ജയ്പൂര്‍: ജോലിയ്ക്ക് എങ്ങിനെ വരണമെന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള രാജസാഥാന്‍ തൊഴില്‍ വകുപ്പിന്റെ നിബന്ധന വിവാദമാകുന്നു. ജീന്‍സും ടീ ഷര്‍ട്ടും മാന്യമായ വസ്ത്രമല്ലെന്നും അവ ധരിച്ച് ഓഫീസിലെത്തരുതെന്നുമുള്ള രാജസ്ഥാന്‍ തൊഴില്‍ വകുപ്പിന്റെ തിട്ടൂരം വിവാദമാകുന്നു. വകുപ്പിന്റെ മാന്യത പാലിക്കാന്‍ ജോലി സമയത്ത് എല്ലാവരും പാന്റ്‌സ്, ഷര്‍ട്ട് എന്നിവ മാത്രം ധരിക്കണമെന്നും എല്ലാ ജീവനക്കാര്‍ക്കും നല്‍കിയ ഉത്തരവില്‍ തൊഴില്‍ വകുപ്പ് വ്യക്തമാക്കി.
അതേസമയം, സര്‍ക്കുലറിനെതിരെ രംഗത്ത് വന്ന തൊഴിലാളി യൂണിയനുകള്‍ വകുപ്പിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനാവില്ലെന്ന നിലപാടിലാണ്. എങ്ങനെയാണ് ടീ ഷര്‍ട്ടും ജീന്‍സും മാന്യമല്ലാതാകുന്നതെന്നാണ് യൂണിയനുകളുടെ ചോദ്യം. ഇത്തരത്തിലുള്ള ഒരു നിയമവും സര്‍വീസ് ചട്ടങ്ങളില്‍ പറഞ്ഞിട്ടില്ല. സര്‍ക്കുലറിനെ ജനാധിപത്യ രീതിയില്‍ എതിര്‍ക്കുമെന്നും തൊഴിലാളി സംഘടനകള്‍ പ്രതികരിച്ചു.
എന്നാല്‍ ഓഫീസുകളിലെ അച്ചടക്കം പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ചട്ടങ്ങളെന്നും നേരത്തെയും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് സര്‍ക്കുലറിനെ ന്യായീകരിക്കാനാണ് തൊഴില്‍ വകുപ്പിന്റെ ശ്രമം. നേരത്തെ സമാനമായ ഉത്തരവ് രാജസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കിടയിലും വിതരണം ചെയ്തിരുന്നു. ഇറുകിയ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി സല്‍വാര്‍ – ഖമീസ് പോലുള്ള വസ്ത്രം ഉപയോഗിക്കണമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
Post Your Comments