India

ജാര്‍ഖണ്ഡില്‍ ആക്ടിവിസ്റ്റുകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരിൽ പുരോഹിതനും

റാഞ്ചി: മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ച അഞ്ചു വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതനടക്കം രണ്ടു പേരെ കൂടി ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരിൽ ആര്‍.സി.മിഷന്‍ സ്‌കൂളില്‍ നിന്നുള്ള ഫാ. അല്‍ഫാന്‍സോ എയ്‌നും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇയാള്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്നും പൊലീസ് പറയുന്നു. ആര്‍.സി. മിഷന്‍ സ്‌കൂളില്‍ നിന്നാണ് ആക്ടിവിസ്റ്റുകളെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്.

അറസ്റ്റിലായ അജുബ് സാന്തി, ആശിഷ് ലോംഗോ എന്നിവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആക്ടിവിസ്റ്റുകളെ ബലാത്സംഗം ചെയ്‌തെന്നും, ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഇത്രയും ക്രൂരമായ കുറ്റകൃത്യം മൂടിവച്ച ഫാ.അല്‍ഫാന്‍സോയ്ക്ക് അക്രമിസംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. വിമത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരും, പഥാല്‍ഗഡി പിന്തുണക്കാരുമാണ് കുറ്റം സമ്മതിച്ച രണ്ടുപേര്‍ എന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.കെ. മല്ലിക്ക് പറയുന്നു.

അറസ്റ്റിലുള്ള മൂന്നു പേരെയും കോടതിയി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പഥാല്‍ഗഡി നിയമങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ആക്ടിവിസ്റ്റുകളെ ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പഥാല്‍ഗഡി നേതാവായ ജോണ്‍ ജൊനാഷ് തിഡു നടത്തിയ ഗൂഢാലോചനയിലാണ് പുറത്തുനിന്നുള്ളവര്‍ക്ക് ഗ്രാമത്തില്‍ വിലക്കുണ്ടായിട്ടും ഉള്ളില്‍ പ്രവേശിച്ച വനിതാ ആക്ടിവിസ്റ്റുകള്‍ക്കു നേരെ പ്രതികാര നടപടി കൈക്കൊള്ളാന്‍ തീരുമാനമെടുത്തത് എന്നും പൊലീസ് പറയുന്നു.

മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം അവതരിപ്പിക്കാന്‍ ഗ്രാമത്തിലെത്തിയതായിരുന്നു ആശാ കിരണ്‍ എന്ന എന്‍.ജി.ഓയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ ആക്ടിവിസ്റ്റുകള്‍. അഞ്ചു പേരും ഇപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണുള്ളത്. ജാര്‍ഖണ്ഡില്‍ ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംവിധാനമാണ് പഥാല്‍ഗഡി. തങ്ങളുടെ ഗ്രാമസഭയെ പരമാധികാര സമിതിയായി കാണുന്ന ഇവര്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നില്ല.

പുറത്തു നിന്നുള്ളവരെ സ്വന്തം ഗ്രാമങ്ങളിലേക്ക് പ്രവേശിപ്പിക്കാത്ത പഥാല്‍ഗഡി വിഭാഗക്കാര്‍ ഖുന്തി, സിംദേഗ, ഗുംല, വെസ്റ്റ്സിംഗ്ഭും എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശകരെ വിലക്കിക്കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button