കണ്ണൂര്‍: മഹാരാജാസ് കോളേജിലെ കൊലപാതകത്തിന് പിറകിൽ പ്രൊഫഷണൽ സംഘമാണെന്ന പൊലീസ് നിഗമനത്തോടെ കണ്ണൂരിലെ പല ആക്രമണങ്ങൾക്കും ശക്തമായ അന്വേഷണം ആവശ്യപ്പെടുകയാണ്. കണ്ണൂരിലെ സർജിക്കൽ ബ്ലേഡ് ആക്രമണങ്ങളിൽ മുഴുവൻ പ്രതികളായത് എസ്‍ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. ആർഎസ്എസ് പ്രവർത്തകൻ സുശീൽകുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനൊപ്പം ശസ്ത്രക്രിയാ ബ്ലേഡ് കൊണ്ട് കുടൽമാല കീറിയത് കഴിഞ്ഞ വർഷം സെപ്‍തംബറിൽ.
സുശീൽകുമാർ ഇന്നും വിശ്രമത്തിലാണ്. അഴീക്കോട് രണ്ട് സിപിഎം പ്രവർത്തകരെ മാരകമായി മുറിവേൽപ്പിച്ചതും ഇതേസമയം തന്നെ. കടാങ്കോട് വെച്ച് ലീഗ് പ്രവർത്തകൻ ഷരീഫിന്റെ വയറ് പിളർന്നത്, എല്ലാ കേസിലും പ്രതികൾ ഇവർ തന്നെ.നാല് കേസുകളിലായി അറസ്റ്റിലായ 14 പ്രതികളും എസ്‍ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. ആക്രമണത്തിന് ഇരയായവർ ആരും പഴയപടിയായിട്ടില്ല.
സുശീൽകുമാറിനെ ആക്രമിച്ച കേസിൽ പ്രതിയായ റാസിഖ് എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാലിനെ കൊന്ന കേസിലും, ലീഗ് പ്രവർത്തകനെ കുത്തിയ കേസിലെ പ്രതി വസീം ആർഎസ്എസ് പ്രവർത്തകന്റെ ബൈക്ക് കത്തിച്ച കേസിലും പ്രതി. കേസുകളിലെ പരസ്‍പര ബന്ധവും സർജിക്കൽ ബ്ലേഡ് വിദഗ്ദമായി പ്രയോഗിക്കാനുള്ള പരിശീലനം ലഭിച്ചതും ഈ കേസുകളിലെ തീവ്രവാദ ബന്ധവും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വധിച്ച കേസിൽ പ്രതികളായ മുഴുവൻ എസ്‍ഡിപിഐക്കാരെയും പിടികൂടിയില്ലെന്നാരോപിച്ച് ബിജെപി സമരത്തിലാണ്. സിപിഎമ്മും ബിജെപിയും സംയുക്തമായി ഈ കേസുകളിലെല്ലാം അന്വേഷണ ആവശ്യം ഉന്നയിക്കുന്നുണ്ട്.
Post Your Comments