ഈ രാസായുധം. എന്നാല്‍ ഇതെങ്ങനെയാണ് അമെസ്ബ്രി ദമ്പതികളുടെ ശരീരത്തിലെത്തിയതെന്നു വ്യക്തമായിട്ടില്ല. ദമ്പതികള്‍ അടുത്തകാലത്തൊന്നും സോള്‍സ്ബ്രി സന്ദര്‍ശിച്ചതായും വിവരമില്ല. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല.

പൊതുജനം ഭയക്കേണ്ടതില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടിഷ് പൊലീസിന്റെ നേതൃത്വത്തില്‍ അമെസ്ബ്രിയിലെ അഞ്ചിടത്തു ജനത്തിനു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. രാസായുധ പ്രതിരോധത്തിനുള്ള പ്രത്യേകതരം വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരെ വരുംനാളുകളില്‍ മേഖലയില്‍ കാണാമെന്നും എന്നാല്‍ ആരും ഭയക്കേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊതുവേ ശാന്തമായ ഈ സ്ഥലത്ത് വീണ്ടും ഇത്തരമൊരു ആക്രമണം നടന്നതില്‍ നിന്ന് പ്രദേശവാസികള്‍ ഇപ്പോഴും മുക്തരായിട്ടില്ല.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണു സ്‌ക്രീപലിനും മകള്‍ക്കും നേരെ നൊവിചോക്ക് ആക്രമണമുണ്ടാകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടായിരുന്നു യൂറോപ്പിനു നേരെ മാരകമായ വിധത്തില്‍ നൊവിചോക്ക് ആക്രമണമുണ്ടാകുന്നത്. വീടിന്റെ വാതില്‍പ്പിടിയില്‍ ദ്രാവകരൂപത്തില്‍ പ്രയോഗിച്ച നെര്‍വ് ഏജന്റായിരുന്നു ഇരുവര്‍ക്കും വിനയായത്. സ്‌ക്രീപല്‍ ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല, യൂലിയ ആശുപത്രി വിട്ടു. നൊവിചോക്ക് നിര്‍വീര്യമാക്കാനെത്തിയ ഒരു പൊലീസുകാരന്റെയും ആരോഗ്യനില വഷളായിരുന്നു.

ശനിയാഴ്ചയാണ് മഗിള്‍ട്ടന്‍ റോഡിലെ വീട്ടില്‍ ചാര്‍ലിയെയും ഡോണിനെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന കൊക്കെയ്‌നോ ഹെറോയ്‌നോ ഉപയോഗിച്ചതാകാം പ്രശ്‌നത്തിനു കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന സാം ഹോബ്‌സന്‍ എന്ന ബന്ധുവിന്റെ വാക്കുകളാണ് ആരോഗ്യസംഘത്തെയും പൊലീസിനെയും മാറ്റിച്ചിന്തിപ്പിച്ചത്

‘ഡോണിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. പെട്ടെന്നാണ് എന്റെ കണ്മുന്നില്‍ വച്ച് കുഴഞ്ഞു വീണത്. പിന്നെ അപസ്മാരം ബാധിച്ചതു പോലെ പിടയാന്‍ തുടങ്ങി. വായില്‍ നിന്നു നുരയും പതയും ഒലിക്കാന്‍ തുടങ്ങി. ഇതിനു പിന്നാലെ അല്‍പസമയം കഴിഞ്ഞാണ് ചാര്‍ലി കുഴഞ്ഞുവീണത്. ശരിക്കും മറ്റൊരു ലോകത്തു നിന്നു വന്ന ഒരാളുടെ പോലെയായിരുന്നു അദ്ദേഹത്തിന്റെ മാറ്റം. അബോധാവസ്ഥയില്‍ നടന്നു ചെന്ന് ചുമരില്‍ തുടര്‍ച്ചയായി തലയിടിക്കാന്‍ തുടങ്ങി. ഒപ്പം അപരിചിതമായ ശബ്ദങ്ങളും പുറപ്പെടുവിച്ചു. ചുവന്നു കലങ്ങി കണ്ണ് വിടര്‍ന്നു തള്ളിയ നിലയിലാരുന്നു. വിയര്‍ത്തു കുളിച്ചു വായില്‍ നിന്ന് ഉമിനീരൊലിപ്പിച്ച് പലതരം ശബ്ദങ്ങളുണ്ടാക്കി തളര്‍ന്നു വീഴുകയായിരുന്നു അദ്ദേഹം’- ഹോബ്‌സണ്‍ പറഞ്ഞു. ചാര്‍ലിയോടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചവരെപ്പോലെ നിശബ്ദനായിരുന്നു അദ്ദേഹമെന്നും ഹോബ്‌സണ്‍ വ്യക്തമാക്കി.

അതോടെയാണ് സോള്‍സ്ബ്രി ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ നിന്നു പൊലീസിലേക്കു വിവരം പോകുന്നത്. മിലിട്ടറി റിസര്‍ച് സെന്ററില്‍ നടത്തിയ പരിശോധനയില്‍ നൊവിചോക്കിന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഇരുവരും എങ്ങനെ ഈ രാസായുധത്തിന്റെ ആക്രമണത്തിനിരയായി എന്നതാണു പൊലീസിനെ കുഴക്കുന്നത്. വഴിയില്‍ കിടക്കുന്നതോ വീടിനു മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലോ എന്തു വസ്തു കണ്ടാലും തൊടരുതെന്നാണു പ്രദേശവാസികള്‍ക്കു പൊലീസ് നല്‍കിയ നിര്‍ദേശം.

മസ്തിഷ്‌കത്തിലെ നാഡീവ്യൂഹത്തെ തകര്‍ക്കുന്നതാണ് ഈ നെര്‍വ് ഏജന്റ്. ശരീരത്തിലെ പേശികളുടെയും അവയവങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്ന എന്‍സൈമുകളെ തടയുന്നതോടെ അവ സങ്കോചിക്കുകയും മനുഷ്യന്‍ വിചിത്ര സ്വഭാവമുള്ളവരെപ്പോലെ പെരുമാറുകയും ചെയ്യും. മനുഷ്യനെ സോംബി(പ്രേതം)കളെപ്പോലെയാക്കുന്നവയെന്നാണ് ഇത്തരം നെര്‍വ് ഏജന്റുകള്‍ക്കുള്ള വിശേഷണം.

സാധാരണ വാതകരൂപത്തിലാണ് ഉപയോഗിക്കുക, നിറമോ മണമോ ഇല്ല ഇതിന്. ഇതേ അവസ്ഥയില്‍ത്തന്നെ ദ്രാവകരൂപത്തിലും ഉപയോഗിക്കാനാകും. ത്വക്കിലൂടെയോ ശ്വസനേന്ദ്രിയത്തിലൂടെയോ എളുപ്പം അകത്തു ചെല്ലുമെന്നും മാരകഫലമാണുണ്ടാക്കുകയെന്നും ഓര്‍ഗനൈസേഷന്‍ ഫോര് ദ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് വ്യക്തമാക്കുന്നു.

ദമ്പതികള്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ യുകെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. നെര്‍വ് ഏജന്റിന്റെ സാന്നിധ്യം മേഖലയില്‍ ഉണ്ടോയെന്നു പരിശോധിക്കുകയാണ്. പൊതുജനം ഭയക്കേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അമെസ്ബ്രിയിലെ ഒരു പാര്‍ക്കും ഫാര്‍മസിയും ബാപ്റ്റിസ്റ്റ് ചര്‍ച്ച് കമ്യൂണിറ്റി സെന്ററും സോള്‍സ്ബ്രിയിലെ വീടും പൊതുജനം പ്രവേശിക്കാന്‍ അനുവദിക്കാത്ത വിധം പൂര്‍ണമായും പൊലീസ് സംരക്ഷണത്തിലാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button