മലപ്പുറം: കേരളമെന്ന കുടുംബത്തിന്റെ അംഗങ്ങളായി മാറിയവരാണ് അന്യസംസ്ഥാന തൊഴിലാളികള്‍. വാര്‍ക്കപ്പണി മുതല്‍ തെങ്ങുകയറ്റത്തില്‍ വരെ കഴിവ് തെളിയിച്ച ഈ തൊഴിലാളികള്‍ കേരളത്തോട് ഗുഡ് ബൈ പറയുകയാണോ എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെന്താണെന്നുള്ള കാര്യം അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഗതി പുറത്ത് വരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇവരെക്കുറിച്ച് കുപ്രചരണങ്ങള്‍ കൂടുതലായതും സ്വന്തം നാട്ടില്‍ തന്നെ പുതിയ ജോലി സാധ്യതകള്‍ വര്‍ധിച്ചതുമാണ് തൊഴിലാളികളുടെ എണ്ണം കുറയാന്‍ കാരണമായത്.
സംസ്ഥാന തൊഴില്‍ വകുപ്പിന് വേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ സര്‍വേ പ്രകാരം 2013ല്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,73,676 തൊഴിലാളികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 2017 മുതലാണ് ഇവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചത്. നോട്ട് അസാധുവാക്കിയ സംഭവം ഇവരെ ഏറെ വലച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കൂടുതലായി സ്വന്തനാട്ടിലേക്ക് പോയതെന്നും ആരോപണമുണ്ട്. 54,285 പേരുള്ള എറണാകുളമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും പിന്നില്‍ വയനാടും, 6717 പേര്‍.
Post Your Comments