അബുദാബി•യു.എ.ഇ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരുന്ന പ്രവാസി മലയാളിയായ ടോജോ മാത്യൂവിന് ലഭിച്ചത് ഉചിതമായ യാത്രയപ്പ് സമ്മാനം. 30 കാരനായ സിവില്‍ സൂപ്പര്‍വൈസറായ ടോജോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് 7 മില്യണ്‍ ദിര്‍ഹത്തിന്റെ (13 കോടിയോളം ഇന്ത്യന്‍ രൂപ) ബിഗ് ടിക്കറ്റ് റാഫിള്‍ സമ്മാനം നേടിയത്.
ചൊവ്വാഴ്ച വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പിലാണ് ടോജോയുടെ 075171 എന്ന നമ്പര്‍ തെരെഞ്ഞെടുക്കപ്പെട്ടത്.
തന്റെ സഹോദരന്‍ ടിറ്റോ ഉള്‍പ്പെടെ 18 പേരുമായി ജാക്ക്പോട്ട് പങ്കിടുമെന്ന് അബുദാബി ആസ്ഥാനമായ സ്കൈലൈന്‍ കോണ്‍ട്രക്ടിംഗ് കമ്പനിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ജോലി ചെയ്യുന്ന ടോജോ പറഞ്ഞു.
‘ഞാന്‍ ജൂണ്‍ 24 ന് നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പാണ് അബുദാബി വിമാനത്താവളത്തില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. ന്യൂഡല്‍ഹിയില്‍ ജോലി ലഭിച്ച ഭാര്യക്കൊപ്പം ചേരുന്നതിനായാണ് ഞാന്‍ യു.എ.ഇ വിട്ടത്. ഞാന്‍ വിജയിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല’- ടോജോ മാത്യൂ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് നഴ്സായ മിനുവിനെ ടോജോ വിവാഹം കഴിച്ചത്.
ജൂലൈ 3 ന് രാവിലെ ബിഗ് ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നാണ് ടോജോയും സുഹൃത്തുക്കളും വിവരമറിയുന്നത്.
‘എന്റെ സഹോദരന്റെ നമ്പര്‍ ഒരു കമ്പനി സൂപ്പര്‍വൈസറുടെ കൈവശമുണ്ടായിരുന്നു. അവനാണ് ആദ്യം വിളി വന്നത്. സഹോദരന്‍ ആ വിവരം എന്നെ അറിയിച്ചപ്പോള്‍, ഓണ്‍ലൈനില്‍ പോയി ബിഗ് ടിക്കറ്റ് സൈറ്റ് പരിശോധിച്ച് അവന്റെ പേര് കാണുന്നത് വരെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.’- ടോജോയുടെ സഹോദരന്‍ ടിറ്റോ പറഞ്ഞു. ടിറ്റോയും അതേ കമ്പനിയില്‍ സിവില്‍ സൂപ്പര്‍വൈസര്‍ ആണ്.
ടോജോയെ വിശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏറെ പണിപ്പെടേണ്ടി വന്നു. ഇതൊരു പ്രാങ്ക് അല്ലെന്ന് തെളിയിക്കാന്‍ ബിഗ് ടിക്കറ്റ് സൈറ്റില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടുകള്‍ വാട്സ്ആപ്പില്‍ അയച്ചു കൊടുത്തുവെന്നും ടിറ്റോ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങിയതിനാല്‍ കമ്പനി താമസസ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം വിജയം ആഘോഷിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് ടോജോ മാത്യൂ.
‘ഇത് എട്ടാമത്തെയോ പത്താമത്തെയോ തവണയാണ് എല്ലാവരും കൂടി പണം സ്വരൂപിച്ച് റാഫിള്‍ ടിക്കറ്റ് വാങ്ങുന്നത്. സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ബോയ്, വാച്ച് മാന്‍ എന്നിവര്‍ ഉള്‍പ്പടെ എന്റെ എല്ലാ സുഹൃത്തുക്കകളും വിജയിച്ചതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇവരെല്ലാവരും സമ്പാദിക്കാന്‍ വളരെ കഷ്ടപ്പെടുന്ന ഇടത്തരക്കാരും താഴെക്കിടയിലുള്ളവരുമാണ്. റാഫിളില്‍ വിജയിക്കുക എന്നത് അവര്‍ക്ക് വലിയ കാര്യമാണ്’- ടോജോ പറയുന്നു.
കേരളത്തില്‍ സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
നറുക്കെടുപ്പില്‍ മറ്റ് 9 പേര്‍ 100,000 ദിര്‍ഹം വീതം നേടി. ഇവരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരും, ഒരാള്‍ പാകിസ്ഥാനിയും ഒരാള്‍ കുവൈത്ത് സ്വദേശിയുമാണ്.
ഇന്ത്യന്‍ പ്രവാസിയായ ഇഖ്‌ലാഖ് കാമില്‍ ഖുറേഷി എന്നയാള്‍ ബി.എം.ഡബ്ല്യൂ സീരീസ് 02 കാര്‍ വിജയിച്ചു.
Post Your Comments