കട്ടപ്പന•കള്ളനോട്ട് നിര്‍മ്മാണം നടത്തിവന്ന മലയാളം സീരിയല്‍ നടിയും സഹോദരിയും അമ്മയും അറസ്റ്റിലായി. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ താരമായ സൂര്യ ശിവകുമാര്‍(36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍(ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരെയാണ് കട്ടപ്പന പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇവരുടെ മുളങ്കാട്ടെ വസതിയില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവും പേപ്പര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്‌ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ്(സാം-44), ബി.എസ്.എഫ് മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട് അമ്ബാടിയില്‍ കൃഷ്‌ണകുമാര്‍(46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍(58) എന്നിവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്.
കട്ടപ്പന സി.ഐ: വി.എസ് അനില്‍കുമാര്‍, കുമളി സി.ഐ: വി.കെ ജയപ്രകാശ്, പീരുമേട് സി.ഐ: വി. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതി ലിയോ ജോര്‍ജ്ജുമായി എത്തി റെയ്ഡ് നടത്തിയത്.
നടിയുടെ വീടിന്റെ മുകളിലെ നിലയിലായിരുന്നു കള്ളനോട്ടടി. ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു. ലിയോ ജോര്‍ജ്, കൃഷ്‌ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണു നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴുപേര്‍ കൂടി ഉണ്ടായിരുന്നു. നോട്ടടി യന്ത്രവും പ്രിന്ററും പേപ്പറുകളും വാങ്ങാന്‍ 4.36 ലക്ഷം രൂപ രമാദേവി ഇവര്‍ക്കു നല്‍കി. ഏഴു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. എട്ടു മാസമായി ഇതിന്റെ തയാറെടുപ്പുകള്‍ നടിയുടെ വീട്ടില്‍ നടന്നുവരികയായിരുന്നു.
ആദ്യഘട്ടത്തില്‍ അച്ചടിച്ച 200 രൂപയുടെ 1096 കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ തിങ്കളാഴ്‌ച അണക്കരയിലെത്തിയപ്പോഴാണ് ലിയോ, കൃഷ്‌ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പോലീസ് പിടികൂടിയത്. ഇതാണ് വന്‍ കള്ളനോട്ടടി സംഘത്തെ പിടികൂടുന്നതിലേക്ക് പോലീസിനെ നയിച്ചത്. സംഘത്തില്‍പ്പെട്ട ഏഴു പേരെക്കുറിച്ച് വിവരം ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. ആറു മാസമായി ഇവിടെ നോട്ടടി നടക്കുന്നുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
Post Your Comments