അയര്‍ക്കുന്നം: ക്രൊയേഷ്യയുമായുള്ള മത്സരത്തില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് കുറിപ്പെഴുതിവെച്ച് കാണാതായ ഡിനു എന്ന യുവാവ് അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകന്‍. ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന്’ എഴുതിവച്ചശേഷമാണ് ഡിനു വീടുവിട്ടിറങ്ങിയത്. മത്സരം കാണുമ്പോള്‍ അര്‍ജന്റീനയുടെ ജെഴ്‌സിയാണ് ഡിനു ധരിച്ചിരുന്നത്.
അര്‍ജന്റീനയുടെ പരാജയം മനസിലാക്കിയ ഡിനു ജെഴ്സിയും ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമാണ് വീട് വിട്ടത്. കാണാതായ വിവരം അറിഞ്ഞ് വിളിച്ചപ്പോള്‍ മുതല്‍ ഡിനുവിവിന്റെ ഫോണ്‍ സ്വിച്ച്ഡ്ഓഫാണ്. പരിഹാസം ഭയന്നാണ് ഫോണ്‍ ഓഫ് ചെയ്തതെന്നായിരുന്നു സുഹൃത്തുക്കള്‍ കരുതിയത്.
read also: ക്രോയേഷ്യയുടെ മിശ്ശിഹ ചിരിക്കട്ടെ; അര്‍ജന്റീനയെ നിശബ്ദരാക്കി യുറോപ്യന്‍ പറവകള്‍
അര്‍ജന്റീനയുടെയും ലയണല്‍ മെസിയുടെയും കടുത്ത ആരാധകനാണ് ഡിനു. മത്സരത്തില്‍ മെസി ഗോളടിച്ച് ടീമിനെ ജയിപ്പിക്കുമെന്ന് പറഞ്ഞാണ് ഡിനു കോട്ടയത്തെ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയത്. വീട്ടിലേക്ക് മടങ്ങുന്ന വഴി അര്‍ജന്റീനയുടെ ഒരു ജെഴ്‌സിയും വാങ്ങി. പോലീസ് നടത്തിയ പരിശോധനയില്‍ മെസിയുടെ ചിത്രമുള്ള മൊെബെല്‍ ഫോണ്‍ കവറും ജെഴ്സിയും ഡിനുവിന്റെ മുറിയില്‍നിന്നു കണ്ടെത്തുകയുംചെയ്തു. അര്‍ജന്റീന തോറ്റാല്‍ പിന്നെ പുറത്തിറങ്ങേണ്ടിവരില്ലെന്നു ഡിനു വീട്ടുകാരോടു പറഞ്ഞിരുന്നു.
മാതാപിതാക്കളായ ചിന്നമ്മയ്ക്കും അലക്‌സാണ്ടറിനും ഒപ്പമിരുന്നാണ് ഡിനു വൈകുന്നേരം ടിവി കണ്ടത്. അര്‍ജന്റീനയുടെ മത്സരം ആരംഭിക്കുമ്പോഴേക്കും മാതാപിതാക്കള്‍ ഉറങ്ങാന്‍ കിടന്നിരുന്നു. പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേറ്റ ചിന്നമ്മ മുറിയില്‍ വെളിച്ചം കണ്ടു നോക്കിയപ്പോള്‍ ഡിനുവിന്റെ കണ്ടില്ല. അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ട ചിന്നമ്മ അലക്സാണ്ടറെ വിളിച്ചുണര്‍ത്തി. കള്ളന്‍ കയറിയെന്നായിരുന്നു ആദ്യം സംശയം. പിന്നീട് ഡിനുവിന്റെ മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇപ്പോഴും ഡിനുവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
Post Your Comments