ചെന്നൈ: സത്യശ്രീ ശര്‍മിള ഇനി ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷക. മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്നാട് സ്വദേശിനിയായ സത്യശ്രീ അഭിഭാഷകയായി എന്‍ റോള്‍ വിജയത്തോടെയാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്.
ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മുപ്പത്തിയാറുകാരിയായ സത്യശ്രീയ്ക്ക് അഭിഭാഷകയുടെ കുപ്പായം അണിയാന്‍ കഴിയുന്നത്. ഒരു അഭിഭാഷകയാവുക എന്ന നേട്ടത്തിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് സത്യശ്രീ പറയുന്നു.
സേലം ലോ കോളേജില്‍ നിന്നാണ് സത്യശ്രീ നിയമപഠനം പൂര്‍ത്തിയാക്കുന്നത്. ഇതിനിടെ വീടുവിട്ട് മുംബൈയിലേക്ക് കുടിയേറി. അവിടെ വെച്ചാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള സത്യശ്രീയുടെ ശ്രമങ്ങള്‍ ആരംഭിച്ചത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകള്‍ കിട്ടുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. സുപ്രീംകോടതിയുടെ സഹായത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് ലഭിക്കുന്ന ആദ്യ വ്യക്തിയും സത്യശ്രീയായിരുന്നു.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അഭിഭാഷകരായി എന്‍ റോള്‍ ചെയ്യാന്‍ വകുപ്പില്ല എന്നത് സത്യശ്രീയുടെ സ്വപ്നത്തിന് ഒരു തടസമായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലില്‍ ആ വിലക്ക് നീങ്ങിയതോടെയാണ് അഭിഭാഷക എന്ന തന്റെ സ്വപ്നത്തിലേക്ക് സത്യശ്രീ എത്തുന്നത്. രാജ്യത്തുള്ള ന്യൂനപക്ഷമായ തന്റെ വിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സത്യശ്രീ പറയുന്നു.
Post Your Comments