തിരുവനന്തപുരം•സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയിലാണ് തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. രണ്ട് വാഹനങ്ങളിലായി വന്ന മത്സ്യങ്ങളാണിവ. 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്.
സംശയം തോന്നിയ 15 മത്സ്യ ലോറികളാണ് പരിശോധിച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചു.
അതേസമയം സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് കൂട്ടിയിട്ടുണ്ട്. ഇന്നുച്ചയ്ക്ക് 12 മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് യോഗം നടക്കുന്നത്.
ഇതുവരെ 21,600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് പിടികൂടിയത്. മുമ്പ് നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. പാലക്കാട് വാളയാറില്‍ നിന്നും നേരത്തെ പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
വിദഗ്ധ ലാബ് പരിശോധനയില്‍ ഈ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സ്ഥീരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിന് 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണ്. ആന്ധ്രാ പ്രദേശില്‍ നിന്നും അരൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്കാണ് ചെമ്മീന്‍ കൊണ്ടുവന്നത്.
Post Your Comments