Kerala

മുഖ്യമന്ത്രിക്ക് നൂറുകണക്കിന് പോലീസുകാരുടെ സുരക്ഷ; തീരുമാനത്തിൽ മാറ്റം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന അധികസുരക്ഷ ഒഴിവാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ‘മുഖ്യമന്ത്രിക്ക്, അനുവദിച്ചിട്ടുള്ള സുരക്ഷ മാത്രം മതിയെന്നു തീരുമാനിച്ചിട്ടുണ്ട്.

അനുവദിച്ചതിൽ കൂടുതലായുള്ള പോലീസുകാരെ പ്രതിപക്ഷ നേതാവ് അടക്കം മടക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും ഈ നിർദേശം നൽകി. അതിനാലാണു മുഖ്യമന്ത്രിക്കും സുരക്ഷയ്ക്ക് അനുവദിച്ച അംഗസംഖ്യ മാത്രം മതിയെന്നു നിർദേശിച്ചതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.

തിരുവനന്തപുരത്ത് എഡിജിപിയുടെ ഡ്രൈവർ ആക്രമിക്കപ്പെട്ട സംഭവവും കോട്ടയത്ത് കെവിൻ എന്ന യുവാവ് കൊല്ലപ്പെട്ട ദിവസം മുഖ്യമന്ത്രിക്ക് നൽകിയ പോലീസ് സുരക്ഷ കാരണം അന്വേഷണം വൈകിപ്പിച്ച സംഭവവുമെല്ലാം വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സെഡ് പ്ലസ് സുരക്ഷയ്ക്ക് 40 പേർ

മുഖ്യമന്ത്രി പിണറായി വിജയനു കേരള പോലീസ് നൽകുന്നതു സെഡ് പ്ലസ് സുരക്ഷ. സായുധസേനാംഗങ്ങൾ ഉൾപ്പെടെ നാൽപതിലേറെ പേരടങ്ങുന്ന സംഘത്തിന്റെ സുരക്ഷാ കവചമാണിത്. ഇതിനപ്പുറമുള്ള പോലീസ് കാവൽ ആണ് ഒഴിവാക്കുന്നത്. ഔദ്യോഗിക വസതിയിൽ മൂന്നു ഷിഫ്റ്റുകളിലായി 12 പോലീസ് ഉദ്യോഗസ്ഥർ. ആയുധധാരികളായ രണ്ട് അംഗരക്ഷകർ സദാസമയവും ഒപ്പം. ഒരാൾ യൂണിഫോമിലും രണ്ടാമൻ സാധാരണ വേഷത്തിലും.

ഒരാളുടെ പക്കൽ ഓട്ടമാറ്റിക് ആയുധവും രണ്ടാമന്റെ കയ്യിൽ താരതമ്യേന ചെറിയ ആയുധവും. അകമ്പടിയായി മൂന്നു ഷിഫ്റ്റിലായി 12 പോലീസുകാർ. പൈലറ്റ് വാഹനത്തിൽ ഒൻപതു പൊലീസുകാർ. പുറമേ റിങ് റൗണ്ട് സുരക്ഷയ്ക്കായി സഫാരി സ്യൂട്ടിൽ കൈത്തോക്കുമായി നാലു കമാൻഡോകൾ. യൂണിഫോമിലുള്ള പോലീസ് സംഘം ഔദ്യോഗിക വസതിയിലും ഓഫിസിലും പഴുതടച്ച സുരക്ഷ ഒരുക്കുന്നു. സുരക്ഷാ നിരീക്ഷണത്തിനായി പകൽ രണ്ട് ഓഫിസർമാരും രാത്രി ഒരു ഓഫിസറും ഒപ്പം. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button