ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിലെ കൊല്ലം ജില്ലയിലാണ് ഭാരതത്തിലെ ഒരേയൊരു ദ്വൈതക്ഷേത്രമായ കൽത്തിരി കോവിൽ അഥവാ കോട്ടുകാൽ ക്ഷേത്രം! കോല്ലംജില്ലയിലെ പ്രകൃതിരമണീയമായ ചടയമംഗലം പഞ്ചായത്തിലെ കോട്ടുകാലിലാണ് അത്യപൂർവ്വമായ ഈ ഗുഹാക്ഷേത്രം. വയവേലകൾ പഞ്ചാമരം വീശുന്ന ഗുഹയിലെ അറയിൽ സംഹാരമൂർത്തിയായ മഹാദേവൻ ഭൂതഗണസേവിതനായി വാഴുന്നു.
ക്ഷേത്രവും ഐതീഹ്യവും
കിഴക്ക് ദർശനമായുള്ള രണ്ട് ഗുഹാക്ഷേത്രങ്ങളാണിവിടെയുള്ളത്. കല്ലിൽ കൊത്തുപണി നടത്തി നിർമ്മിച്ചെടുത്തതാണ് ഈ ക്ഷേത്രം! രണ്ട് ഗുഹകളുടെയും രൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും അളവിലും ഘടനയിലുമെല്ലാം തുല്യമായാണ് നിർമ്മിച്ചിരിക്കുന്നത്. പരമശിവനും, മഹാഗണപതിയും, നന്തികേശനും,ഹനുമാനും ഒരേ സ്ഥലത്ത് പ്രതിഷ്ഠയുള്ള അപൂർവ്വ ക്ഷേത്രമാണിത്. ഹസ്തിരൂപത്തിലുള്ള ഗുഹയുടെ സ്ഥാനത്ത് വളരെ പണ്ട് ചുമ്മാട്പാറ എന്ന പാറയായിരുന്നത്രേ. എന്നാൽ പരമശിവന്റെ ഭൂതഗണങ്ങളിൽ പ്രധാനിയായ നന്തികേശനും പരിവാരങ്ങളും വലിയൊരു പാറ ചുമന്ന് കൊണ്ട് ഈ വഴി വരികയും ക്ഷീണം തോന്നിയപ്പോൾ താങ്ങിയിരുന്ന വലിയ പാറക്കല്ല് ചുമ്മാട് പാറയിൽ ചാരിവെച്ച് വിശ്രമിക്കുകയും പാറകൾ ഒന്നിച്ചു ചേരുകയും ചെയ്തു എന്നു വിശ്വസിക്കുന്നു.
പിന്നീട് ലിംഗപ്രതിഷ്ഠ നടത്തി മഹാദേവനെ പൂജിക്കുകയും ചെയ്തു. പല്ലവരാജഭരണകാലത്താണ് ഈ ഗുഹാക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് ചരിത്രം പറയുന്നു. മഹാബലിപുരം, അജന്ത, എല്ലോറ, തുടങ്ങിയ ഗുഹാക്ഷേത്രങ്ങളും പല്ലവഭരണകാലത്താണ് നിർമ്മിക്കപ്പെട്ടത്. മൂന്ന് പുരുഷായുസ്സ് മുഴുവൻ ഹോമിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തി യാക്കിയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. പല്ലവരാജാക്കൻമാർ കേരളത്തിൽ ഭരണം നടത്തിയല്ലെങ്കിലും തമിഴ്സ്വാധീനം വളരെയേറെയുണ്ടായിരുന്ന നാടാണ് കൊല്ലം. അടുത്തു കിടക്കുന്ന ചെങ്കോട്ടവഴി വനാന്തരങ്ങളിലൂടെ തമിഴ്നാട്ടുകാർ കച്ചവടത്തിനും മറ്റുമായി നിരന്തരം വന്നു പോയിരുന്നു. അങ്ങനെ വന്നവരുടെയൊപ്പം ശില്പികളും എത്തിയിരിയിക്കാം എന്ന അനുമാനത്തിൽ നിന്നാണ് ഗുഹാക്ഷേത്രനിർമ്മാണം പല്ലവകാലത്തായിരുന്നു എന്ന് സമർത്ഥിക്കുന്നത്. കോട്ടുകാലനിടുത്ത് തമിഴ്ശൈലിയുള്ള നിരവധി “പീടിക (കട)ക്ഷേത്രങ്ങളുള്ളതും തമിഴ്സ്വാധീനത്തെ സൂചിപ്പിക്കുന്നു.
ദ്വൈതക്ഷേത്രവും പ്രത്യേകതകളും
നിരവധി ഗുഹാക്ഷേത്രങ്ങൾ കൊണ്ടു സമ്പന്നമാണ് നമ്മുടെ നാടെങ്കിലും കോട്ടുകാൽ ഗുഹാക്ഷേത്രം അതിൽ നിന്നെല്ലാം വേറിട്ടു നില്ക്കുന്നു.പരമശിവൻ പ്രധാന പ്രതിഷ്ഠയായുള്ള ഇവിടെ രണ്ട് ഗുഹാക്ഷേത്രങ്ങളാണുള്ളത്.രണ്ടു ഗുഹകൾക്കിടയിൽ മഹാഗണപതി കാവലായിരിക്കുന്നു.””പരമശിവനും മഹാഗണപതിയും,നന്തികേശനും ഒരേ ക്ഷേത്രത്തിൽ പ്രതിഷ്ഠയുണ്ടെങ്കിൽ ആ ക്ഷേത്രം പൂർണ്ണക്ഷേത്രം എന്നറിയപ്പെടുന്നു.കോട്ടുകാൽ ക്ഷേത്രത്തിലെ രണ്ട് അറയിലും മൂവരെയും പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ഇത് ദ്വൈതക്ഷേത്രമായി അറിയപ്പെടുന്നു.സാധാരണ പൂർണ്ണക്ഷേത്രങ്ങളിൽ മൂവരുടെയും പ്രതിഷ്ഠകൾ ഒരിടത്ത് മാത്രമാകുമ്പോൾ ഇവിടെ രണ്ടായി ദ്വൈതക്ഷേത്രമായി പരിണമിച്ചു.””പല്ലവകാലഘട്ടത്തിലെ ക്ഷേത്രങ്ങളിലെല്ലാം ആഞ്ജനേയസ്വാമി ഒഴിച്ചുകൂടാനാവാത്ത ആരാധനാമൂർത്തിയായിരുന്നു.കോട്ടുകാലിലും മഹാദേവന് കാവലായി ആഞ്ജനേയപ്രതിഷ്ഠയുണ്ട്.പരമശിവൻ ശ്രീപാർവതിയെ കാണാനെത്തിയപ്പോൾ കാവലായി ഗണേശനെ ഏർപ്പെടുത്തി.എന്നാൽ ഇടയ്ക്ക് എന്തിനോ പുറത്തു പോകേണ്ടി വന്ന ഗണപതി ,ആഞ്ജനേയനെ കാവൽ നിർത്തിയെന്നും അതിന്റെ സ്മരണാർത്ഥമാണ് ആഞ്ജനേയപ്രതിഷ്ഠയെന്നും മറ്റൊരു കഥ കൂടിയുണ്ട്.
കോട്ടുകാലും ചടയമംഗലവും
“ജടയൻ”അഥവാ പരമശിവൻ”വാമൊഴിയിലൂടെ “ചടയൻ”ആയതാണെന്നും അതു കൊണ്ടാണ് ഈ ദേശത്തിന് ചടയമംഗലം എന്ന പേരു വന്നതെന്നൊരു കഥ.ദളിത് രാജാവായ “നെരുംചടയൻ”വാണ ദേശമായതു കൊണ്ടാണ് ഈ പേര് വന്നതെന്നു മറ്റൊരു കഥ!ചടയമംഗലം താലൂക്കിലെ നാട്ടുവ പഞ്ചായത്തിലെ നാലാം വാർഡാണ് കോട്ടുകാൽ.കല്ലിൽ കൊത്തിയ ക്ഷേത്രമെന്നും,പാറേലമ്പലമെന്നും,കൽത്തിരി ക്ഷേത്രമെന്നുമൊക്കെയറിയപ്പെടുന്ന ഈ ക്ഷേത്രവും ഇവിടുത്തെ ഒരിക്കലു വറ്റാത്ത കിണറുമൊക്കെ നിന്ന് 5 കിആശ്ചര്യമുളവാക്കുന്നവയാണ്.കൊല്ലം ജില്ലയിലെ ആയൂർ ൽ നിന്ന് 5 കിലോമീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ കോട്ടുകാൽ ക്ഷേത്രത്തിലെത്താം! എ ഡി 6മാണ്ടിനും 8 മാണ്ടിനും ഇടയിൽ പൂർത്തിയായ ഈ ക്ഷേത്രത്തിന്റെ മണ്ഡപം പിന്നീട് കൂട്ടിച്ചേർത്തതാണ്.കേരളസംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കോട്ടുകാൽ ക്ഷേത്രത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് ദേവസ്വം ബോർഡാണ്.
ശിവാനി ശേഖർ
Post Your Comments