Devotional

ശിവ ക്ഷേത്രങ്ങളില്‍ കാണുന്ന നന്ദികേശന്റെ പ്രാധാന്യം

ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ ക്ഷേത്രാങ്കണത്തിൽ കൊടിമരച്ചുവട്ടിൽ നന്ദികേശൻ കിടക്കുന്നതു കാണാറുണ്ട്‌. പരമേശ്വരന്റെ അംശമാണ് നന്ദി ദേവൻ. ആ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാൽ നന്ദി എന്നു പേര് വന്നു. സദാശിലയായി നിലകൊള്ളുന്നതിനാൽ നിലയായി ഇരിക്കൽ എന്നും നന്ദിയ്ക്ക് വ്യാഖ്യാനമുണ്ട്.

സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശൻ. അഹോരാത്രം ശിവനേ! എന്ന് ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്. ദൃഢമായി മുഴച്ചു നില്ക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും, തടിച്ചുകൊഴുത്ത പിൻഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും,തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകൾക്കിടയിലൂടെ നോക്കിയാൽ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ – ശിവലിംഗത്തെ കാണാം. കാതോർത്തു കിടക്കുന്ന ആ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങൾ പറയാം ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങൾ നിമിഷങ്ങൾക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്ദി ശിലകളുണ്ട്. അവയിൽ പ്രധാനം ഇന്ദ്ര നന്ദി, ബ്രഹ്മ നന്ദി, ആത്മ നന്ദി, ധർമ്മ നന്ദി എന്നിവയാണ്. ഇന്ദ്ര നന്ദി ഭോഗവാനാണ്. ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലിൽ നോക്കിയാണ് ഇന്ദ്ര നന്ദിയുടെ കിടപ്പ്. ബ്രഹ്മ നന്ദി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്ദി എന്നും ഇതിന് പേരുണ്ട്. ഇത് നിർമ്മിയ്ക്കുന്നത് ചുണ്ണാമ്പ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്ദിയെ കാണാം. കൊടിമരത്തിന്റെ ചുവട്ടിൽ കാണുന്ന നന്ദിയാണ് ആത്മ നന്ദി. പ്രദോഷ കാലത്ത് നന്ദിക്ക് പൂജ ചെയ്താൽ സർവ്വ ഐശ്വര്യങ്ങളും പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുന്നതാണ്. പരമശിവന്റെ അരികിലായി മഹാമണ്ഡപത്തിൽ തന്നെ നിലകൊള്ളുന്ന ചെറിയ രൂപമാണ് ധർമ്മ നന്ദിയുടേത്.

പ്രളയത്തിൽ എല്ലാം നശിച്ച്, എല്ലാം പരമശിവനിൽ ഒടുങ്ങുന്ന സമയത്ത് ധർമ്മം നില നിർത്താൻ പരമശിവനു സഹായഹസ്തവുമായി അരികിൽ തന്നെ ധർമ്മ നന്ദി കാത്തു കിടക്കുന്നു. ഇതു കൂടാതെ ദേശ കാലങ്ങൾക്കനുസൃതമായി ഗോപുരവാതിൽക്കൽ വടക്കുനോക്കി ശയിക്കുന്ന അധികാര നന്ദി, ഗർഭഗൃഹത്തിനു പിൻവശം കാണുന്ന വൃഷഭഗണപതി എന്നീ നന്ദികേശന്മാരും നമുക്ക് അനുഗ്രഹം നൽകുവാനായി കാത്തു കിടക്കുന്ന ദേവന്മാരാണ്. കൊടിമരച്ചുവട്ടിലെ ഈ ഉഗ്രപ്രതാപിയായ ദൈവം മനുഷ്യനു മാത്രമല്ല ശിവാലയങ്ങൾക്കും സംരക്ഷകനാണ്. ആബാലവൃദ്ധം ജനങ്ങൾക്കും ഏതു സമയത്തും ആ ഉയർന്നു വിടർന്നു നിൽക്കുന്ന കർണങ്ങളിൽ സങ്കടമുണർത്തിക്കാം. വായയുടെ ഒരു പകുതിയും നന്ദിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച് കാറ്റിൽ പോലും അലിഞ്ഞു പോകാതെ വിഷമങ്ങൾ സ്വകാര്യമായി പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button