Life Style

വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കാതെപോകുന്ന ‘ലൈറ്റ് ‘കാര്യങ്ങൾ

വാഹനങ്ങളിൽ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. എന്നാൽ വാഹനങ്ങളിലെ വിവിധ ലൈറ്റുകളെപ്പറ്റിയും അവയുടെ ഉപയോഗരീതിയെപ്പറ്റിയും പലരും മനസിലാക്കാറില്ല.

ബ്രേക്ക് ലൈറ്റ്

car
മുന്നിലുള്ള വാഹനം നിര്‍ത്താന്‍ അല്ലെങ്കില്‍ വേഗം കുറയ്ക്കാന്‍ പോകുന്ന വിവരം പിന്നാലെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അറിയുന്നത് ബ്രേക്ക് ലൈറ്റ് കത്തുന്നതിലൂടെയാണ്. ബ്രേക്ക് ഉപയോഗിക്കാതെ ഗീയര്‍ ഡൗണ്‍ ചെയ്ത് എന്‍ജിന്‍ ബ്രേക്കിങ്ങിലൂടെ വണ്ടിയുടെ വേഗം കുറയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് പിന്നാലെ വരുന്നവര്‍ക്ക് മനസിലാകാതെ പോകുമെന്നതിനാല്‍ അപകടമുണ്ടാക്കും. അതുകൊണ്ടുതന്നെ ബ്രേക്ക് പെഡല്‍ ഒന്നമര്‍ത്തി ബ്രേക്ക് ലൈറ്റ് തെളിച്ച് സൂചന നല്‍കിയശേഷം ഗീയര്‍ ഡൗണ്‍ ചെയ്ത് വാഹനത്തിന്റെ വേഗം കുറയ്ക്കുക.

ഹെഡ് ലൈറ്റ്

ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലര്‍ക്കും അറിയില്ലെന്നു തോന്നും രാത്രികാലങ്ങളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ . ഡിം , ബ്രൈറ്റ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഹെഡ്‍ലൈറ്റ് – ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലിവറില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തേയ്ക്ക് നേര്‍ദിശയില്‍ പ്രകാശം പരത്താനുള്ളതാണ് ബ്രൈറ്റ് മോഡ്. 100 മീറ്ററിലേറെ ദൂരത്തേയ്ക്ക് പ്രകാശം പരക്കും. ബ്രൈറ്റ് മോഡ് ഇടുമ്പോള്‍ മീറ്റര്‍ കണ്‍സോളില്‍ നീല ലൈറ്റ് തെളിയുന്നത് കാണാം.

ഡിം മോഡില്‍ കുറഞ്ഞ പരിധിയില്‍ താഴ്ന്ന് മാത്രമാകും ഹെ‍ഡ്‍ലൈറ്റിന്റെ പ്രകാശം പതിക്കുക. തെരുവു വിളക്കുകള്‍ നിറ‍ഞ്ഞ നഗരവീഥികളില്‍ ഡിം മോഡ് മാത്രം ഉപയോഗിക്കുക. ഹൈവേകളിലും ഇരുട്ട് നിറഞ്ഞ വഴികളിലും ബ്രൈറ്റ് ഇടാം. 200 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ എതിരെ അല്ലെങ്കില്‍ മുന്നില്‍ വണ്ടിയുള്ള പക്ഷം ഹെഡ് ലൈറ്റ് ഡിം മോഡിലിടണം.

സൂര്യാസ്തമയം കഴിഞ്ഞ് അരമണിക്കൂറിനുശേഷമോ മതിയായ വെളിച്ചമില്ലാത്തപ്പോഴോ ഹെഡ്‍ലാംപുകള്‍ ഓണ്‍ ചെയ്യണമെന്നാണ് സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ലെ റൂള്‍ 105 ല്‍ പറയുന്നത്. മഴയുള്ളപ്പോള്‍ ഹെഡ്‍ലൈറ്റ് ഡിം മോഡില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഡ്രൈവിങ് സുരക്ഷിതമാക്കാന്‍ സഹായിക്കും.

രാത്രിയില്‍ ഹോണ്‍ ഉപയോഗം പാടില്ലാത്തതിനാല്‍ ഓവര്‍ടേക്ക് ചെയ്യേണ്ടപ്പോള്‍ മുന്നില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് സൂചന നല്‍കാന്‍ ഹെഡ് ലൈറ്റ് ഇടവിട്ട് ബ്രൈറ്റ് ചെയ്യുക. വളവുകളില്‍ ഡിം , ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇതുസഹായിക്കും. നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‍ലൈറ്റ് ബ്രൈറ്റ് മോഡിലായിരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനം ലൈറ്റ് മിന്നിക്കുന്നത് ഡിം ചെയ്യാനുള്ള അഭ്യര്‍ഥനയാണ്.

ഇന്‍ഡിക്കേറ്ററുകള്‍

നേരേ പോകുന്ന വാഹനം പെട്ടെന്ന് ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിഞ്ഞ് ഒറ്റ പോക്ക്. ദിവസവും ഇത്തരത്തിലുള്ള പലരെയും നമ്മള്‍ റോഡില്‍ കാണാറുണ്ട്. ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഇല്ലാത്ത വാഹനമാണോ അവരുടേത് എന്നു പോലും സംശയിച്ചുപോകും.

ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേയ്ക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേയ്ക്ക് തിരിയുന്നതിന് 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ 900 അടി മുമ്പ് വേണം.
ഉപയോഗശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേയ്ക്ക് തിരിയാവു. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.

മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേയ്ക്കുള്ള ഇടരുത്. ഹാന്‍ഡ് സിഗ്നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേയ്ക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്തുകൊളളും.

ഹസാഡ് വാണിങ് ലൈറ്റ്

സ്റ്റിയറിങ് വീലിനോട് ചേര്‍ന്നോ സെന്റര്‍ കണ്‍സോളിലോ സ്ഥിതി ചെയ്യുന്ന വെളുപ്പ് നിറത്തിലുള്ള രണ്ട് ത്രികോണം ( ഒന്നിനുള്ളില്‍ മറ്റൊന്ന്)രേഖപ്പെടുത്തിയ ചുവപ്പ് സ്വിച്ച് , ഹസാഡ് വാണിങ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ളതാണ്. ഈ സ്വിച്ച് അമര്‍ത്തിയാല്‍ വാഹനത്തിന്റെ എല്ലാ ഇന്‍ഡിക്കേറ്റുകളും മിന്നിത്തെളിഞ്ഞുകൊണ്ടിരിക്കും. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ച് റോഡില്‍ കിടന്നുപോയാല്‍ ഈ സ്വിച്ച് ഓണ്‍ ചെയ്യുക. റോഡരികില്‍ ഒരു വണ്ടി കിടപ്പുണ്ട് എന്ന സൂചന മറ്റു വാഹനമോടിക്കുന്നവര്‍ക്ക് നല്‍കാന്‍ ഇതുസഹായിക്കും, രാത്രി കാലങ്ങളില്‍ പ്രത്യേകിച്ചും.
നാല് റോഡുകള്‍ ചേരുന്ന ഇടങ്ങളില്‍ നേരേ പോകാനായാണ് പലരും ഹസാഡ് വാണിങ് ലൈറ്റ് ഉപയോഗിക്കാറുള്ളത്. അത് ചെയ്യരുത്. നേരേ പോകേണ്ട പക്ഷം ഇടതുവശത്തുകൂടി മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന വിധം വണ്ടി നിര്‍ത്തി , പരിസരം വീക്ഷിച്ച് ശ്രദ്ധാപൂര്‍വം റോഡ് മുറിച്ചുകടക്കുക.

റിവേഴ്സ് ലൈറ്റ്

ടെയ്ല്‍ലാംപിലെ വെളുപ്പ് നിറത്തിലുള്ള ലൈറ്റ് വാഹനം റിവേഴ്സ് ഗീയറിലിലാണെന്ന സൂചന നല്‍കാനുള്ളതാണ്. തലതിരിഞ്ഞവര്‍ ഇതിന്റെ കണക്ഷന്‍ വയറിങ് മാറ്റി സദാ കത്തിനില്‍ക്കുന്നതായി മാറ്റും. ഇത്തരം ദുഷ്ചെയ്തികള്‍ മറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് എത്രയേറെ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ.

ഹോണ്‍

ലൈറ്റ് വിഭാഗത്തില്‍ പെടില്ലെങ്കിലും പ്രധാനപ്പെട്ട മറ്റൊരു ആശയവിനിമയ ഉപാധിയായ ഹോണിനെപ്പറ്റി കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. ട്രാഫിക് സിഗ്‍നലില്‍ പച്ച തെളിയുമ്പോള്‍ ഹോണടിച്ച് മുന്നിലുള്ള വാഹനത്തിലുള്ളവരെ ശല്യപ്പെടുത്തുക, അനാവശ്യമായി ഹോണടിക്കുക , അമിത ശബ്ദമുള്ള ഹോണ്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള കടുംകൈകള്‍ ചെയ്യുക പല ഡ്രൈവരുടെയും വിനോദമാണ്. എന്നാല്‍ ആവശ്യമുളള സ്ഥലങ്ങളില്‍ ഹോണടിക്കുകയുമില്ല. വളവുകളില്‍ ഹോണ്‍ അടിക്കാതെ നേരേ കേറിപ്പോരും , മറ്റുള്ളവരുടെ ജീവന്‍ എടുക്കാന്‍ . എതിരെയുള്ള ട്രാഫിക് കാണാനാവാത്ത എല്ലാ വളവുകളിലും വാഹനങ്ങള്‍ വരുന്നുണ്ടാവും എന്നു കരുതി ഹോണ്‍ അടിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രദ്ധിക്കുക.

ഫോഗ് ലാംപ്

ഫോഗ് എന്നാല്‍ മൂടല്‍ മഞ്ഞ്. ഫോഗ് ലാംപ് റോഡ് കാണാനാവാത്ത വിധം മൂടല്‍ മഞ്ഞുള്ളപ്പോള്‍ ഉപയോഗിക്കാനുള്ളതാണ്. അല്ലാതെ മഴയത്ത് പോകുമ്പോള്‍ ഇടാനുള്ളതല്ല. വാഹനത്തിനു തൊട്ടുമുന്നില്‍ റോഡിലേയ്ക്ക് കൂടുതല്‍ വിസ്താരത്തില്‍ പ്രകാശം നല്‍കാന്‍ കഴിവുള്ള ഫോഗ് ലാംപുകള്‍ ബമ്പറില്‍ താഴ്ത്തിയാണ് ഉറപ്പിച്ചിരിക്കുന്നത്. കനത്ത മഞ്ഞുള്ളപ്പോള്‍ റോഡ് കാണാന്‍ ഇതുസഹായിക്കും.

മഞ്ഞ അല്ലെങ്കില്‍ വെളുപ്പ് നിറത്തിലുള്ള പ്രകാശമാണ് ഫോഗ് ലാംപുകള്‍ക്ക്. നീല വെട്ടം അനുയോജ്യമല്ല. ഫോഗ് ലാംപുകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ യാതൊരു കാരണവശാലും ഹെഡ്‍ലാംപ് ബ്രൈറ്റ് മോഡില്‍ ഇടരുത്. മഞ്ഞില്‍ തട്ടി പ്രകാശം പ്രതിഫലിച്ച് കാഴ്ച തീരെ കുറയാന്‍ അതിടയാക്കും. ഫോഗ് ലാംപ് ഉപയോഗിക്കുമ്പോള്‍ ഹെഡ്‍ലൈറ്റ് ഡിം മോഡില്‍ പോലും നിര്‍ബന്ധമില്ല, പാര്‍ക്ക് ലൈറ്റ് മാത്രം ഓണ്‍ ചെയ്താല്‍ മതി.പിന്നിലെ ഫോഗ് ലാംപുകള്‍ ചുവപ്പ് പ്രകാശം പരത്തുന്നതായിരിക്കണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button