തൃശൂര്‍ : മനുഷ്യജീവന് ഏറ്റവും അപകടകരമായ ഫിനോള്‍ കലര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് കുടിവെളള പമ്പിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കുതിരാനില്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഫിനോള്‍ ഒഴുകി മണലി പുഴയില്‍ എത്തിയെന്നാണു സംശയം. ഇതേതുടര്‍ന്ന് പുഴയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ്ങിനു നിയന്ത്രണം ഏര്‍പ്പെടുത്തി. മേയ് 30നുണ്ടായ അപകടത്തില്‍ ഫിനോള്‍ നിറച്ച ടാങ്കര്‍, ദേശീയപാതയില്‍ ഭൂഗര്‍ഭപാതയുടെ തൃശൂര്‍ ഭാഗത്തെ കവാടത്തിനരികില്‍ മറിയുകയായിരുന്നു. എതിരെ വന്ന ട്രെയ്ലര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം. കുടിവെള്ളത്തിലും വായുവിലും കലര്‍ന്നാല്‍ ജീവഹാനിയടക്കമുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പെട്രോളിയം ഉല്‍പന്നമാണു ഫിനോള്‍.
കൊച്ചി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് ആന്‍ഡ് കെമിക്കല്‍സില്‍നിന്നു മുംബൈയിലേക്കു പോകുകയായിരുന്ന ടാങ്കറില്‍ അഞ്ചു ക്യാബിനുകളിലായി 20,000 ലിറ്റര്‍ ഫിനോളാണുണ്ടായിരുന്നത്. ഇതില്‍ 5000 ലിറ്റര്‍ ചോര്‍ന്നുവെന്നാണു കരുതുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനകം എത്തിയ അഗ്‌നിശമനസേന വലിയ കുഴിയെടുത്തു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു ഫിനോള്‍ അതിലേക്കു തിരിച്ചുവിടുകയും നീര്‍ച്ചാലിലേക്കുള്ള ഒഴുക്കു തടയുകയും ചെയ്തു. വെളുപ്പിനു കനത്ത മഴ പെയ്തതോടെ ഇതു തൊട്ടടുത്ത വെള്ളച്ചാലില്‍നിന്ന് ഒലിച്ചിറങ്ങി.
അഞ്ചു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ രാസവസ്തുവിന്റെ ഗന്ധമുണ്ടായിരുന്നു. ഇവിടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തു. മൂന്നു വാര്‍ഡുകളില്‍ കിണര്‍ വെള്ളം കുടിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി. ഇതിനു പിന്നാലെയാണിപ്പോള്‍ പുഴയിലെ പമ്പിങ് നിര്‍ത്തിയത്. 25 വര്‍ഷം മുന്‍പ് ഇതിനടുത്തു ഫിനോള്‍ ടാങ്കര്‍ മറിഞ്ഞു പീച്ചി ഡാമില്‍ 25 ടണ്‍ മത്സ്യം ചാവുകയും രണ്ടു മാസം കുടിവെള്ള പമ്പിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
Post Your Comments