ദുബായ്: ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ദുബായ് കാണാനും അറിയാനുമായി അത്ഭുതങ്ങളുടെ ഒരു പുതിയലോകം തന്നെ ഒരുക്കി അധികൃതർ. വിമാനത്താവളത്തിൽ ‘എന്റെ ദുബായ് അനുഭവം’ എന്ന പേരില്‍ വെര്‍ച്വല്‍ ദുബായ് ഇൻസ്റ്റലേഷനാണ് ഒരുക്കിയിരിക്കുന്നത്. ദുബായ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് എമിറേറ്റിനെക്കുറിച്ചറിയാനും ദുബായ് സന്ദര്‍ശിക്കാന്‍ പ്രചോദനമേകാനും വഴിയൊരുക്കുന്ന ഈ ഇന്‍സ്റ്റലേഷന്‍ മൂന്നാമത്തെ ടെർമിനലിലാണ് സ്ഥാപിച്ചിരിക്കുന്നത്.
Read Also: കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ ദുബായ് നിരത്തിലേക്ക്
ദുബായ് എയര്‍പോര്‍ട്ടും എമിറേറ്റ്‌സ് എയര്‍ലൈനുമായി സഹകരിച്ച് ദുബായ് ടൂറിസം വകുപ്പ് സ്ഥാപിച്ച ഈ സംരംഭത്തിലൂടെ ദുബായ് സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യാനുസരണമുള്ള ഓഫറുകളും ലഭ്യമാകും. പുതിയ വിസാ നിയമമനുസരിച്ച് ആദ്യ 48 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ സൗജന്യമാകുന്നതോടെ കൂടുതല്‍ പേര്‍ ദുബായ് സന്ദര്‍ശിക്കുമെന്നാണ് സൂചന. ഇതോടെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കാനും, രണ്ടുദിവസത്തെ യാത്ര കൃത്യതയോടെ പ്ലാന്‍ ചെയ്യാനും പുതിയ സംവിധാനം ഉപകരിക്കും.
360 ഡിഗ്രി ദൃശ്യാനുഭവം നല്‍കുന്ന അഞ്ച് എല്‍.ഇ.ഡി. റിങ്ങുകളാണ് ഡിജിറ്റൽ സംവിധാനത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിലോരോന്നിലും ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകളുമെല്ലാം കാണിക്കും. ഇതിന് താഴെ 55 ഇഞ്ചിന്റെ ഏഴ് ഒ.എല്‍.ഇ.ഡി. സ്‌ക്രീനുകളും, 22 ഇഞ്ചിന്റെ ഏഴു ടച്ച് സ്‌ക്രീനുകളുമുണ്ട്. ഇതിലൂടെ ആവശ്യമുള്ളത് തെരഞ്ഞെടുത്ത് കാണാൻ സാധിക്കും.
Post Your Comments