ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി.
ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സുൽത്താൻസ് ബാറ്ററി എന്ന വാക്കിൽ നിന്നും വന്ന വയനാടൻ ഗ്രാമം. കേരളവും കർണ്ണാടകയും തമിഴ്നാടും സംഗമിക്കുന്ന സുൽത്താൻ ബത്തേരി പ്രകൃതി ഭംഗി കൊണ്ടും അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും ഒക്കെ എന്നും വേറിട്ടു നിൽക്കുന്ന ഇടമാണ്.
ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ബത്തേരി വയനാട്ടിൽ എത്തുന്ന ആളുകളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ബത്തേരിയുടെ വിശേഷങ്ങളിലേക്ക്
കേരളത്തിലെ മറ്റൊരു സ്ഥലത്തിന്റെയും പേരിനോട് യാതൊരു സാമ്യവും തോന്നാത്ത പേരാണ് സുൽത്താൻ ബത്തേരിയുടേത്. ടിപ്പു സുൽത്താൻ ഒരു കാലത്ത് തന്റെ ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു ഇടമായി ആയിരുന്നു ഈ സ്ഥലത്തെ കണ്ടിരുന്നത്. സുൽത്താൻസ് ബാറ്ററി എന്ന വാക്കിൽ നിന്നുമാണ് പില്ക്കാലത്ത് ഇവിടം സുൽത്താൻ ബത്തേരിയായത്. പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ എന്ന വാക്കും സുൽത്താൻ ബത്തേരിയോട് ചേർത്തു വയ്ക്കാറുണ്ട് ചില ചരിത്രകാരൻമാർ. അതിനും മുൻപ് കന്നഡയിൽ ഹന്നരഡു വീധി എന്നും ഇവിടം അറിയപ്പെട്ടിരുന്നുവത്രെ!
സമുദ്ര നിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി ഭംഗിയുടെ കാര്യത്തിൽ വയനാട്ടിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി നിൽക്കുന്ന ഇടമാണ്. കേരളവും കർണ്ണാടകയും തമിഴ്നാടും സംഗമിക്കുന്ന സുൽത്താൻ ബത്തേരി തികച്ചും ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ്. സമതലവും കുന്നിൻചെരുവും പാറക്കെട്ടുകളും താഴ്വരകളും ഒക്കെ ചേരുന്ന സ്ഥലമാണിത്.
ആദിവാസികൾ മുതൽ ജൈനൻമാർ വരെ
പണ്ട് ആദിവാസികൾ മാത്രം ഉണ്ടായിരുന്ന ഇടമായിരുന്നുവത്രെ സുൽത്താൻ ബത്തേരി. എഡി 1400 മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നതായാണ് ചരിത്രം പറയുന്നത്. ജൈനരാണ് ഇവിടെ ആദ്യം കുടിയേറ്റം നടത്തിയത്. അങ്ങനെ അവരാണ് ഹെന്നരു ബീഡികെ എന്ന പേരു നല്കുന്നത്. ഇവർ ഉപയോഗിച്ചിരുന്ന പാതയാണ് പിന്നീട് ടിപ്പു സുൽത്താൻ വികസിപ്പിച്ചത്. അത് പിന്നീട് ദേശീയപാത 212 ആക്കി ഉയർത്തുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് വലിയ തോതിൽ കുടിയേറ്റം നടന്നിട്ടുണ്ട്.
മൈസൂരിലേക്കു തുരങ്കമുള്ള ക്ഷേത്രം
കേരളത്തിലെ ജൈന മതത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബത്തേരിയിലെ ജൈന ക്ഷേത്രം. 13-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ടിപ്പുവിന്റെ ആയുധപ്പുരയായിരുന്നു. ഇവിടുത്തെ കിണറിൽ നനിന്നും മൈസൂർ വരെ അദ്ദേഹം ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ക്ഷേത്രത്തിനു മുൻഭാഗത്തായാണ് ചരുരാകൃതിയിൽ കിണറുള്ളത്.
മതിൽക്കെട്ടിനുള്ളിലായി കരിങ്കല്ലിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, നമസ്കാര മണ്ഡപം എന്നിവ ഇവിടെ കാണാം. ചരുരാകൃതിയിലുള്ള ശ്രീ കോവിലിൽ വിഗ്രഹം ഇല്ല. ജൈനരുടെ ദേവപ്രതിമകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാൻ സാധിക്കും. കൽപ്പറ്റയിൽ നിന്നും 24 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 41 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
അമ്പുകുത്തി മല
ഇടയ്ക്കൽ ഗുഹകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധമലയാണ് അമ്പുകുത്തി മല. അമ്പുകുത്തി മലയുടെ ഭാഗമാണ് എടക്കൽ ഗുഹകൾ. മൂന്നു ഗുഹകളാണ് ഇവിടെയുള്ളത്. ക്രിസ്തുവിന് പിൻപിൽ എട്ടായിരം വർഷത്തോളം പഴക്കമുള്ള ചുവർ ചിത്രങ്ങളും മറ്റും ഇവിടെ കാണാം. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടിനിടയ്ക്ക് വളരെ അവിചാരിതമായാണ് ഇത് കണ്ടെത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്നും 12 കിലോമീറ്ററും അമ്പലവയലിൽ നിന്നും നാലു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
എടയ്ക്കൽ ഗുഹകൾ
അമ്പുകുത്തിമലയിലെ ഗുഹകളിലൊന്നാണ് എടയ്ക്കൽ ഗുഹ. അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ് ഇ ഗുഹ. കേരളത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ ഏറ്റവും പഴക്കം ചെന്നത് ഇവിടെ നിന്നുള്ളതാണ്. പാറകൾക്കിടയിലെ വിള്ളലിലേക്ക് മുകളിൽ നിന്നും പതിച്ച കല്ലിൽ നിന്നുമാണ് എടയ്ക്കൽ ഗുഹയ്ക്ക് പേരു ലഭിക്കുന്നത്.
വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം
കർണ്ണാടകയിലെ നാഗർഹോളയ്ക്കും ബന്ദിപ്പൂരിനും തമിഴ്നാട്ടിലെ മുതുമലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വയനാടൻ കാടുകളുടെ കവാടം
വയനാട്ടിലെ കാടുകളിലേക്കും പച്ചപ്പുകളിലേക്കും ഉള്ള ഒരു കവാടം കൂടിയാണ് ഇവിടം. വന്യജീവി സങ്കേതത്തിനോട് ചേർന്നു കിടക്കുന്നതിനാൽ വയനാട്ടിലെ മറ്റൊരുടത്തും കാണാൻ സാധിക്കാത്ത ജൈവവൈവിധ്യം ഇവിടെ കാണാം.
തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി രണ്ടു ദിവസം ശാന്തമായി ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. വയനാടിന്റെ മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി കഠിനമായ തണുപ്പോ ചൂടോ അനുഭവപ്പെടാത്ത ഇവിടം എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം.
എത്തിച്ചേരാൻ
കോഴിക്കോടു നിന്നും 98 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി സ്ഥിതി ചെയ്യുന്നത്. മൈസുരിൽ നിന്നും 115 കിലോമീറ്റർ അകലെയാണിത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. ബാംഗളൂർ, മൈസൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും എപ്പോഴും ഇവിടേക്ക് ബസ്സുകൾ ലഭ്യമാണ്.
Post Your Comments