Kerala

ആദിവാസി യുവാവിന്റെ മൃതദേഹം പിടിച്ചു വെച്ച് ആശുപത്രിയുടെ ക്രൂരത: ഐ സി യുവിൽ കയറ്റി ഛർദ്ദിയും കോരിച്ചു

അഗളി: അട്ടപ്പാടിയില്‍ നിന്ന് കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്‌ക്കെത്തിയ ആദിവാസി മധ്യവയസ്‌കന്റെ മൃതദേഹം വിട്ടുകൊടുക്കാതെ അധികൃതരുടെ ക്രൂരത. മൃതദേഹം വിട്ടു കൊടുക്കാതെ ബന്ധുവിന്റെ സഞ്ചിയും മറ്റും പിടിച്ചു വെച്ച് ബന്ധുവിനെ ഇവർ പുറത്താക്കിയതായാണ് പരാതി. ബാഗും മറ്റും ആശുപത്രിയില്‍ അകപ്പെട്ടതോടെ 40 കിലോമീറ്റര്‍ നടന്നാണ് ഇയാള്‍ അട്ടപ്പാടിയില്‍ എത്തിയത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിനെതിരെ ബന്ധു പരാതി നൽകിയതോടെയാണ്‌ സംഭവം പുറം ലോകം അറിയുന്നത്.

വെങ്കക്കടവ് ഊരിലെ കുഞ്ഞിരാമനാണ് (55) മരിച്ചത്. കഴിഞ്ഞ 23 ന് രാത്രിയാണ് കുഞ്ഞിരാമനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി രാത്രിതന്നെ കൊയമ്പത്തൂരിലേക്ക് ബന്ധുവായ മണിക്കുട്ടിക്കൊപ്പം അയച്ചു. ഹൃദയസംബന്ധമായ അസുഖമായതിനാല്‍ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിട്ടു. ഇതിനിടെ കുഞ്ഞിരാമന്‍ ഛര്‍ദിച്ചു. മണിക്കുട്ടിയോട് ഇത് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. അതിനായി ഐസിയുവില്‍ പ്രവേശിപ്പിച്ച ബന്ധുവിന്റെ പണം അടങ്ങുന്ന സഞ്ചി അവിടെ അകപ്പെട്ടു.

രോഗിയെക്കുറിച്ചു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. 24 ന് രാത്രിയില്‍ കുഞ്ഞിരാമന്‍ മരിച്ചതായി അറിയിപ്പു വന്നെങ്കിലും മൃതദേഹം കാണിക്കാന്‍ തയാറായില്ല. രോഗി മരിച്ചതിനാല്‍ ഇവിടെ നില്‍കേണ്ടതില്ലെന്നും മൃതദേഹം അട്ടപ്പാടിയില്‍ എത്തിക്കുമെന്ന് പറയുകയും ചെയ്തു. ഐസിയുവില്‍ അകപ്പെട്ട സഞ്ചി ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാര്‍ മണിക്കുട്ടിയെ കഴുത്തിന് പിടിച്ച്‌ പുറത്താക്കി.

തുടർന്ന് രണ്ട് ദിവസം ആശുപത്രിയുടെ പരിസരത്ത് ചുറ്റിത്തിരിഞ്ഞതിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ അട്ടപ്പാടി ഷോളയൂരിലെ ബന്ധുവീട്ടിലേക്ക് നടന്ന് ചെന്ന് സംഭവം വ്യക്തമാക്കി. സംഭവം വിവാദമായതോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button