പത്തനംതിട്ട: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന മരിയയയുടെ അന്വേഷണത്തില്‍ മറ്റൊരു നിർണ്ണായക വഴിത്തിരിവ്. കേസിൽ മറ്റൊരു തുമ്പും ഇതുവരെ ലഭിച്ചിരുന്നില്ല. ചെന്നൈയിലും ഗോവയിലും പൂനെയിലും കേസന്വേഷണം വ്യാപിപ്പിച്ചെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെ വീണ്ടും ജെസ്‌നയുടെ ആൺ സുഹൃത്തിലേക്ക് അന്വേഷണം നീളുകയാണ്. ജെസ്‌ന അവസാനമായി സന്ദേശമയച്ചത് ഈ ആണ്‍സുഹൃത്തിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൂടാതെ ഇയാളുമായി ആയിരത്തിലേറെ തവണ ഒരു വർഷത്തിനുള്ളിൽ സംസാരിച്ചു. എന്നാല്‍ സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും ഒന്നും തള്ളിക്കളയുന്നില്ലെന്നും പത്തനംതിട്ട എസ് പി പറഞ്ഞു. കൂടാതെ ജെസ്‌നയുടെ വീട്ടില്‍ നിന്ന് ലഭിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പത്തനംതിട്ട എസ് പി ടി നാരായണന്‍ കൂട്ടിച്ചേർത്തു.
ജസ്‌നയെകാണാതായിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്‌നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിനായിട്ടുള്ളൂ. പൂനെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജെസ്‌നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല.
Post Your Comments