- സുജിത്ത് ചാഴൂര്‍
കളിക്കിടയിലെ അഭിനയമുഹൂര്‍ത്തങ്ങളുടെ പേരില്‍ പരിഹാസ്യനാവുകയും ട്രോളുകളുടെ ഇരയാവുകയും ചെയ്ത നെയ്മറുണ്ട്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ആ വിഷയം അല്ല. അഭിനയത്തോട് യാതൊരുവിധ പിന്തുണയുമില്ല. ഫുട്ബോളിലെ അഭിനയ കഥകള്‍ ഫുട്ബോള്‍ ഉള്ള കാലം മുതല്‍ക്കേ ഉള്ളതാണ്. പ്രധാനമായ ഒരു സ്ഥലത്ത് നിന്ന് ഫ്രീകിക്ക് നേടാനോ എതിര്‍ കളിക്കാരന് ഒരു മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ നേടിക്കൊടുക്കാനോ അതിലൂടെ ഗോള്‍ അടക്കമുള്ള നേട്ടങ്ങള്‍ കൊയ്യാനോ വേണ്ടി കളിക്കാര്‍ അഭിനയിക്കാറുണ്ട്. വളരെ നെഗറ്റീവ് ആയ ഒരു തന്ത്രമാണിത്. ഫുട്ബോള്‍ ആരാധകര്‍ വെറുക്കുന്ന ഈ തന്ത്രം കൊണ്ട് പല വലിയ റിസള്‍ട്ടുകളും മാറ്റിയെടുക്കപ്പെട്ടിട്ടുണ്ട് എന്നത് ചരിത്രം.
1998 ലെ ഫ്രാന്‍സ് ലോകകപ്പില്‍ അര്‍ജന്റീന – ഇംഗ്ലണ്ട് മത്സരം നടക്കുന്നു. ഇംഗ്ലണ്ടിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സാക്ഷാല്‍ ഡേവിഡ് ബെക്കാമിനെ സിമിയോണി വീഴ്ത്തുന്നു. വീണു കിടക്കുന്ന ബെക്കാം സിമിയോണിയെ മെല്ലെ കാല്‍ കൊണ്ട് തൊടുന്നു. ജെന്റിലെസ്റ്റ് ടച് എവര്‍ എന്നാണ് ഫുട്ബോള്‍ വിദഗ്ദര്‍ അതിനെ പറയുന്നത്!. ബെക്കാമിനെ ആരും കേട്ടില്ല. അതോടെ കളി മാറി. അര്‍ജന്റീന തിരിച്ചു വന്നു. ഇംഗ്ലണ്ട് പുറത്തേക്ക്. ലോകത്തിന്റെ മുന്നില്‍ ബെക്കാം ദുരന്തനായകനായി. പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ ബെക്കാമിനെതിരെ ആഞ്ഞടിച്ചു. പിന്നീടൊരിക്കല്‍ സിമിയോണി പറഞ്ഞു, താന്‍ അഭിനയിച്ചതായിരുന്നു എന്ന്. അതോടെ സത്യം പുറത്തുവന്നു. ബെക്കാമിനോട് എല്ലാവരും സഹതാപം കാണിച്ചു. സിമിയോണിയോട് പകയും. അടുത്ത ലോകകപ്പില്‍ വീണ്ടും അര്‍ജന്റീന ഇംഗ്ലണ്ട് പോരാട്ടം വന്നു. കളിക്കിടയില്‍ പെനാല്‍റ്റി കിട്ടി. നിര്‍ബന്ധപൂര്‍വം ബെക്കാം തന്നെ ആ പെനാല്‍റ്റി എടുത്തു. ആ ഗോളിലൂടെ ഇംഗ്ലണ്ട് ജയിച്ചു. പക വീട്ടി. ഇതൊരു അഭിനയ കഥ.
തുടര്‍ന്നും അഭിനയ മുഹൂര്‍ത്തങ്ങള്‍ പലവിധം ഉണ്ടായി. ഇറ്റലിയുടെ മറ്റരാസി അഭിനയത്തിന് പകരം തൊടുത്തത് മാരകമായ അധിക്ഷേപങ്ങളായിരുന്നു. കേവലം ഒരു മനുഷ്യന്‍ ആയിരുന്ന സിദാന് സ്വന്തം അമ്മപെങ്ങന്മാരെ കുറിച്ചുള്ള അധിക്ഷേം അധികനേരം സഹിക്കാനായില്ല. മറ്റരാസിയുടെ നെഞ്ചില്‍ തന്നെ തല കൊണ്ടിടിച്ചു. ഏറെ വിവാദമായ ഒരു സംഭവം. പാടില്ലായിരുന്നു എന്ന വാദത്തിന് ഏറെ പ്രസക്തി ഉണ്ടെങ്കിലും ഒരു പച്ച മനുഷ്യന്‍ ചെയ്യുന്നതേ സിദാന്‍ ചെയ്തിട്ടുള്ളൂ. അന്നത്തെ സിദാന്റെ പുറത്താകലിലൂടെ ഫ്രാന്‍സിനു നഷ്ടമായത് അര്‍ഹിച്ചിരുന്ന ഒരു ലോകകപ്പാണ്.
മേല്‍പറഞ്ഞത് ഫുട്ബോളിലെ ഭംഗിയില്ലാത്ത കുറെ തന്ത്രങ്ങള്‍ മാത്രമാണ്. നെയ്മര്‍ ചെയ്യുന്നതും അത്ര ഭംഗിയില്ലാത്ത ആ തന്ത്രങ്ങള്‍ തന്നെയാണ്. ഒരുപക്ഷെ നെയ്മറെ പോലെ അത്രമേല്‍ പ്രതിഭാധനന്‍ ആയ ഒരു കളിക്കാരന് ആവശ്യമില്ലാത്ത ഒരു തന്ത്രം. പ്രത്യേകിച്ചും വീഡിയോ റെഫരിംഗ് സിസ്റ്റം പോലുമുള്ള ഈ പുതിയ സാഹചര്യത്തില്‍. ഇതുവരെ പറഞ്ഞത് വീഴ്ചാഭിനയം ഒരു നല്ല കീഴ്വഴക്കം അല്ല എന്ന് തന്നെയാണ്. നെയ്മറെ ലോകത്ത് ആരും തന്നെ ഇതിനെ സപ്പോര്‍ട്ട് ചെയ്യുകയില്ല. ഇവിടെ ചര്‍ച്ച ചെയ്യുന്നത് മറ്റൊരു വിഷയമാണ്.
എന്തുകൊണ്ട് നെയ്മര്‍? അയാളെത്തന്നെ ഡിഫന്‍ഡര്‍മാര്‍ അല്ലെങ്കില്‍ മിഡ്ഫീല്‍ഡമാര്‍ സ്ഥിരമായി വീഴ്ത്തുന്നു? ഫുട്ബോള്‍ വിദഗ്ദരുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും എതിര്‍ ടീം കോച്ചുമാരുടെ പ്രകടനങ്ങളും വാക്കുകളും തുറന്നു പറച്ചിലുകളും ഉത്തരം തരുകയാണ്. ആ ഉത്തരത്തിന്റെ തുടക്കത്തിന് നാല് വര്‍ഷത്തെ പഴക്കമുണ്ട്.
ഏതാനും ചെറുപ്പക്കാരുടെ കരുത്തിലും സ്വന്തം കാണികളുടെ മുന്നിലും ബ്രസീലിന്റെ പരിചയസമ്പത്ത് കുറവായ ടീം ജയങ്ങള്‍ നേടി മുന്നേറുന്നു. പരിചയ സമ്പത്തുള്ള ഒന്നോ രണ്ടോ സീനിയര്‍ കളിക്കാരെ പോലും ടീമിലെടുക്കാതെ ചെറുപ്പക്കാരെ മാത്രം സ്കൊളാരി ടീമില്‍ എടുത്തു. നെയ്മര്‍ അടക്കം ഭൂരിഭാഗം പേരും ലോകകപ്പ് ആദ്യമായി കളിക്കുന്നു. അതും സ്വന്തം നാട്ടില്‍. സമ്മര്‍ദം ഏറ്റവും കൂടുതല്‍ ഉള്ള സാഹചര്യം. എന്നിട്ടും അവര്‍ നാട്ടുകാരുടെ പിന്തുണയിലും ആര്‍പ്പു വിളിയിലും ജയിച്ചു കയറി. എങ്കിലും ഒന്ന് തൊട്ടാല്‍ പൊട്ടിപ്പോകുന്ന അവസ്ഥ അവര്‍ക്ക് ഉണ്ടായിരുന്നു എന്ന് നിരീക്ഷകര്‍ക്ക് തോന്നിയിരുന്നു. അങ്ങനെയിരിക്കെ കൊളംബിയയുമായി ക്വാര്‍ട്ടര്‍ മത്സരം വരുന്നു. മത്സരത്തിനിടയില്‍ നെയ്മറുടെ പുറത്തുകയറി മുതുകത്തു കൈകൊണ്ട് അമര്‍ത്തി വീഴ്ത്തി ഒരു ഫൌള്‍ ചെയ്യുന്നു. അതോടെ നെയ്മര്‍ തളര്‍ന്നുപോയി. മത്സരം ഒരുവിധത്തില്‍ പൂര്‍ത്തിയാക്കി. സെമിഫൈനല്‍ കളിക്കേണ്ടത് കരുത്തരായ ജര്‍മ്മനിയുമായി. അതിനിടയില്‍ ആ വാര്‍ത്തയെത്തി. നെയ്മര്‍ക്ക് കളിക്കാനാവില്ല. സ്കൊളാരിയും ബ്രസീലും തരിച്ചു പോയി. കാരണം അവര്‍ ഓരോ ആക്രമണവും പ്ലാന്‍ ചെയ്തിരുന്നത് നെയ്മറെ മാത്രം മുന്‍നിര്‍ത്തി ആയിരുന്നു. അവരുടെ തന്ത്രത്തിന്റെ പാളിച്ചയും അതായിരുന്നു.
മത്സരത്തില്‍ ഏഴു ഗോള്‍ വാങ്ങിക്കൂട്ടിയതിന്റെ ക്ഷീണം സമീപകാലത്തൊന്നും ആരും മറക്കില്ല. നാഥനില്ലാത്ത വീട് പോലെ ആയിരുന്നു ബ്രസീല്‍ ടീം. മത്സര ശേഷം ബ്രസീല്‍ കളിക്കാര്‍ പറഞ്ഞ ഒരു വാചകമുണ്ട്. ‘’ പന്ത് കിട്ടിയാല്‍ ഞങ്ങള്‍ ആദ്യം നോക്കുന്നത് നെയ്മറെ ആയിരുന്നു. അതുവരെ അങ്ങനെ ആയിരുന്നു. നെയ്മറില്ലാതെ പെട്ടെന്ന്‍ ഒരു പ്ലാനിങ്ങും കളിക്കളത്തില്‍ മനസ്സില്‍ വന്നില്ല. ആ അമ്പരപ്പിനിടയില്‍ രണ്ടു ഗോളുകള്‍ വീണു. പിന്നെ എല്ലാം തകര്‍ന്നു.’’
നെയ്മറില്ലാത്ത ബ്രസീല്‍ ! ആ ഒരു അവസ്ഥ എന്തായിരിക്കും എന്ന് പലരുടെയും മനസ്സില്‍ ചിന്തകള്‍ ഉണര്‍ത്തി. ഏറ്റവും കൂടുതല്‍ ചിന്തിച്ചത് കോച്ചുമാര്‍ തന്നെയാണ്. എന്നെങ്കിലും ബ്രസീലുമായി കളിക്ക് ഇറങ്ങുമ്പോള്‍ എന്തൊക്കെ പ്ലാന്‍ ചെയ്യണം എന്നതിലെ ആദ്യതന്ത്രമായി നെയ്മറെ ഒതുക്കുക എന്നതായിരുന്നു.
കഴിഞ്ഞ വര്‍ഷം ലോകകപ്പിന്റെ ഡ്രോ നടന്നപ്പോള്‍ ബ്രസീല്‍ വരുന്ന ഗ്രൂപ്പിലെ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞ ഉടന്‍ സ്വിറ്റ്സര്‍ലന്‍ഡ് കോച്ച് ആദ്യ സൂചനകള്‍ തന്നു. ഏതു വിധേനയും നെയ്മറെ പൂട്ടും. ടാക്ലിംഗ് എങ്കില്‍ അങ്ങനെ എന്ന്. എതിരാളികളെ വട്ടം കൂടി പിടിച്ചു കെട്ടുന്ന രീതിയേക്കാള്‍ വേണമെങ്കില്‍ ശക്തമായി ടാക്ലിംഗ് ചെയ്തോളൂ എന്ന നിര്‍ദേശം ആയിരുന്നു കോച്ച് കളിക്കാര്‍ക്ക് നല്‍കിയത്. ആ തന്ത്രം കോച്ച് ആവിഷ്കരിച്ചു, കളിക്കാര്‍ നടപ്പിലാക്കി. നെയ്മര്‍ വീണു. അല്ല വീഴ്ത്തപ്പെട്ടു. ഒന്നല്ല പത്തുവട്ടം. മിഡ്ഫീല്‍ഡില്‍ , പെനാല്‍റ്റി ബോക്സിനു പുറത്ത് പലതവണ. ഒരു കളിക്കാരന്‍ ഒരൊറ്റ കളിയില്‍ ഫൌള്‍ ചെയ്യപ്പെടുന്നതിന് കണക്കില്‍ റെക്കോഡ്. കഴിഞ്ഞ 20 വര്‍ഷത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൌള്‍ ചെയ്യപ്പെട്ട പ്ലെയര്‍ ആയി മാറി. ഒരൊറ്റ കളിക്കാരനെ വീഴ്ത്തിയതിന് മാത്രം ഒരൊറ്റ കളിയില്‍ ഒരു ടീമിലെ മൂന്നു കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡ് ! സ്വാഭാവികമായും അയാള്‍ മങ്ങിപ്പോയി. സ്വിറ്റ്സര്‍ലന്‍ഡ് ആഗ്രഹിച്ചത് നടന്നു. ഒരു ജയം അല്ലെങ്കില്‍ സമനില. അവര്‍ക്ക് അതുമതിയായിരുന്നു. ഗ്രൂപ്പില്‍ മറ്റു ടീമുകളുമായി ജയിച്ചോ സമനില പിടിച്ചോ ബ്രസീലിനൊപ്പം രണ്ടാം റൌണ്ട് പ്രവേശനം.
ഇതേ തന്ത്രം തന്നെ ഗ്രൂപ്പിലെ ചെറു ടീമുകള്‍ ആവിഷ്കരിച്ചു. നെയ്മര്‍ പിന്നെയും വീണുകൊണ്ടിരുന്നു. ഫൌളുകളുടെ എണ്ണം കൂടി. അയാളെ വീഴ്ത്തുന്നവര്‍ക്ക് എതിരെ റഫറിക്ക് മഞ്ഞക്കാര്‍ഡ് സ്ഥിരമായി ഉയര്‍ത്തേണ്ടി വന്നു. വീഴ്ത്തല്‍ തന്ത്രം ഭാഗികമായി വിജയം കണ്ടെങ്കിലും എതിരാളികള്‍ തോറ്റത് മറ്റൊരിടത്തായിരുന്നു. നെയ്മര്‍ വീണാലും തകരുന്ന ബ്രസീല്‍ അല്ലായിരുന്നു ഇപ്പോള്‍. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ടിറ്റെ എന്ന പരിശീലകന്‍ ടീമിനെ ഒന്നാകെ മാറ്റി എടുത്തിരുന്നു. ഒരുപാട് നല്ല നീക്കങ്ങള്‍ നെയ്മറെ വീഴ്ത്തുന്നതിലൂടെ മുനയൊടിക്കാന്‍ കഴിഞ്ഞെങ്കിലും ടീം ബ്രസീലിനെ തകര്‍ക്കാന്‍ ചെറുടീമുകളുടെ തന്ത്രം പോരായിരുന്നു. എങ്കിലും അവരുടെ ടാക്ലിംഗ് ലക്‌ഷ്യം കൃത്യമായിരുന്നു.
ആദ്യ കളിക്ക് ശേഷം സര്‍ജറി കഴിഞ്ഞ കാലിലടക്കം ഫൌളുകള്‍ കൊണ്ട് കിട്ടിയ പാടുകള്‍ കണ്ട് നെയ്മര്‍ അടക്കം മാനസികമായി അസ്വസ്ഥനായിരുന്നു എന്ന് ടീമുമായി ബന്ധപ്പെട്ട ന്യൂസില്‍ പറയുന്നു. ടാക്ലിംഗ് മാരകമായാല്‍ കരിയര്‍ പോലും അവസാനിക്കുമോ എന്ന ഭയം നെയ്മറിനും കളിക്കാര്‍ക്കും ഉണ്ടായിരുന്നു. ടീമിലെ ഡോക്റ്റര്‍മാരുടെയും മനശാസ്ത്രവിദഗ്ദരുടെയും സഹായത്താല്‍ അവര്‍ ഉത്തേജിതരായി.
അയാളെ ട്രോളുന്നവര്‍ ഉണ്ടാകും. അയാളുടെ അമിതാഭിനയത്തെ ട്രോളുക തന്നെ വേണം. പക്ഷേ വീഴ്ത്തുന്നത് കൂടി കാണണം. ഏറ്റവും അവസാനമായി മെക്സിക്കന്‍ താരം വീണുകിടന്ന അയാളെ ചവിട്ടുന്നത് ലോകം കണ്ടു. അതിനെയും ട്രോള്‍ ചെയ്തു പലരും. ഇതും അഭിനയമല്ലേ എന്ന് ചോദിച്ച ഒരു പത്രക്കാരനോട് ബ്രസീല്‍ സ്റ്റാഫ് ചോദിച്ചത് ഇങ്ങനെയാണ്. ‘’ താങ്കള്‍ കിടക്കൂ, താങ്കളുടെ ആങ്കിളില്‍ ലോഹത്തിന്റെ സ്പൈക്സ് ഇട്ടു ഞാനൊന്ന് ചവിട്ടിക്കോട്ടേ? രണ്ടു മിനിട്ടെങ്കിലും താങ്കള്‍ വേദന തിന്നുകയില്ലേ?”
കൂടുതലും ചെറിയ ടീമുകളാണ് നെയ്മറെ ആക്രമിച്ചത്. ഇനിയുള്ള കളികളില്‍ വീഴ്ത്തല്‍ ആക്രമണം കുറവായിരിക്കും എന്നാണ് ടീമിന്റെ പ്രതീക്ഷ. വലിയ ടീമുകള്‍ ഒന്നും അങ്ങനെ വീഴ്ത്തി ജയിക്കുന്ന ശീലമുള്ളവരല്ല എന്നത് തന്നെയാണ് കാരണം. മെസ്സിയെയും റൊണാള്‍ഡോയെയും ഒക്കെ നാലോ അഞ്ചോ കളിക്കാരെ വച്ച് പൂട്ടുന്നത് നമ്മള്‍ കണ്ടതാണ്. കാരണം അവരൊക്കെ അത്രയും വിനാശം വിതക്കാന്‍ കഴിവുള്ള മഹത്തായ കളിക്കാരാണ്. എങ്കിലും അവരുടെയൊക്കെ ‘’ദേഹത്ത് കൈവക്കാന്‍’’ അധികം ആരും മുതിര്‍ന്നിട്ടില്ല. എന്നിട്ടും നെയ്മര്‍ മാത്രം ആക്രമിക്കപ്പെടുന്നു. നെയ്മര്‍ വീണാല്‍ ബ്രസീല്‍ വീണു എന്ന ചിന്തക്ക് അവസാനം വരുന്നത് വരെ ഇനിയും നെയ്മറെ വീഴ്ത്തിക്കൊണ്ടിരിക്കും. അത് എതിര്‍ ടീമുകളുടെ മനസ്സില്‍ ആഴത്തില്‍ ഉറച്ചു പോയ ഫ്രെയ്സ് ( ശൈലി ) ആണ്. മെസ്സിയെ പൂട്ടിയാല്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാം എന്നതുപോലെ. മെസ്സിയെ പൂട്ടിയപ്പോള്‍ ഒക്കെ അര്‍ജന്റീന ഭയന്നിട്ടുണ്ട്. സച്ചിന്‍ വീണാല്‍ ഇന്ത്യ തോറ്റു എന്ന് പറയുന്നത് പോലെ. അത് സത്യവുമായിരുന്നു. ഒരുകാലത്ത് സച്ചിനെ വീഴ്ത്താന്‍ എതിര്‍ ക്യാപ്റ്റന്മാര്‍ തന്ത്രങ്ങള്‍ സ്വീകരിക്കുമായിരുന്നു. കാരണം സച്ചിന്‍ വീണാല്‍ ഇന്ത്യ തകര്‍ന്നിട്ടുണ്ട് ഒരുപാട് തവണ.
ജയിച്ചു എന്ന് കരുതിയ കളികള്‍ പോലും നമ്മള്‍ തോറ്റ് കൊടുത്തിട്ടുണ്ട്. അതിനൊരു മാറ്റം വന്നത് എന്തിനും പോന്ന കുറെ കളിക്കാര്‍ സച്ചിനൊപ്പം ചേര്‍ന്നപ്പോഴാണ്. ഇപ്പോള്‍ അങ്ങനെ ഒരുപറ്റം കളിക്കാര്‍ ബ്രസീലിനും ഉണ്ട്. ഒരു വിജയം മതിയാകും പല ചിന്തകള്‍ക്കും തന്ത്രങ്ങള്‍ക്കും ശൈലികള്‍ക്കും മാറ്റം ഉണ്ടാകാം. നെയ്മര്‍ എന്നല്ല അനാവശ്യമായി ഒരു കളിക്കാരനും വീഴ്ത്തപ്പെടാതിരിക്കട്ടെ
Also read : ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ജപ്പാന്റെ ഈ സൂപ്പർ താരങ്ങൾ
Post Your Comments