
കൊച്ചി: ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിട്ടില്ലെന്ന വാദം പൊളിയുന്നു. നടി പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടന്ന് ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളില്‍ ഒരാളാണ് ഇടവേള ബാബു.
അതേസമയം, താന്‍ ആരുടേയും അവസരങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തില്‍ ഒരു പരാതി ലഭിച്ചിരുന്നുവെങ്കില്‍ ‘അമ്മ’ വിശദീകരണം തേടണമായിരുന്നുവെന്നും ദിലീപ് നേരത്തെ പ്രതികരിച്ചിരുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നു. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി ദിലീപിനോട് പറഞ്ഞപ്പോള്‍, ആവശ്യമില്ലാത്ത കാര്യത്തില്‍ എന്തിനാണ് തലയിടുന്നതെന്ന് ദിലീപ് ചോദിച്ചുവെന്നും ഇടവേള ബാബു മൊഴിയില്‍ പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്.
ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു താര സംഘടന നേരത്തെ പറഞ്ഞത്. ഇടവേള ബാബുവിന്റെ മൊഴിയോടെ ഈ വാദം പൊളിയുകയാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജി വച്ചിരുന്നു.
Post Your Comments