ആലപ്പുഴ : കോടികളുടെ സ്വത്തിനുടമയായ യുവതിയുടെ തിരോധാനത്തെപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉയരുന്നു. കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനു(44) വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുന്നതിനിടെ സംഭവത്തില്‍ ദുരൂഹതയേറ്റി യുവാവിന്റെ മരണം. പള്ളിപ്പുറം തൈകൂട്ടത്തില്‍ മനോജാണു(46) ജീവനൊടുക്കിയത്. കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ വരുന്നതിനു മുന്‍പു ബിന്ദു സ്ഥിരമായി വിളിച്ചിരുന്ന ഓട്ടോക്കാരനായിരുന്നു മനോജ്. ഇയാളെ ചോദ്യം ചെയ്യലിന് ഇന്ന് പൊലീസ് വിളിപ്പിച്ചിരുന്നു. അതിനിടെയാണു വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ആലുങ്കല്‍ ജംക്ഷനു സമീപം പത്മനിവാസില്‍ പി. പ്രവീണ്‍കുമാറാണു സഹോദരി ബിന്ദുവിനെ കാണാതായതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിനു പരാതി നല്‍കിയത്. പഠിക്കാനെന്ന പേരില്‍ ബെംഗളൂരുവിലേക്കുപോയ ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം ബന്ധുക്കള്‍ക്കു പോലുമില്ല. ഇവരെ എന്നുമുതല്‍ കാണാതായി എന്നതിനു പോലും വ്യക്തതയില്ലാത്ത പശ്ചാത്തലത്തിലാണ് പൊലീസ് അന്വഷണത്തിന് ഇറങ്ങിയിരിക്കുന്നത്.
വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായാണ് സഹോദരന്റെ പരാതിയിലുള്ളത്. എന്നാല്‍ പരാതി നല്‍കിയ ഇദ്ദേഹം വിദേശത്താണെന്നതിനാല്‍ ആദ്യം അന്വേഷണത്തിനു വേണ്ടത്ര മുന്നേറ്റമുണ്ടായില്ല. പരാതി ലഭിച്ചിട്ടും പതിവു കാണാതാകല്‍ കേസുകളിലൊന്നായി മാറ്റിവച്ചിരുന്ന കേസ് മാധ്യമങ്ങളും മറ്റും ഏറ്റു പിടിച്ചതോടെയാണ് പൊലീസ് അന്വേഷിക്കാനിറങ്ങിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ പത്മനാഭപിള്ളയുടെ പേരിലുള്ള കുടുംബ പെന്‍ഷന്‍ അവിവാഹിതയായ ബിന്ദുവിന് അര്‍ഹതപ്പെട്ടതായിരുന്നു. അഞ്ചു വര്‍ഷം മുമ്പു വരെ അവരതു കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവര്‍ ഇതു കൈപ്പറ്റിയിട്ടില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
പിതാവിന്റെ മരണ സമയത്താണത്രെ ബിന്ദു അവസാനമായി നാട്ടിലെത്തുന്നത്. ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്നതിനാലും സഹോദരന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാലുമാകണം ഇവര്‍ പള്ളിപ്പുറം സ്വദേശിയെ ബ്രോക്കറാക്കി ഇടപ്പള്ളിയിലെ വസ്തു വില്‍ക്കാന്‍ ശ്രമിച്ചത്. ആദ്യ ഘട്ടത്തില്‍ വില്‍പന നടക്കാതിരുന്നതിനാല്‍ മുക്ത്യാര്‍ നല്‍കിയ ശേഷം ബിന്ദു തിരിച്ചു പോയെന്ന നിലപാടിലായിരുന്നു പള്ളിപ്പുറം സ്വദേശി.
എന്നാല്‍ മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്തത് വ്യാജമാണെന്നു വ്യക്തമായതോടെ പൊലീസ് ബിന്ദുവിനായുള്ള അന്വേഷണം തുടങ്ങി. ബിന്ദുവിന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്ത് ഇടപ്പള്ളിയിലെ ഭൂമി വില്‍പന നടത്തിയെന്നാണ് ഇപ്പോള്‍ നിലവിലുള്ള കേസ്. പലതവണ പൊലീസ് ബ്രോക്കറെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുറപ്പാക്കാന്‍ പോലും പൊലീസിനായിട്ടില്ല എന്നതാണ് വസ്തുത.
അതേസമയം, കോടികള്‍ വിലയുള്ള വസ്തുക്കള്‍ വ്യാജ മുക്ത്യാര്‍ ചമച്ചു തട്ടിയെടുത്തതായി ഇതില്‍ വ്യാജ ഒപ്പുവച്ച സ്ത്രീ കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടത്രെ. പള്ളിപ്പുറം സ്വദേശിയുടെ നിര്‍ദേശപ്രകാരം ആള്‍മാറാട്ടം നടത്തി ബിന്ദുവാണെന്ന വ്യാജേന ഒപ്പു വച്ചതായാണ് കുറുപ്പംകുളങ്ങര സ്വദേശിനി സിഐക്കു നല്‍കിയ മൊഴിയിലുള്ളത്.
Post Your Comments