
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ മോദി കെയർ എന്ന ആയുഷ്മാൻ ഭാരതിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു കൊണ്ട് പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഐ എം എ ഭാരവാഹികൾ അറിയിച്ചു.
ആയുഷ്മാൻ ഭാരതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ആണ് ഐ എം എ ഭാരവാഹികൾ തങ്ങളുടെ സന്നദ്ധത അറിയിച്ചത്. പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയാണ്. അൻപത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വഹിക്കുന്ന ആയുഷ്മാൻ ഭാരത് പൂർണമായും ഇൻഷുറൻസ് പദ്ധതിയായിരിക്കും.
സർക്കാർ ആശുപത്രികൾക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും. നീതി ആയോഗും കേന്ദ്ര ആരോഗ്യമന്ത്രാലയവും സംയുക്തമായാകും പദ്ധതി നടപ്പിലാക്കുക. സര്‍ക്കാരും സ്വകാര്യ ആരോഗ്യ സുരക്ഷാ ഏജന്‍സികളും ഐഎംഎ പോലുള്ള സംഘടനകളുമൊക്കെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകുവെന്നു ആയുഷ്മാന്‍ ഭാരത് സിഇഒ ഇന്ദു ഭൂഷണ് പറഞ്ഞു.
Post Your Comments