പുനലൂര്‍: പിറവന്തൂര്‍ വെട്ടിത്തിട്ട സ്വദേശിയും പ്ലസ്‌ടു വിദ്യാര്‍ഥിനിയുമായ പതിനാറുകാരിയുടെ മരണം കൊലപാതകമാണെന്നു ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുനിലി(40)നെ പോക്‌സോ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തു.കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സിനി ഡെന്നിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെ കഴിഞ്ഞ വര്‍ഷം ജൂലൈ 29 നു പുലര്‍ച്ചെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്ന് ആദ്യം മുതല്‍ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍, കൊലപാതക സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാല്‍ വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗംചെയ്‌തശേഷം കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമരരംഗത്തെത്തിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തത്. ആത്മഹത്യയെന്നു പോലീസ് എഴുതിത്തള്ളിയ കേസാണ് ഇപ്പോൾ കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
റിൻസിയുടെ മരണം സംബന്ധിച്ച് ആദ്യം മുതലേ പലവിധ സംശയങ്ങളുമുയർന്നിരുന്നു. കിടപ്പുമുറിയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നുകിടന്നിരുന്ന നിലയിൽ കണ്ടതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് പ്രധാന കാരണം. എന്നാൽ ദുരൂഹ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യയാണെന്ന നിഗമനത്തിലാണെത്തിയത്.
റിൻസിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന തരത്തിൽ ശരീരത്തിൽ യാതൊരു പാടുകളുമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജനും മരണം ആത്മഹത്യയാണെന്നാണ് റിപ്പോർട്ട് നൽകിയത്.എന്നാൽ പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ആണ് ഈ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.
Post Your Comments