ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്നും തടവുകാരുടെ തെറ്റുകള്‍ തിരുത്തി നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങളായി അവ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷനല്‍ ഹോമിലെ അന്തേവാസികള്‍ക്കുള്ള പുതിയ ബ്ലോക്കിന്റേത് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ടി പി കേസിലെ പ്രതികളുള്ള ജയിലില്‍ പിണറായിയുടെ സന്ദര്‍ശനം
കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന കേന്ദ്രങ്ങളായി ജയിലുകള്‍ മാറരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. തടവുകാരോടുള്ള സമീപനം മനുഷ്യത്വപരമാവണമെന്ന കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ് പുതിയ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘന കേന്ദ്രമായി ജയിലുകള്‍ മാറിയ ഒരു കാലമുണ്ടായിരുന്നു. അക്കാലമൊക്കെ മാറി. കുറ്റകൃത്യങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന് വിരുദ്ധമായ കാര്യങ്ങള്‍ എവിടെയെങ്കിലും സംഭവിച്ചാല്‍ അതിനോട് മൃദുസമീപനം കാണിക്കില്ല. ഇക്കാര്യം ബന്ധപ്പെട്ടവരുടെ മനസ്സിലുണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജയിലുകളില്‍ കാലാനുസൃതമായ പരിഷ്‌ക്കരണങ്ങളുണ്ടാവണം. മനുഷ്യാവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള താമസസ്ഥലമായി അവ മാറണം. പലകാരണങ്ങളാല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരിലെ തിന്‍മകളെ തിരുത്തി നാടിന് ഗുണം ചെയ്യുന്നവരാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് പരിഷ്‌കൃത ജയിലുകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമാനുസൃതമാവണം. തടവുകാരോടുള്ള സമീപനത്തിലും ഇതുണ്ടാവണം. തടവുകാര്‍ തനിക്കു നല്‍കിയ നിവേദനങ്ങളില്‍ സാധ്യമായവ നടപ്പിലാക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുതുതായി നിര്‍മിച്ച അന്തേവാസികള്‍ക്കുള്ള ബ്ലോക്കില്‍ 80 തടവുകാരെ വീതം താമസിപ്പിക്കാന്‍ കഴിയുന്ന രണ്ട് നിലകളാണുള്ളത്. കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്. ഒന്നേ മുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിനൊപ്പം, 72.5 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, 65 ലക്ഷം ചെലവഴിച്ച് നവീകരിച്ച അടുക്കള, അന്തേവാസികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നതിനായി 9 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കംപ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതോടൊപ്പം സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച് മലബാര്‍ ഫ്രീഡം ടേസ്റ്റ് ഫാക്ടറി എന്ന പേരില്‍ പുതുതായി നിര്‍മിക്കുന്ന ഭക്ഷണശാലയുടെയും യോഗ ഹാള്‍ കം ഓഡിറ്റോറിയത്തിന്റെയും ചീമേനി തുറന്ന ജയിലില്‍ നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പുതിയ ബാരക്ക് എന്നിവയുടെയും ശിലാസ്ഥാപവും അന്തേവാസികളുടെ ഹ്രസ്വചിത്രം, ചെണ്ടമേളത്തിന്റെ ലോഗോ എന്നിവയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഉത്തരമേഖല ജയില്‍ ഡി.ഐ.ജി എസ് സന്തോഷ്, കൗണ്‍സിലര്‍ സി.കെ വിനോദ്, പി ജയരാജന്‍, കെ വിനോദന്‍, പി.ടി സന്തോഷ് സംസാരിച്ചു. പ്രിസണ്‍സ് ആന്റ് കറക്ഷനല്‍ സര്‍വീസസ് ഡയരക്ടര്‍ ജനറല്‍ ആര്‍ ശ്രീലേഖ സ്വാഗതവും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍.എസ് നിര്‍മലാനന്ദന്‍ നായര്‍ നന്ദിയും പറഞ്ഞു. ചീമേനി തുറന്ന ജയില്‍ അന്തേവാസികള്‍ക്ക് ഹ്രസ്വചിത്ര നിര്‍മാണത്തില്‍ പരിശീലനം നല്‍കിയ ചലച്ചിത്ര പ്രവര്‍ത്തകനും സംവിധായകനുമായ ചിദംബരം പളനിയപ്പനും തടവുകാരെ ചെണ്ടവാദ്യം അഭ്യസിപ്പിച്ച രാധാകൃഷ്ണന്‍ മാരാര്‍ക്കും മുഖ്യമന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.
Post Your Comments